- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹഡ്കോയുടെ വായ്പ നിഷേധിക്കൽ ചതിയായി; ദേവർകോവിലിനെ മാറ്റി വാസവനെ കൊണ്ടു വന്നപ്പോൾ ആശയ വിനിമയവും താളം തെറ്റി; 1200 കോടി ഉടൻ നൽകിയില്ലെങ്കിൽ ഇനി പണിയുമായി മുമ്പോട്ട് പോകില്ലെന്ന് അദാനി ഗ്രൂപ്പ്; ചോദിക്കുന്നത് പൂർത്തിയായ പണിയുടെ പണം; ഡിസംബറിൽ വിഴിഞ്ഞം കമ്മീഷനിങ് അസാധ്യമാകുമോ?
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനും സാമ്പത്തിക പ്രതിസന്ധി വിഷയമാകേയ്യും. തുറമുഖം മേയിൽ നിർമ്മാണം പൂർത്തിയാക്കി ഡിസംബറിൽ പ്രവർത്തന സജ്ജമാക്കാനാണ് സർക്കാർ തീരുമാനം. ഇതിനു വേണ്ടി കൂടിയാണ് തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തതും. മന്ത്രി വിഎൻ വാസവനെ വകുപ്പ് ഏൽപ്പിച്ചതും ഇതിന് വേണ്ടിയാണ്. എന്നാൽ പണമില്ലാത്തത് പ്രതിസന്ധിയാണ്.
നിർമ്മാണത്തിന് അദാനി ഗ്രൂപ്പിന് നൽകാനുള്ള തുക കണ്ടെത്താൻ സർക്കാരിന് കഴിയാത്തതാണ് പ്രതിസന്ധി.സർക്കാർ നൽകാനുള്ള പണം ലഭിച്ചില്ലെങ്കിൽ അടുത്തഘട്ട നിർമ്മാണങ്ങളെ ബാധിക്കുമെന്നാണ് അദാനി ഗ്രൂപ്പ് നൽകുന്ന സൂചന. നിർമ്മാണച്ചെലവായി 1200 കോടി അടിയന്തരമായി നൽകണമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. ബ്രേക്ക് വാട്ടർ നിർമ്മാണത്തിനും ഗ്യാപ്പ് വയബിലിറ്റി ഫണ്ടിനത്തിലുമായി 1200 കോടിയാണ് അദാനി ഗ്രൂപ്പിന് നൽകാനുള്ളത്. പൂർത്തിയാക്കിയ നിർമ്മാണത്തിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അല്ലാത്ത പക്ഷം പണി നിലയ്ക്കാൻ സാധ്യത ഏറെയാണ്. പണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടിയാണ് ഇത്.
തുറമുഖ മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിലും അദാനി ഗ്രൂപ്പുമായി നല്ല ബന്ധത്തിലായിരുന്നു. ഇത് പദ്ധതിയുടെ മുന്നോട്ട് പോക്കിനും ഗുണമായി. എന്നാൽ ദേവർകോവിൽ രാജിവച്ച് പുതിയ മന്ത്രിയായി കടന്നപ്പള്ളി രാമചന്ദ്രൻ എത്തി. കടന്നപ്പള്ളിക്ക് തുറമുഖം നൽകിയില്ല. പകരം സിപിഎം ഏറ്റെടുത്ത് വാസവന് ചുമതല ഏൽപ്പിച്ചു. ഇതോടെ തുറമുഖ നയതന്ത്രം പാളുകയാണെന്നും വിലയിരുത്തലുണ്ട്. ഏതായാലും പണം കൊടുത്തില്ലെങ്കിൽ അദാനി പണി നിർത്താനും സാധ്യതയുണ്ട്. അടുത് കേരളാ ബജറ്റിൽ അദാനിക്കുള്ള തുക ധനമന്ത്രി ബാലഗോപാൽ നീക്കി വയ്ക്കുമോ എന്നതും ചർച്ചകളിലുണ്ട്. അങ്ങനെ ചെയ്താൽ ആ പണം അദാനിക്ക് നൽകി പണി യഥാസമയം പൂർത്തിയാക്കാൻ കഴിയുമെന്നതാണ് വസ്തുത.
