മൂന്നാർ: വൈദേശിക സസ്യങ്ങൾ നീക്കം ചെയ്ത്, തദ്ദേശീയ പുൽ ഇനങ്ങൾ നട്ടുവളർത്തി. പരിപാലനം വഴി തീർത്തത് പച്ചപ്പിന്റെ നിറവ്. ഒപ്പം കോടമഞ്ഞിന്റെ കുളിരും ശീതക്കാറ്റും. ആനമുടി ഷോല പാർക്കിൽ സന്ദർശകരെ കാത്തിരിക്കുന്നത് കാഴ്ചകളുടെ വസന്തം. ഷോല പാർക്കിലെ പഴത്തോട്ടം വനമേഖല കേന്ദ്രീകരിച്ച് വനം-വന്യജീവി വകുപ്പ് ഒരുക്കിയിട്ടുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലെ കാഴ്ചകൾ സന്ദർശകർക്ക് പകരുന്നത് നവ്യാനുഭൂതി. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിദേശീയർ അടക്കമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു.

ബ്ലാക്ക് വൈറ്റിൽ, പൈൻ ഉൾപ്പെടെയുള്ള വൈദേശിക സസ്യങ്ങൾ നീക്കം ചെയ്ത് സ്വാഭാവിക വനങ്ങൾ പുനഃസ്ഥാപിക്കേണ്ടത് വനമേഖലയുടെ സുസ്ഥിരതക്ക് അത്യന്താപേക്ഷിതമാണെന്നുള്ള നിഗമനമാണ് ഷോല പാർക്കിൽ ഇക്കോ ടൂറിസം കേന്ദ്രം തുറക്കുന്നതിന്് വഴിയൊരുക്കിയത്. കോടമഞ്ഞിൽ കുളിച്ച് ,വ്യാപിച്ച് കിടക്കുന്ന പുൽമേടാണ് പ്രദേശത്തിന്റെ എടുത്തുപറയാവുന്ന സവിശേഷത. ഇവിടം ഇപ്പോൾ അപൂർവ്വ പക്ഷി -ജന്തുജാലങ്ങളുടെ കലവറയാണ്. പച്ച പുതച്ച കുന്നിൻ ചെരിവുകളും സമതലങ്ങളും ഉൾപ്പെടുന്ന പ്രദേശം പരിസ്ഥിതി സ്്നേഹികളിൽ നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ല.

വിദേശ രാജ്യങ്ങളിലെ ലക്ഷ്വറി താമസ കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കന്ന രീതിയിൽ, പരിസ്ഥിതിക്ക് ഇണങ്ങും വിധം തയ്യാറാക്കിയിട്ടുള്ള ഇവിടുത്തെ താമസ കേന്ദ്രങ്ങൾ ഇതിനകം തന്നെ വിനോദസഞ്ചാരികളുടെ മനസിൽ ഇടം പിടിച്ചിട്ടുണ്ട്. 2019-ൽ പാർക്കിന്റെ തെക്ക് -കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പഴത്തോട്ടം വാറ്റിൽ പ്ലാന്റേഷൻ പ്രദേശത്ത് കാട്ടുതീ പടർന്നുപിടിച്ചിരുന്നു. മുറിച്ചിട്ടതും വളർന്നുനിന്നിരുന്നതുമായ വറ്റിൽ മരങ്ങൾ കാട്ടുതീയിൽ കത്തിനശിച്ചു. ഇതോടൊപ്പം അടിക്കാടും നാമശേഷമായി.

