- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൻസി അലോഷ്യസിന് അഭിനന്ദന പ്രവാഹം; സംസ്ഥാന അവാർഡ് നേടിയ ഒറ്റ ദിവസം കൊണ്ട് വീട്ടിൽ ഉപഹാരങ്ങൾ വെക്കാൻ ഇടമില്ലാതായി; മോണോ ആക്ട് പരിശീലനത്തിലൂടെ അഭിനയ പാഠവം തെളിഞ്ഞു; ലാൽ ജോസിന്റെ റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കും; വിൻസിയുടെ അഭിനയ വഴികൾ ഇങ്ങനെ
മലപ്പുറം: സംസ്ഥാന സർക്കാറിന്റെ മികച്ച നടിക്കുള്ള അവാർഡ് നേടിയ വിൻസിയിക്ക് അഭിനന്ദന പ്രവാഹം. ഒറ്റ ദിവസം കൊണ്ട് വീട്ടിലെ അലമാരയെല്ലാം ഉപഹാരങ്ങൾകൊണ്ട് നിറഞ്ഞു. ഇനി ഇവ സൂക്ഷിക്കാനിടമില്ലാത്ത അവസ്ഥയാണ്. 'എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാൾ പൂർണ മനസോടെ ആഗ്രഹിച്ചാൽ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും '. ആൽക്കെമെസ്റ്റ് എന്ന നോവലിൽ ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോയുടെ വാക്കുകൾ വിൻസി അലോഷ്യസിന്റെ ജീവിത'രേഖ'യാണിന്ന്. ചെറുപ്പം മുതൽ തന്നെ ആകാശത്തോളം ആഗ്രഹമായിരുന്നു വിൻസിക്ക്.
അഭ്രപാളിയിൽ ശോഭനയും, മഞ്ജു വാര്യരും ഉൾപ്പെടെ നായികമാരായി നിറഞ്ഞാടുമ്പോൾ വിൻസിയുടെ കുഞ്ഞു മനസിലും മൊട്ടിട്ട സിനിമ മോഹം അപ്പോൾ ചിന്തകൾക്കുമപ്പുറമായിരുന്നു. പൊന്നാനിയിലെ സാധാരണ കുടുംബത്തിൽ വളർന്ന വിൻസി പൊന്നാനി വിജയ മാതസ്‌കൂളിലെയും സെന്റ് ആന്റണീസ് ചർച്ചിലെയും കലാ മത്സരങ്ങളിൽ പങ്കെടുത്തെങ്കിലും വിൻസിയുടെ കഴിവ് പുറം ലോകമറിഞ്ഞിരുന്നില്ല. എന്നാൽ തന്റെ കഴിവുകൾ ഒരു നാൾ തിരിച്ചറിയുമെന്ന് വിൻസിക്ക് ഉറപ്പായിരുന്നു
സ്‌കൂൾ പഠനം കഴിഞ്ഞ് ഹയർ സെക്കണ്ടറി പഠനം തവനൂർ ഐഡിയൽ ഇംഗ്ലീഷ് സ്‌കൂളിലേക്ക് മാറിയതോടെയാണ് അബു വളയംകുളമെന്ന നാടകക്കാരൻ വിൻസിയിലെ കലാകാരിയെ തിരിച്ചറിഞ്ഞത്. നാടക സംവിധായകനും, കാസ്റ്റിങ് ഡയറക്ടറും, അഭിനേതാവുമായ അബു വളയംകുളം മോണോ ആക്ട് പരിശീലിപ്പിച്ചതാണ് വിൻസിയുടെ ജീവിതത്തിൽ വഴിതിരിവായത്. മികച്ച അഭിന ശേഷിയുള്ള വിൻസിയെ അബു കൂടുതൽ പ്രോത്സാഹനങ്ങൾ നൽകി മുന്നോട്ട് നയിച്ചു. ഇതോടെയാണ് തന്റെ കഴിവിൽ പൂർണ വിശ്വാസം വിൻസി അലോഷ്യസ് കൈവരിച്ചത്
കൊച്ചിയിൽ ആർകിടെക്ച്ചർ ബിരുദം കഴിഞ്ഞ് വീട്ടിലെത്തിയ വിൻസിക്ക് ചിക്കൻപോക്‌സ് പിടിപെട്ട സമയത്താണ് സംവിധായകൻ ലാൽ ജോസിന്റെ നേതൃത്വത്തിലുള്ള നായിക നായകൻ എന്ന റിയാലിറ്റി ഷോയുടെ പരസ്യം ശ്രദ്ധയിൽ പെടുന്നത്. എന്നാൽ ചിക്കൻപോക്‌സ് പിടിപെട്ടതിനാൽ ആദ്യം ഒന്ന് മടിച്ചെങ്കിലും, വീട്ടുകാർ ഉൾപ്പെടെ നിർബന്ധിച്ചപ്പോൾ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അപേക്ഷ നൽകി. ഓഡീഷനിൽ മികച്ച പ്രകടനം നടത്തിയതോടെ വിൻസിയും വേദിയിലെത്തി.
