- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദേശാഭിമാനി ഇഷ്ടം പോലെ എഴുതട്ടെ, സൈബർ കമ്മികൾ ആഘോഷിക്കട്ടെ, നിലമ്പൂരിലെ എംഎൽഎ കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തട്ടെ; അടിമകൾക്കും അവരുടെ ആശ്രിതർക്കും, മറ്റുമറുപടിയില്ല; എഴുതിയെഴുതി ആത്മരതി അടഞ്ഞുകൊള്ളു': വെഞ്ഞാറമൂട്ടിൽ വിനു വി ജോൺ അപകടമുണ്ടാക്കി മുങ്ങിയെന്ന് പ്രചാരണം; മറുപടിയുമായി വിനു
തിരുവനന്തപുരം: ആയൂരിലെ മരണ വീട്ടിൽ പോയി ഭാര്യയുമൊത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിനു വി ജോൺ. ഇതിനിടെ പരിചയക്കാരന്റെ വണ്ടി അപകടത്തിൽ പെട്ടു കിടക്കുന്നത് കണ്ടു. അതേ മരണ വീട്ടിൽ നിന്ന് മടങ്ങിയ വ്യക്തികൾ. ഇതു കാരണം വിനു വി ജോണും കാർ നിർത്തി പുറത്തിറങ്ങി. പരിചയക്കാരോട് സംസാരിച്ചു. പിന്നാലെ മടക്കം. വീട്ടിലെത്തും മുമ്പ് തന്നെ ആ വാർത്തയുമെത്തി. അത് വെഞ്ഞാറമൂട്ടിൽ വിനു വി ജോൺ അപകടമുണ്ടാക്കി മുങ്ങിയെന്നായിരുന്നു. കേരളത്തിലെ വ്യാജ വാർത്താ പ്രചാരകൾ എത്തരത്തിലാണ് പ്രവർത്തിക്കുന്നത് എന്നതിന് തെളിവാണ് ഇത്. വിനുവിന്റെ 'മുങ്ങൽ' ദേശാഭിമാനിയും വാർത്തയാക്കിയിട്ടുണ്ട്. കള്ളപ്രചാരണതിന് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ മറുപടിയുമായി വിനു വി ജോൺ എത്തി.
വിനു വി ജോണിന്റെ വാക്കുകൾ:
' എന്നെ കുറിച്ച് ദേശാഭിമാനിയും, സൈബർ കമ്മികളും കുറെ അടിമകളും പ്രചരിപ്പിക്കുന്ന കുറെ കാര്യങ്ങളുണ്ട്. എന്നെ സ്നേഹിക്കുന്ന ആളുകൾക്ക് വേണ്ടി രണ്ടുവരി പറയാം. ഞാൻ ഓടിച്ച വാഹനം അപകടത്തിൽ പെട്ടിട്ടില്ല. എന്റെ വണ്ടി എങ്ങും ഇടിച്ചിട്ടില്ല. കുടുംബത്തോടൊപ്പം ഒരു അത്യാവശ്യ കാര്യത്തിന് യാത്ര ചെയ്യുമ്പോൾ, ഒരു അപകട സ്ഥലത്ത് കൂടി നിൽക്കുന്ന ആളുകളെ കണ്ട് വണ്ടി നിർത്തി. അവിടെ ഒരു പരിചയക്കാരനെ കണ്ട് വിവരം അന്വേഷിച്ചു.
അപ്പോഴേക്കും, ഞാൻ അവിടെ എത്തും മുമ്പ് തന്നെ ഒരു കാറും ബൈക്കും കൂട്ടിയിടിച്ചതാണ്, അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ എത്തിച്ചുകഴിഞ്ഞിരുന്നു. അല്ലെങ്കിൽ ആംബുലൻസ് അവിടെ നിന്ന് പോയ്ക്കഴിഞ്ഞിരുന്നു. ഞാൻ എത്തും മുമ്പ് തന്നെ. കാരണം അപകടം നടന്നത് ഒരു ഫയർ സ്റ്റേഷന് മുന്നിൽ വച്ചാണ്. അങ്ങനെയുള്ള ഒരു കാര്യത്തിന് ദേശാഭിമാനി ഇഷ്ടം പോലെ എഴുതട്ടെ, അടിമ കമ്മികൾ ആഘോഷിക്കട്ടെ, നിലമ്പൂരിലെ എംഎൽഎ കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തട്ടെ, പക്ഷേ എനിക്ക് ഇവർക്ക് മറുപടി പറയാൻ സമയമില്ല, ലക്ഷ്യങ്ങൾ വേറെയുണ്ട്, പണി കുറേയുണ്ട്, അതുകൊണ്ട്, അടിമകൾക്കും അവരുടെ ആശ്രിതർക്കും, മറ്റുമറുപടിയില്ല. സ്നേഹിക്കുന്ന ആളുകൾ ചോദിച്ചതുകൊണ്ടു ഇങ്ങനെ പറയുന്നു. എഴുതിയെഴുതി ആത്മരതി അടഞ്ഞുകൊള്ളു.'