തുടർന്ന് മുളച്ചുപൊന്തിയ വാറ്റിൽ നീക്കം ചെയ്ത് പ്രദേശത്തെ സ്വാഭാവിക വനമാക്കി മാറ്റുന്നതിനായി അധികൃതരുടെ നീക്കം. ഇതെ വർഷം തന്നെ രണ്ട് ഹെക്ടർ പ്രദേശം തിരഞ്ഞെടുത്ത് പരിസ്ഥിതി പുനഃസ്ഥാപനത്തിന് തുടക്കം കുറിച്ചു . പ്ലാന്റേഷനായി മാറുന്നതിന് മുൻപ് ഈ പ്രദേശം ഒരു പുൽമേടായിരുന്നു എന്ന് അന്വേഷണത്തിൽ അധികൃതർക്ക് വ്യക്തമായി. ഇതുമനസ്സിലാക്കി, ഈ പ്രദേശത്ത് തദ്ദേശീയമായി കണ്ടുവരുന്ന പുൽ ഇനങ്ങൾ വളരുന്നതിന് അവസരമൊരുക്കുകയായിരുന്നു.ചരിവ് ഏറെയുള്ള ഈ പ്രദേശത്തെ കോണ്ടൂരുകളായി തിരിച്ചായിരുന്നു ഇതിനായുള്ള കർമ്മപദ്ധതി തയ്യാറാക്കിയത്.

കോണ്ടൂരിനായി പ്രദേശത്ത് അവശേഷിച്ച കത്തിയ വാറ്റിൽ മരകഷണങ്ങൾ ഉപയോഗപ്പെടുത്തി.തുടർന്ന് ജിഒഐ -ജിഇഎഫ്-യുഎൻഡിപി-ഐഎച്ച്ആർഎംഎൽ (GOI-GEF-UNDP-IHRML )പ്രോജക്ടിന്റെ സഹായത്തോടെ 2020-മാർച്ചിൽ 50 ഹെക്ടർ പ്രദേശത്തേയ്ക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു പങ്കാളിത്ത വന പരിപാലനത്തിന്റെ ഭാഗമായാണ് ഷോല നാഷണൽ പാർക്കിൽ സ്വാഭാവിക വന പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.പാർക്കിന്റെ പരിധിയിൽ വരുന്ന മറ്റ് സംരക്ഷിത പ്രദേശങ്ങളിൽ കൂടി സ്വാഭാവിക വനൽക്കരണം ആവശ്യമാണെന്നുള്ള വിലയിരുത്തലുകളും ഈ ഘട്ടത്തിൽ ഉയർന്നിരുന്നു.

തുടർന്നാണ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി മൂന്നാർ വൈൽഡ്ലൈഫ് വാർഡൻ മുൻകൈ എടുത്ത് ഇക്കോ-ഡവലപ്പ്മെന്റ് കമ്മിറ്റി രൂപീകരിക്കുന്നത്.ക്രിയാത്മകമായ പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് ഇത് ആക്കംകൂട്ടി. ആനമുടി ഷോലയുടെ പരിസര നിവാസികളും, വനാശ്രത സമൂഹങ്ങളേയും ഒരുമിപ്പിച്ച് 2020 മെയ്‌ മാസത്തിൽ ഹരിത വസന്തം എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി പുനഃസ്ഥാപന ഇ.ഡി.സി. തുടക്കം കുറിച്ചു.2020 ജൂലൈ 7ന് മഹോത്സവത്തിന്റെ ഭാഗമായി അന്നത്തെ വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു പൂർത്തീകരിച്ച പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് രണ്ടു വർഷകാലയളവിൽ 50 ഹെക്ടറോളം സ്ഥലത്ത് വാറ്റിൽ തൈ നീക്കം ചെയ്ത് സ്വാഭാവിക പുൽമേടായി മാറ്റാൻ ഹരിത വസന്തം ഇ.ഡി.സി.യ്ക്ക് കഴിഞ്ഞു.ഇതുവഴി വനാശ്രിത സമൂഹത്തിലുള്ളവർ ആനമുടി ഷോല നാഷണൽ പാർക്കിന്റെ പരിസര വാസികളുമായ അറുപതോളം പേർക്ക് വരുമാനം നൽകുവാനും, വട്ടവട, പഴത്തോട്ടം, ചിലന്തിയാർ മേഖലയിൽ ജല ലഭ്യത ഉറപ്പുവരുത്തുവാനും കഴിഞ്ഞു.

