കോഴിക്കോട്: ഗോഡ്സേയെ അനുകൂലിച്ച് കമന്റിട്ടതിന്റെ പേരിൽ കോഴിക്കോട് എൻഐടിയിലെ പ്രൊഫസർ ഷൈജ ആണ്ടവൻ കോടതി കയറുന്ന സമയമാണിത്. അപ്പോൾ തന്നെ 'വിരാസത്ത്' എന്ന പേരിൽ ഒരുപരിപാടി കോഴിക്കോട് എൻഐടിയിൽ നടക്കുന്നുവെന്ന് അറിഞ്ഞപ്പോൾ അത് വീരസവർക്കറുടെ പരിപാടിയായി ചിത്രീകരിച്ച് സിപിഎം പ്രതിഷേധം തുടങ്ങി. എന്നാൽ 'വിരാസത്' എന്ന വാക്കിന് അർഥം പൈതൃകമെന്നാണ്.

കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് എൻഐ.ടിയും സ്പിക്ക്മെക്കേ കാലിക്കറ്റ് ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയാണിത്. പക്ഷേ എളമരം കരീമും ദേശാഭിമാനിയും ഇതിനെ വീരസവർക്കർ മേളയാക്കി. സത്യത്തിൽ സവർക്കറുമായി ഈ പരിപാടിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരം വിഷയങ്ങൾ 'വിരാസത്തിൽ' ചർച്ചചെയ്യുന്നുമില്ല.

1995 മുതൽ നടക്കുന്ന വിരാസതിന്റെ 2024 ലെ എഡിഷനാണ് മാർച്ച് മാസത്തിൽ എൻഐടിയിൽ നടക്കുന്നത്. മാർച്ചിൽ നിശ്ചയിച്ചിട്ടുള്ള 17 ദിവസത്തെ സാംസ്‌കാരിക പരിപാടിയായ 'വിരാസത് 24' യിൽ പ്രശസ്ത കലാകാരന്മാരുടെ ശിൽപശാലകൾ, പ്രഭാഷണങ്ങൾ, വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതിന് ചരിത്രവും രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ കഥയറിയാതെ ആട്ടം കണ്ട ദേശാഭിമാനി ഇത് ആർഎസ്എസിന്റെ പരിപാടിയാണെന്ന വാർത്തകൊടുത്തു. വൈകാതെ മീഡിയ വൺ ചാനലും സമാനമായ വാർത്തകൊടുത്തു. ദേശാഭിമാനി പത്രത്തിൽ 'സവർക്കർ മേള നടത്താൻ എൻഐടി' എന്ന പത്ര വാർത്ത തലക്കെട്ടിനെ കേന്ദ്രീകരിച്ചാണ് മീഡിയ വൺ ചാനൽ പ്രചരണം നടത്തിയത്.

കാര്യമറിയാതെ കരീമും

സിപിഎമ്മിന്റെ രാജ്യസഭാഗവും, കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ എളമരം കരിം ഇതിനെതിരെ പ്രസ്താവന തന്നെ ഇറക്കി. 'വിരാസത്ത് 24' എന്ന പേരിൽ ഹിന്ദുത്വത്തിന്റെ താത്വികാചാര്യനും, ഗാന്ധിവധക്കേസിൽ പ്രതിയുമായ ഒരാളുടെ പേരിൽ, കലോത്സവം സംഘടിപ്പിക്കാനുള്ള കോഴിക്കോട് എൻഐടി അധികൃതരുടെ നീക്കം, അത്യന്തം അപലപനീയവും ദേശീയ പാരമ്പര്യത്തോടുള്ള വെല്ലുവിളിയുമാണൊണ് കരീം പ്രസ്താവന ഇറക്കിയത്. ജനാധിപത്യമര്യാദക്കും മതനിരപേക്ഷതക്കും എതിരായി നിലകൊണ്ട, സവർക്കറുടെ പേരിൽ കലോത്സവം നടത്താനുള്ള, നീക്കത്തിൽനിന്ന് എൻഐടി അധികൃതർ പിന്മാറണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

'ഗോഡ്സെ അഭിമാനമെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ഷൈജ ആണ്ടവനെതിരെ, ഒരു നടപടിയും ഇതുവരെ അധികൃതർ സ്വീകരിച്ചിട്ടില്ല. ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത്, എൻഐടിയെ ഗോഡസെ ആരാധകരുടെയും, സവർക്കറുടെയും മതരാഷ്ട്രവാദ പ്രചാരണത്തിന്റെ, കേന്ദ്രമാക്കി മാറ്റിയിരിക്കുന്നുവെന്നാണ്. അക്കാദമിക്ക് കേന്ദ്രങ്ങളെ വർഗീയ പ്രചാരണത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ, പ്രതിഷേധം ഉയർന്നുവരണം-'' എളമരം കരീം ആവശ്യപ്പെട്ടു. പക്ഷേ ഈ പ്രസ്താവനയിൽ പറയുന്ന കാര്യങ്ങളൊക്കെ വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും കരീം തിരുത്താൻ തയ്യാറായിട്ടില്ല.

എൻഐടി പരിവാർ കേന്ദ്രമെന്ന്

സോഷ്യൽ മീഡിയിൽ ഈ വിഷയം എടുത്തിടുന്നവരൊക്കെ പറയുന്നത് എഐടി പ്രൊഫസർ ആയ ഷൈജ അണ്ടവന്റെ കാര്യമാണ്. പക്ഷേ ഷൈജ ആണ്ടവനും വിരാസത്തും തമ്മിൽ യാതൊരു ബന്ധവുമില്ല. ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്‌ബുക്കിൽ കമന്റിട്ട കേസിൽ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവൻ ജാമ്യമെടുത്തിരിക്കയാണ്. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് ജാമ്യം നൽകിയത്. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്നാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയായിരുന്നു കമന്റ്.

ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിന്ന അദ്ധ്യാപിക പ്രതിഷേധം ശക്തമായപ്പോൾ കമന്റ് പിൻവലിക്കുകയായിരുന്നു. കുന്ദമംഗലം പൊലീസ് നേരത്തെ ഷൈജ ആണ്ടവന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. കലാപ ആഹ്വാനത്തിന് ഇവർക്കെതിരെ കേസെടുത്തെങ്കിലും പൊലീസ് നടപടി വൈകുന്നതിൽ വിദ്യാർത്ഥി യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കമന്റിട്ടത് താൻ തന്നെയെന്ന് ഷൈജ ആണ്ടവൻ മൊഴി നൽകിയിരുന്നു. എന്നാൽ ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചില്ലെന്നായിരുന്നു ഇവരുടെ വാദം. ഇതും വിരാസത്തുമായി കൂട്ടിക്കെട്ടിയാണ് കുപ്രചാരണം. എന്നാൽ 'വിരാസത്ത് 24' എന്ന പരിപാടിയിൽ ഷൈജ ആണ്ടവനുമായോ, സവർക്കറുമായോ യാതാരു ബദ്ധവുമില്ല എന്നാണ് വാസ്തവം