ന്യൂഡൽഹി: സുപ്രീംകോടതിയിൽ എട്ടാം വർഷത്തിലേക്ക് കടന്ന എസ്.എൻ.സി. ലാവലിൻ കേസിൽ കോൺഗ്രസ് നേതാവ് വി എം സുധീരന്റെ ഇടപെടലിനെ ആശങ്കയോടെ കണ്ട് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും. കേസ് മെയ്‌ ഒന്നിന് അന്തിമവാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് വി എം സുധീരൻ കേസിൽ ഇടപെടാൻ എത്തുന്നത്. സുധീരന്റെ ഇടപെടലാണ് മെയ്‌ ഒന്നിലേക്ക് വിചാരണ എത്തിക്കുന്നതെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കേസിൽ കക്ഷി ചേരാനുള്ള സുധീരന്റെ താൽപ്പര്യത്തെ പിണറായിയുടെ അടക്കം അഭിഭാഷകർ എതിർക്കും. സുപ്രീംകോടതിയിൽ സുധീരൻ നടത്തിയത് നാടകീയ ഇടപെടലാണ്.

ഹർജികൾ 30 തവണയാണ് മാറ്റിവെച്ചതെന്ന് ചൊവ്വാഴ്ച കേസെടുത്തപ്പോൾത്തന്നെ കോൺഗ്രസ് നേതാവ് വി എം. സുധീരനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദേവ്ദത്ത് കാമത്ത് പറഞ്ഞു. സിബിഐ.ക്ക് ഇതിൽ താത്പര്യമില്ലെന്നും അവരാണ് കേസ് മാറ്റിവെക്കാൻ കൂടുതലും ആവശ്യപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഇത് കേന്ദ്ര ഏജൻസിയെ വെട്ടിലാക്കി. ഇതോടെ ഏതുദിവസവും വാദംനടത്താൻ ഒരുക്കമാണെന്ന് സിബിഐ. വ്യക്തമാക്കി. കോടതിക്കും ഉദാര സമീപനമാണെന്നാണോ പറയുന്നതെന്ന് കാമത്തിനോട് ജസ്റ്റിസ് സൂര്യകാന്ത് ചോദിക്കുകയും ചെയ്തു. ഇതിനിടെ കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സിബിഐ.ക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ കുറ്റവിമുക്തരാക്കപ്പെട്ടതിനാൽ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള എസ്.എൻ.സി. ലാവലിൻ കേസ് സുപ്രീംകോടതിയിലെത്തുന്നത് 2017 ഒക്ടോബറിലാണ്. എട്ടു വർഷങ്ങളിൽ 17 ബെഞ്ചുകളിലായി 22 ജഡ്ജിമാർക്ക് മുന്നിലാണ് ലാവലിൻ കേസ് എത്തിയത്. ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്ത് പരിഗണിച്ചെങ്കിലും കേസിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. ഈ സാഹചര്യമാണ് സുപ്രീംകോടതിയിൽ സുധീരന്റെ അഭിഭാഷകൻ ഉയർത്തി കാട്ടിയത്. ഈ വാദത്തെ സുപ്രീംകോടതിക്കും പരോക്ഷമായി അംഗീകരിക്കേണ്ടി വന്നു. ഇതോടെ നീട്ടിക്കൊണ്ടു പോകൽ തന്ത്രം ഇനി നടക്കില്ലെന്നും ഏതാണ്ട് ഉറപ്പായി.

വേനലവധിക്കുശേഷം ജൂലായ് പത്തിന് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ, നേരത്തേ കേൾക്കണമെന്ന് സിബിഐ. ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മറ്റു കേസുകളുടെ ബാഹുല്യം കാരണം സിബിഐ. ആവശ്യപ്പെട്ടപോലെ മാർച്ചിലോ ഏപ്രിലിലോ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് മേയിൽ പരിഗണിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് തീരുമാനിച്ചത്. ഇതിന് പിന്നിൽ സുധീരന്റെ ഇടപെടലാണ്. മേയിൽ കേസ് പരിഗണിക്കുമ്പോൾ വാദം കേൾക്കേണ്ട സാഹചര്യമാണ് ഇതുണ്ടാക്കുന്നത്. അതിനിടെ സുധീരനെ കേസിലെ മറ്റ് കക്ഷികൾ എതിർക്കുകയും ചെയ്തു. അടുത്ത പരിഗണനാ ദിവസം പിണറായിയുടെ അഭിഭാഷകനും അതിശക്തമായി തന്നെ സുധീരന്റെ വിഷയത്തിൽ നിലപാട് എടുക്കും.

വി എം. സുധീരൻ കേസിൽ കക്ഷിയല്ലെന്ന് കെ.ജി. രാജശേഖരൻ നായർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രാകേന്ദ് ബസന്ത് പറഞ്ഞു. തുടർന്ന് കേസിൽ കക്ഷിചേരാനുള്ള സുധീരന്റെ ആവശ്യം മെയ്‌ ഏഴിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ വാദത്തിൽ സുധീരനെ എതിർക്കാനുള്ള തന്ത്രങ്ങൾ പിണറായിയുടെ അഭിഭാഷകനും അവതരിപ്പിക്കും.

വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ. നൽകിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുൻപാകെയുള്ളത്. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച മുൻ ചീഫ് എൻജിനിയർ കസ്തൂരി രംഗ അയ്യർ, വൈദ്യുതി ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ അംഗം കെ.ജി. രാജശേഖരൻ നായർ എന്നിവരുടെ അപ്പീലും കോടതിയിലുണ്ട്. കേസിൽ കക്ഷി അല്ലാത്ത തന്നെ പ്രത്യേക അനുമതി ഹരജി ഫയൽ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധീരൻ ഹരജി സമർപ്പിച്ചിരിക്കുന്നത്.