സ്വാഭാവിക ആവാസ വ്യവസ്ഥ തിരികെ എത്തിയതോടെ തുടർന്ന് കേഴമാൻ മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയ സസ്യ ഭൂക്കുകൾ ഈ പുൽ മേടുകളുടെ സ്ഥിരം സന്ദർശകരായി. ഇവയെ ആഹരിക്കുന്ന കാട്ടുപ്പട്ടി, കടുവ എന്നിവയുടെ സാന്നിധ്യവും ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറാ ട്രാപ്പ് ചിത്രങ്ങളിൽ നിന്നും മനസിലാക്കുവാൻ കഴിഞ്ഞു.

സ്വാഭിക വനങ്ങളുടെ തിരിച്ചുവരവിനുശേഷം, വന്യമൃഗങ്ങൾ മൂലമുള്ള വിളനാശത്തിന് ഗണ്യമായ കുറവുണ്ടെന്നാണ് സമീപവാസികളുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്. ഇത്തരം പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി വാറ്റിലിന്റെയും യൂക്കാലിയുടെയും കമ്പുകൾ ഉപയോഗപ്പെടുത്തി മൂല്യവർധിത ഉൽപനങ്ങൾ നിർമ്മിക്കുന്നതിനും ഇതുവഴി മികച്ച സാമ്പത്തീക നേട്ടം കൈവരിക്കുന്നതിനുംമ ഹരിത വസന്തം ഇ.ഡി.സി.യ്ക്ക് കഴിഞ്ഞു എന്നതും എടുത്തു പറയേണ്ട നേട്ടമാണ്.

പഴത്തോട്ടം ഇക്കോ-റിസ്റ്റേറേഷൻ പ്രദേശത്ത് നിർമ്മിച്ച ലോഗ് ഹൗസ്, എ-ഷേപ്പ്ഡ് ലോഗ് ക്യാബിൻ, കൗണ്ടർ വെയ്റ്റ് ട്രൈ പോഡ് ചെയർ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.പരിസ്ഥിതി പുനഃസ്ഥാപനം ഒരു തുടർച്ചയായ പ്രവർത്തനമാണ്.കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ വൈദേശിക സസ്യങ്ങൾ വീണ്ടും തിരികെയെത്തുന്നതിനുള്ള സാധ്യതകളും ഏറെയാണ്. മറ്റ് സാമ്പത്തിക സഹായങ്ങൾ നിലച്ചാലും പരിസ്ഥിതി പുനഃസ്ഥാപനം തുടർന്ന് പോകേണ്ടത് അനിവാര്യമാണെന്ന തിരച്ചറിവിൽ,.ഇതിനാവശ്യമായ സാമ്പത്തീക ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലാണ് വനംവന്യജീവി വകുപ്പ് ഇവിടം കേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതിക്ക് രൂപം നൽകിയത്.

2019-ൽ റീസ്റ്റോറേഷന് തുടക്കം കുറിച്ച 2 ഹെക്ടർ പ്രദേശം നിലവിൽ സ്വാഭാവിക പുല്ലിനങ്ങളാൽ സമൃദമാണ്.ആദ്യഘട്ടത്തിൽ Pennisetum Clandestinum എന്ന പുല്ലിനവും തുടർന്ന് Chrysopogon Nodulibarbis എന്ന പുല്ലിനവുമാണ് പ്രദേശത്ത് നട്ടുപിടിപ്പിച്ചതെങ്കിലും ഇവ കൂടാതെ 13 ഇനം പുൽവർഗത്തിൽപ്പെട്ട സ്വാഭാവിക സസ്യങ്ങളും ഇന്ന് ഇവിടെ ധാരളമായി വളർന്നുനിൽക്കുന്നുണ്ട്. ഇത് ഈ പ്രദേശത്തിന്റെ ജൈവവാവിധ്യത്തിന്റെ തിരിച്ചുവരവാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ആദ്യ കാലത്ത് വാറ്റിൽ തൈകൾ രണ്ടാഴ്ചയിൽ ഒരിക്കൽ നീക്കം ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടായിരുന്നത്.പിന്നീട് ഇത് മാസത്തിൽ ഒരിക്കലും നിലവിൽ മൂന്നു മാസത്തിൽ ഒരിക്കലുമാണ് നീക്കം ചെയ്യുന്നത്.നിരന്തര പരിചരണം കളകൾ വളരുന്നതിലെ സമയ ദൈർഘ്യം വർദ്ധിപ്പിച്ചിതാണ് ഈ നേ്ട്ടത്തിന് വഴിയൊരുക്കിയിട്ടുള്ളത്.

