- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്; വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെ; ആർച്ച് ബിഷപ്പിന് എതിരെ അടക്കം കേസെടുത്തത് വികൃതമായ നടപടികളെന്ന് ലത്തീൻ അതിരൂപത; ഇതുകേട്ടുകേൾവി ഇല്ലാത്ത സംഭവമെന്ന് വി ഡി സതീശൻ; അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സർക്കാർ എത്തിയെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനെ അടക്കം 50 ഓളം വൈദികർക്കെതിരെ കേസെടുത്തതിനെ രൂക്ഷമായി വിമർശിച്ച് അതിരൂപത രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിൽ ഇപ്പോഴുള്ളത്. വിഴിഞ്ഞത്തെ സംഘർഷം സർക്കാർ ഒത്താശയോടെയാണു നടക്കുന്നത്. സർക്കാരിന്റേത് വികൃതമായ നടപടികളെന്നും സമരസമിതി കൺവീനർ കൂടിയായ ഫാ.തിയോഡിഷ്യസ് ഡിക്രൂസ് പ്രതികരിച്ചു.
ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതിയായി ആണ് പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. സഹായമെത്രാൻ ഡോ.ആർ ക്രിസ്തുദാസ് ഉൾപ്പടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആർ. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു.
വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെ കേസ്. എട്ട് കേസുകളാണ് വിഴിഞ്ഞം പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തത്. സംഘം ചേർന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവർക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്.
അതേസമയം, വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. സഹായമെത്രാൻ ക്രിസ്തുരാജ് ഉൾപ്പെടെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയിലുണ്ട്. അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സർക്കാർ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടിയെന്നും സതീശൻ വിമർശിച്ചു.
വിഴിഞ്ഞത്തുണ്ടായ സംഘർഷം സർക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടർന്നാണെന്ന ലത്തീൻ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചും അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ആർച്ച് ബിഷപ്പിനും വൈദികർക്കും എതിരെ കേസെടുത്ത പൊലീസ് സിപിഎം. പ്രവർത്തകർ സമരം ചെയ്താൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാൻ തയാറാകുമോയെന്നും അദ്ദേഹം ആരാഞ്ഞു.
അദാനിക്ക് വേണ്ടി അടിമവേല ചെയ്യുന്ന സർക്കാർ നിലനിൽപ്പിന് വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരത്തെ വർഗീയവത്ക്കരിച്ച് ഇല്ലാതാക്കുകയെന്ന തന്ത്രമാണ് സർക്കാരും സിപിഎമ്മും തുടക്കം മുതൽക്കെ പയറ്റിയത്. ഇതിന്റെ ഭാഗമായി സിപിഎം- ബിജെപി. കൂട്ടുകെട്ടുണ്ടാക്കിയതും കേരളം കണ്ടതാണ്. അദാനിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വിഴിഞ്ഞം സമരത്തിനെതിരെ സിപിഎം.- ബിജെപി. അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത്. വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിന് പിന്നിൽ ഈ സഖ്യത്തിന് ബന്ധമുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സഖ്യത്തിലേർപ്പെട്ട രണ്ടുകൂട്ടരും എന്തും ചെയ്യാൻ മടിക്കാത്തവരാണെന്നും സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രി സമരസമിതിയുമായി ചർച്ച് ചെയ്ത് വിഷയം പരിഹരിക്കണമെന്നാണ് യു.ഡി.എഫ്. ആവശ്യപ്പെട്ടത്. തുറമുഖ പദ്ധതി നടപ്പാക്കുമ്പോൾ തീരശോഷണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നത് മുൻകൂട്ടിക്കണ്ട് ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്ന് നിയമസഭയിലും പുറത്തും നിരവധി തവണ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന് പകരം കാലങ്ങളായി സിമന്റ് ഗോഡൗണിൽ കിടക്കുന്ന വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ അദാനിക്കൊപ്പം ചേർന്ന് സമരത്തെ ഇല്ലാതാക്കുകയെന്ന നിലപാടാണ് സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ സർക്കാർ കോർപ്പറേറ്റുകൾക്ക് വഴങ്ങി ജനകീയ പ്രശ്നങ്ങളും സമരങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. വിഴിഞ്ഞം സമരത്തിന് യു.ഡി.എഫ്. നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ ഇനിയും തുടരുമെന്നും സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