- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായും മന്ത്രിയായും എല്ലാം കോടിയേരി ബാലകൃഷ്ണൻ ദ്വീർഘകാലം പ്രവർത്തിച്ചത് തിരുവനന്തപുരത്തായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ തലസ്ഥാനത്ത് ഉണ്ടായില്ല. അദ്ദേഹത്തിന്റെ ഭൗതിക ശരീരം തലസ്ഥാനത്ത് പൊതു ദർശനത്തിന് എത്തിക്കാഞ്ഞതിൽ പാർട്ടിയിലെ പലർക്കും വിഷമം ഉണ്ടായിരുന്നു. അന്ന് അതിന് പാർട്ടി തയ്യാറാകാതിരുന്നത് മുഖ്യമന്ത്രിക്ക് വിദേശത്തു പോകാൻ വേണ്ടിയായിരുന്നു എന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. ജി ശക്തിധരനെ പോലുള്ളവർ ഇക്കാര്യം തുറന്നു എഴുതുകയും ചെയ്തിരിന്നു.
ഇപ്പോൾ കോടിയേരിക്കും അത്തരമൊരു ആഗ്രഹം ഉണ്ടായിരുന്നുവെന്ന് തുറന്നു പറയുകയാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. കോടിയേരിയുടെ പൊതുദർശനം തലസ്ഥാനത്ത് വെക്കാത്ത കാര്യത്തിൽ തനിക്ക് നല്ല വിഷമം ഉണ്ടെന്ന് വിനോദിനി തുറന്നു പറഞ്ഞത് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു. എനിക്കും ഉണ്ടല്ലോ ആ വിഷമം. ആരോടു പറയാൻ കഴിയും എനിക്ക്. എന്തായാലും അതിന്റെ പേരിൽ ഞാൻ വിവാദത്തിനില്ല. അദ്ദേഹം ജീവിച്ചിരുന്ന സമയത്ത് ഒരു വാക്കുകൊണ്ട് വിവാദം ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് കൂടുതലൊന്നും അതേക്കുറിച്ച് ഞാൻ പറയുന്നില്ലെന്നാണ് വിനോദിനി പറഞ്ഞത്.
അന്ന് ഇക്കാര്യത്തിൽ മക്കളുമായി കൂടിയാലോചന നടന്നുവെന്നുമാമ് വിനോദിനി പറഞ്ഞത്. കുട്ടികൾ രണ്ടു പേരും, ബിനോയിയും ബിനീഷും അക്കാര്യം പറഞ്ഞിരുന്നു. സത്യം സത്യമായി പറയണമല്ലോ. ഗോവിന്ദൻ മാഷാണല്ലോ അന്ന് അവിടെ വന്നത്. തിരുവനന്തപുരത്തുകൊണ്ടുപോകണം എന്നാണ് അച്ഛന്റെ ആഗ്രഹമെന്ന് രണ്ടു പേരും പറഞ്ഞു. അത് മൂന്നോ നാലോ തവണ പറഞ്ഞു. മാഷേ അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്നു പറഞ്ഞു. അപ്പോൾ, അതല്ല, എന്തു തിരിച്ചു പറഞ്ഞു എന്നൊന്നും എനിക്കറിയില്ല. എന്തായാലും തിരുവനന്തപുരത്തുകൊണ്ടുപോയില്ല. നടന്നില്ല, നടന്നത് ഇതാണല്ലോ. അതു കുഴപ്പമില്ല, ഇനി സാരമില്ല, പരാതിയില്ല. അതു കഴിഞ്ഞു. അതിന്റെ പേരിൽ പുതിയ വിവാദം വേണ്ട- വിനോദിനി അഭിമുഖത്തിൽ പറഞ്ഞു.
ഇപ്പോൾ തന്നെ കുറിച്ച് പാർട്ടിക്കാർ അന്വേഷിക്കുന്നതും തിരക്കുന്നതും വളരെ അപൂർവമായാണെന്നാണ് വിനോദിനി പറയുന്നത്. അതു ഞാൻ ചിന്തിക്കാറില്ല. ദേഷ്യംകൊണ്ടു പറയുന്നതല്ല, സത്യമാണ്. എനിക്കൊരു കുഴപ്പവുമില്ല, ഞാൻ ഒന്നും പ്രതീക്ഷിക്കാറില്ല. മനുഷ്യന്മാർക്കെല്ലാം വലിയ തിരക്കല്ലേ. അപ്പോൾ ആർക്കാണ് എന്നെ ആലോചിക്കാൻ നേരം ഉണ്ടാകുക. ബാലകൃഷ്ണേട്ടൻ ഉണ്ടെങ്കിൽ ശരി. അതില്ലാതെ എന്നെ എന്തിനാണ് ആലോചിക്കുന്നത്. അതിന്റെ ആവശ്യമില്ലല്ലോയെന്നും അവർ പറഞ്ഞു.
നേരത്തെ മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആയിരുന്ന കോടിയേരിക്കു തലസ്ഥാനത്ത് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം ഇല്ലാതെ പോയതു പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുനന്ു. അതേസമയം മരണശേഷം ദീർഘയാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശിച്ചതെന്നും പാർട്ടി അറിയിച്ചെന്നാണ് എം വി ഗോവിന്ദൻ ഇതേക്കുറിച്ച് വിശദീകരിച്ചത്.
ഡോക്ടർമാരുടെ സംഘത്തിന്റെ നിർദേശമാണ് നടപ്പാക്കിയത്. ബോഡി വളരെ വീക്കായിരുന്നു. ദീർഘയാത്ര പാടില്ലെന്ന് ഡോക്ടർമാരുടെ സംഘം പറഞ്ഞിരുന്നു.തിരുവനന്തപുരത്ത് പൊതു ദർശനം നടത്താനാണ് പാർട്ടി ആദ്യം ആലോചിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശം വന്നതോടെ തീരുമാനം മാറ്റുകയായിരുന്നുവെന്നുമായിരുന്നു സെക്രട്ടറിയേറ്റിന്റെ വിശദീകരണം. കോടിയേരിയുടെ മൃതദേഹം ചെന്നൈയിൽ നിന്ന് നേരിട്ട് കണ്ണൂരിലേക്ക് കൊണ്ടുവന്നത് മുഖ്യമന്ത്രിയുടെ വിദേശയാത്ര വൈകാതിരിക്കാനാണെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