വാറ്റിൽ തൈകൾ കൂടാതെ Ageratina Adenophora, Pteridium Aquilinum, Inkberry തുടങ്ങിയ ഈ പ്രദേശത്ത് മുളച്ചുവരുന്നുണ്ട്.ഇവ കൃത്ത്യമായ ഇടവേളകളിൽ നീക്കം ചെയ്യപ്പെടുന്നതിനാൽ പുൽമേടുകളുടെ സ്വാഭാവികത അതെപടി നിലനിൽക്കുന്നു. 2020-ൽ പുല്ലുകൾ നട്ടുപിടിപ്പിച്ചിരുന്ന പ്രദേശത്ത് നിലവിൽ ഒരുമാസം കൂടുബോഴാണ് കളകൾ നീക്കം ചെയ്യുന്നത്.ഈ പ്രദേശത്തും പുല്ലുകൾ നല്ല രീതിയിൽ വ്യാപിച്ചിട്ടുണ്ട്.2021-ൽ നട്ട പുൽ നാമ്പുകൾ അറുപത് ശതമാനം പ്രദേശത്ത് വ്യപിച്ചിട്ടുണ്ട്. ഇവിടെ കളകൾ രണ്ടാഴ്ചയിൽ ഒരിക്കൽ നീക്കം ചെയ്തുകൊണ്ടിരിക്കുന്നു.സമീപഭാവിയിൽ ഇവിടം സ്വാഭാവിക വനമായി പരിണമിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.

ഓരോ ദേശത്തിന്റെ തനിമയും, ജൈവ സംസ്‌കാരിക പ്രത്യേകതകളും ആദരവോടെ മനസിലാക്കുന്ന സാമൂഹ്യപ്രതിബന്ധതയുള്ള വിനോദ സഞ്ചാരമാണ് ഇക്കോ ടൂറിസ പദ്ധതിയെന്നും പ്രകൃതി സമ്പത്തും, സാംസ്‌കാരിക പൈതൃകങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെ പ്രദേശിക സാമ്പത്തിക അടിത്തറ ഉറപ്പിക്കലും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതിലൂടെ ലഭ്യമാക്കുന്ന വരുമാനം പരിസ്ഥിതി പ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുകയും ചെയ്യാൻ കഴിയുന്നു എന്നതും ഈ പരിസ്ഥിതി പ്രവർത്തനങ്ങൾ പ്രാദേശിക ജനങ്ങളുടെ തൊഴിൽ അവസരങ്ങളായി മാറ്റാൻ കഴിയുന്നു എന്നതും പദ്ധിനടത്തിപ്പിലെ നേട്ടങ്ങളിൽ ഉൾപ്പെടും.