കരാർപ്രകാരം 2900 കോടിയാണ് അദാനി ഗ്രൂപ്പ് ചെലവാക്കേണ്ടത്. എന്നാൽ, ഇതുവരെ മാത്രം 4000 കോടിരൂപ പദ്ധതിക്കായി അദാനി ഗ്രൂപ്പ് ചെലവാക്കി. ക്രെയിൻ, കല്ല്, നിർമ്മാണക്കരാർ തുടങ്ങിയ വകയിൽ പല ഏജൻസികൾക്കും അദാനി ഗ്രൂപ്പ് തുക നൽകാനുണ്ട്. ക്രെയിനുകൾക്കുമാത്രം 1600 കോടിയാണ് അദാനി ഗ്രൂപ്പ് ചെലവഴിച്ചത്. സർക്കാർ അടിയന്തരമായി പണം നൽകിയാലെ ഇനി മുന്നോട്ട് പോകൂവെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. കൃത്യസമയത്ത് നിർമ്മാണം പൂർത്തിയാക്കി തുറമുഖം കമ്മിഷൻ ചെയ്യാൻ ഇത് അനിവാര്യമാണ്.
തുറമുഖത്ത് കൂടുതൽ യന്ത്രസംവിധാനങ്ങളും ആധുനിക അടിസ്ഥാനസൗകര്യങ്ങളും ഇനി ഒരുക്കണം. നിർമ്മാണ പ്രവർത്തനവും ധാരളമുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് പണം കിട്ടിയേ മതിയാകൂവെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. രണ്ടുഘട്ടമായി 700 കോടി മാത്രമാണ് സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയത്. തുറമുഖത്തിന്റെ അനുബന്ധവികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനും മറ്റുമായി സംസ്ഥാന സർക്കാർ 350 കോടിയോളം വേറെ കണ്ടെത്തണം. അങ്ങനെ സാമ്പത്തിക പ്രതിസന്ധി 2024ലെ വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗിന് വിലങ്ങു തണിയാണ്.
വായ്പയെടുത്ത് തുറമുഖനിർമ്മാണത്തിന് തുക നൽകാനായിരുന്നു പിണറായി സർക്കാരിന്റെ പദ്ധതി. ഹഡ്കോയിൽനിന്ന് 3600 കോടി വായ്പ എടുക്കാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെത്തിയിരുന്നു. വായ്പത്തിരിച്ചടവിനുള്ള തുക ഓരോവർഷവും സർക്കാർ ബജറ്റിലുൾപ്പെടുത്തണമെന്ന് ഹഡ്കോ ഉപാധിവച്ചു. തിരിച്ചടവ് തുക ബജറ്റിൽ ഉൾപ്പെടുത്താൻ കേരളം തയ്യാറല്ല. ഇതോടെ ആ വഴിയും അടഞ്ഞ അവസ്ഥയിലാണ്. കേന്ദ്രസർക്കാരിന്റെ കാപ്പക്സ് വായ്പ (സ്‌പെഷ്യൽ അസിസ്റ്റൻസ് ഫോർ സ്റ്റേറ്റ്സ് ഇൻ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് സകീം) വഴി വിഴിഞ്ഞം പദ്ധതിക്കായി പണം കണ്ടെത്താൻ ശ്രമിച്ചെങ്കിലും, കേന്ദ്രം ഇതുവരെ വായ്പ അനുവദിച്ചിട്ടില്ല.
2024-25ൽ വിഴിഞ്ഞം പദ്ധതി കമ്മിഷൻ ചെയ്യുമെങ്കിലും 15 വർഷത്തിന് ശേഷമേ സർക്കാരിന് ലാഭവിഹിതം ലഭിക്കൂ. ആകെ വരുമാനത്തിന്റെ ഒരു ശതമാനമാണ് ലാഭവിഹിതം. അപ്പോൾ മാത്രം തിരിച്ചടവ് ആരംഭിക്കാമെന്നതായിരുന്നു കേരളത്തിന്റെ നിലപാട്. അത് ഹഡ്‌കോ അംഗീകരിച്ചില്ല. പുലിമുട്ടിന്റെ ആകെ നീളമായ 3100 മീറ്റർ പൂർത്തിയാകുമ്പോൾ 1450 കോടി രൂപ അദാനി ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് നൽകണമെന്നാണ് കരാറിലെ ധാരണ. ഘട്ടംഘട്ടമായി നൽകിയാൽ മതിയെങ്കിലും പുലിമുട്ട് 2000 മീറ്റർ പിന്നിട്ടിട്ടും കേന്ദ്രവും സംസ്ഥാനവും ഒരു രൂപയും നൽകിയിട്ടില്ല.
കേന്ദ്ര വിഹിതമായ 817 കോടി രൂപയും സംസ്ഥാന വിഹിതവും ഉടൻ വാങ്ങിനൽകാമെന്ന് അന്നത്തെ മന്ത്രി അഹമ്മദ് ദേവർകോവിൽ 2022 ഡിസംബറിൽ അദാനി സീപോർട്ട് സിഇഒ രാജേഷ് ഝായ്ക്ക് ഉറപ്പ് നൽകിയിരുന്നു, പക്ഷേ ഉറപ്പ് പാലിക്കപ്പെട്ടില്ല.