- VINU V JOHN (@vinuvjohn) July 14, 2023
ദേശാഭിമാനി വാർത്തയിൽ തന്നെ സത്യത്തിന്റെ അംശമുണ്ട്. എന്നാൽ തലവാചകത്തിൽ വിനു വി ജോണിനെ കുറ്റപ്പെടുത്തുന്നു. അധാർമിക മാധ്യമ പ്രവർത്തനം ഏത് രീതിയിലേക്കും പോകുമെന്നതിന് തെളിവ്. വെഞ്ഞാറമൂടിൽ അപകടമുണ്ടാക്കിയ സംഘത്തിൽവന്ന ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ ദൃക്സാക്ഷികൾ. ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ബൈക്ക് യാത്രികനെ വണ്ടിയിൽ കയറ്റാനോ അവിടെയെത്തിയ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്താനോ സെലിബ്രിറ്റി ആങ്കർ തയ്യാറായില്ലെന്നാണ് ആരോപണം-ഇതാണ് ദേശാഭിമാനി വാർത്ത. എന്നാൽ അടുത്ത പാരയിൽ കുറച്ച് കാര്യങ്ങൾ കൂടി പറയുന്നുണ്ട്.
ഇന്ന് ഉച്ചയോടെ വെഞ്ഞാറമൂടിനടുത്ത് കീഴായിക്കോണത്ത് ഫയർസ്റ്റേഷനുമുന്നിൽ അതിവേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ കാറിനു പിറകെ എത്തിയ മറ്റൊരു കാർ ഓടിച്ചിരുന്നത് വിനു വി ജോൺ ആയിരുന്നു. രണ്ട് കാറുകളിലായി മരണവീട് സന്ദർശിച്ചശേഷം മടങ്ങുന്ന വഴിയായിരുന്നു വിനുവും സംഘവും. അപകടം നടന്നത് ഫയർ സ്റ്റേഷന് സമീപമായതിനാൽ ഫയർ ആംബലുൻസ് എത്തി പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി-ഇതാണ് അടുത്ത പാര. അതായത് ഫയർ സ്റ്റേഷന് തൊട്ടു മുന്നിലാണ് അപകടം.
അതു പോലെ തന്നെ രക്ഷാപ്രവർത്തനം നടത്തേണ്ട അത്ര വലിയ അപകടവുമല്ല. ഉടനെ പരിക്കേറ്റയാളെ ആശുപത്രിയിലേക്കും കൊണ്ടു പോയി. അതും ഫയർഫോഴ്സ്. പിന്നെ എന്തിനാണ് വിനു വി ജോണിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. സ്ഥലത്തെ സിപിഎം അണികളെ കൊണ്ട് ബൈറ്റ് എടുത്താണ് വ്യാജ പ്രചരണം. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് വിനു വി ജോൺ ആണെന്ന സംശയം പോലും ഉയർത്തുന്നു. വിനുവിനെ രക്ഷിക്കാൻ വേണ്ടി മറ്റൊരാളെ ഡ്രൈവറായി അവതരിപ്പിച്ചുവെന്ന് പോലും ഈ ദൃക്സാക്ഷി പറയുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും കള്ളക്കഥ ഉണ്ടാക്കിയെടുക്കുകയായിരുന്നു സൈബർ സഖാക്കൾ.
പൊലീസിന്റെ എഫ് ഐ ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ വിനുവിനെ പ്രതിയാക്കിയിട്ടില്ല. പത്തനംതിട്ട രജിസ്ട്രേഷൻ കാറാണ് അപകടമുണ്ടാക്കിയതെന്ന് നമ്പർ സഹിതം പറയുന്നു. പ്രതി പട്ടികയിൽ ഡ്രൈവറുടെ പേര് ചേർക്കാതെ വിനു വി ജോണിനെ വേണമെങ്കിൽ കുറ്റം പറഞ്ഞോട്ടെ എന്ന നിലപാടും പൊലീസ് എടുക്കുന്നുവെന്നതാണ് വസ്തുത. കീഴായിക്കോണം മുസ്ലിം പള്ളിക്ക് സമീപം വന്ന മോട്ടാർ സൈക്കളിനെയാണ് ഇടിച്ചത്. വലത്തേക്ക് ബൈക്ക് തിരിക്കുന്നതിനിടെയാണ് അപകടം. ഇൻഡികേറ്റർ ഇട്ടിരുന്നുവെന്നും പറയുന്നു. കാൽപാദത്തിന് മുകളിൽ അസ്ഥിക്ക് പൊട്ടലുമുണ്ട്. അതുകൊണ്ട് തന്നെ സാരമായ പരിക്കുണ്ടായി എന്നതാണ് വസ്തുത.
ഗോകുലം ആശുപത്രിയിൽ ചികിൽസയിലുള്ള ആളിനെ നേരിട്ട് കണ്ട് മൊഴി എടുത്താണ് എഫ് ഐ ആർ ഇട്ടത്. ഇതിൽ വിനു വി ജോണാണ് വണ്ടി ഓടിച്ചതെന്ന് പറയുന്നില്ല. സ്ഥലത്തെ സിസിടിവിയിലും ഇതെല്ലാം വ്യക്തമാണ്. എന്നിട്ടും വിനു വി ജോണിനെതിരെ സൈബർ ആക്രമണം. കാറിൽ നിന്ന് പുറത്തിറങ്ങാൻ പോലും വിനു വി ജോണിനെ അനുവദിക്കില്ലെന്നതിന്റെ സൂചനകളാണ് ഇത്തരം ചർച്ചകളിലൂടെ സൈബർ സഖാക്കൾ നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