സഞ്ചാരികളുടെ ബാഹുല്യം,വാഹന തിരക്ക് മുതലായവ മൂലം പ്രകൃതി സമ്പത്തിനുണ്ടാകുന്ന ആഘാതം ഒഴിവാക്കാനാവശ്യമായ കരുതലുകൾ,നിയന്ത്രിതമായ വികസന പ്രവർത്തനങ്ങവഴി വിഭവ സുസ്ഥിരത ഉറപ്പാക്കാനുള്ള ശ്രദ്ധപൂർവ്വമായ വിപണന തന്ത്രം,തദ്ദേശീയ വാസികളുടെ പങ്കാളിത്തം എന്നിവയുൾപ്പെടെ മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടുത്തെ ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഇക്കോ ടൂറിസം കണക്കെയുള്ള സുസ്ഥിര ടൂറിസത്തിന് വളരെ വലിയ സാധ്യതയാണ് ആനമുടി ഷോല നാഷണൽ പാർക്കിന്റെ പരിധിയിൽ വരുന്ന പഴത്തോട്ടം മേഖലയിലുള്ളത്.കഴിഞ്ഞ കുറച്ചുവർഷങ്ങളായി വട്ടവടയിലേയ്ക്ക് ഉണ്ടായ സഞ്ചാരികളുടെ ഒഴുക്കും ഈ മേഖലയെ ഇക്കോ ടൂറിസത്തിന് തിരഞ്ഞെടുക്കുന്നതിന് അധികൃതർക്ക് പ്രചോദമമായെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇത്തരത്തിൽ ഇക്കോ ടൂറിസത്തിന് തുടക്കം കുറിക്കുന്നതിലൂടെ പഴത്തോട്ടം ഉൾപ്പെടുന്ന ദേശീയോദ്യാനത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കുവാനും, ഭൂപ്രകൃതി മനസിലാക്കുവാനും, സ്വാഭാവിക വനങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ നേട്ടങ്ങൾ നേരിട്ട് മനസിലാക്കുവാനും സഞ്ചാരികൾക്ക് കഴിയുന്നു. ഇവിടെ സ്ഥാപിക്കുവാൻ കഴിയുന്ന ഇക്കോ ടൂറിസത്തുലൂടെ ബഫർസോണിലെ മുൻകൂട്ടി നിശ്ചയിച്ച പാതയിലൂടെയുള്ള ട്രക്കിങ്, ലോഗ് ഹൗസ്, എ-ഫ്രെയ്മ്, ജങ്കിൾ ടെന്റ് എന്നിവയിലുള്ള താമസ സൗകര്യം, പക്ഷി നിരീക്ഷണം എന്നിവ സഞ്ചാരികൾക്ക് സാധ്യമാക്കുന്നു.

കേരള വനം വകുപ്പും M/s Stesalit systems LTD ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ 2019-ൽ നടത്തിയ പഠനത്തിൽ ആനമുടി ഷോല നാഷണൽ പാർക്കിലെ ഇക്കൊ ടൂറിസം പ്രവർത്തനങ്ങൾ 2011-ൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുള്ള മാനദന്ധങ്ങൾക്ക് ഉള്ളിലാണെന്ന് വിലയിരുത്തുകയുണ്ടായി. ഇത്തരത്തിൽ പാരിസ്ഥിതിക ദോഷം വരാത്ത തരത്തിൽ നടത്തുന്ന ഇക്കോ ടൂറിസം പ്രവർത്തനങ്ങൾ പ്രാദേശിക ജനങ്ങളുടേയും വനാശ്രീത സാമൂഹത്തിന്റെയും സാമൂഹിക, സാമ്പത്തിയ ഉയർച്ചയ്ക്ക് മുതൽ കൂട്ടാകുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇക്കോ റിസ്റ്റൊറേഷൻ പ്രദേശത്ത് എത്തിച്ചേരുന്ന സഞ്ചാരികൾക്ക് താമസ സൗകര്യം, ട്രക്കിങ് , പക്ഷി നിരീക്ഷണം, എന്നിവ ലഭ്യമാണ്.സഞ്ചാരികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് മികച്ച പരിശീലനം ലഭിച്ച ഇ.ഡി.സി. അംഗങ്ങളുടെ സേവനവും ഇവിടെ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾ www.munnarwildlife.com എന്ന സൈറ്റിൽ ലഭ്യമാണ്.