സ്വാഭാവിക അഭിനയത്തിലൂടെ ഷോയിൽ വിൻസിക്ക് ലഭിച്ചത് രണ്ടാം സ്ഥാനവും. തുടർന്ന് 2014ൽ സൗബിൻ ഷാഹിറിന്റെ നായികയായി വികൃതി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക്. പിന്നീട് കനകം, കാമിനി, കലഹം, ഭീമന്റെ വഴി, ജനഗണമന ,സോളമന്റെ തേനീച്ചകൾ, 1744 വൈറ്റ് ആൾട്ടോ, സൗദി വെള്ളക്ക, രേഖ, പത്മിനി എന്ന സിനിമകളിലും അഭിനയിച്ചു. രേഖയിലെ രേഖ എന്ന കഥാപാത്രത്തെ തേടി ഒടുവിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും വിൻസിയെ തേടിയെത്തി.
ക്രിസ്തുമസിനും, ഈസ്റ്ററിനും, പള്ളി പെരുന്നാളിനും പൊന്നാനി സെന്റ് തോമസ് ചർച്ചിലെ ചടങ്ങുകളിൽ സ്ഥിര സാന്നിദ്ധ്യമാണ് വിൻസി അലോഷ്യസ് എന്ന നാട്ടിൻപുറത്തുകാരി. കഴിഞ്ഞ വർഷങ്ങളിൽ സിനിമ തിരക്കുകൾക്കിടയിലും, വിശേഷ ദിവസങ്ങളിൽ ചർച്ചിലെത്തി പ്രദക്ഷിണത്തിലുൾപ്പെടെ വിൻസിയുണ്ടാകും. ക്രിസ്തുമസിന് പുൽക്കൂടൊരുക്കുന്ന സംഘത്തിലും വിൻസി സജീവമായി തന്നെ പങ്കെടുക്കാറുണ്ട്. പൊന്നാനിയിൽ സ്‌കൂട്ടറിൽ പോകുന്ന വിൻസി വലിയൊരു നടിയാണെന്ന് കാഴ്ചക്കാർക്കും തോന്നാറില്ല
വിൻസിയുടെ അച്ഛൻ അലോഷ്യസ് എല്ലാവരുടെയും അലോഷ്യേട്ടനാണ്. സാധാരണ കുടുംബത്തിൽ കഴിഞ്ഞ ദിവസം വരെ പേരിന് ഒന്നോ രണ്ടോ ഷീൽഡുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മികച്ച നടിക്കുള്ള പുരസ്‌ക്കാരം വിൻസിക്ക് ലഭിച്ചതോടെ ഒറ്റ ദിവസം കൊണ്ട് ഉപഹാരങ്ങൾ വെക്കാനിടമില്ലാതായി അലോഷി ചേട്ടന്റെ വീട് മാറി.അവാർഡ് വിവരം അറിഞ്ഞത് മുതൽ നിരവധി പേരാണ് അഭിനന്ദന പ്രവാഹമുമായി എത്തിയത്.പി.നന്ദകുമാർ എംഎൽഎ വിൻസിയുടെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു.അവാർഡ് വിവരം അറിഞ്ഞത് മുതൽ പൊന്നാനിയിലെ വിവിധ മേഖലകളിലുള്ളവർ ഉൾപ്പെടെ അഭിനന്ദവുമായി എത്തി.