രു മുഴുവൻ പട്ടണത്തെയും തുടച്ചു നീക്കാൻ കെൽപുള്ളതും വിഷപ്പുക വമിപ്പിക്കുന്നതും വ്യാപകമായ നാശത്തിന് കാരണമായേക്കാവുന്നതുമായ ഒരു അഗ്‌നിപർവ്വത സ്ഫോടനത്തിന് ഐസ്ലാൻഡ് ഒരുങ്ങുകയാണ്. ഫ്രാഗാഡാൽസ്ഫിയാൽ അഗ്‌നിപർവ്വതത്തിന് ചുറ്റുമായി ഭൂകമ്പവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായതോടെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ അഗ്‌നിപർവ്വതം പൊട്ടിത്തെറിക്കും എന്നാണ് കണക്കുകൂട്ടുന്നത്.

ആധുനിക സാങ്കേതിക വിദ്യയിലെ അദ്ഭുതകരമായ വളർച്ചയും ഇവിടെ കാണാം. ഭൂകമ്പ ആവൃത്തികളെ ശ്രവിക്കാൻ കഴിയുന്ന പിച്ചിലേക്ക് മാറ്റുന്ന ആപ്പ് വഴി ഇപ്പോൾ സാധാരണക്കാർക്കും അഗ്‌നിപർവ്വതത്തിനടിയിൽ നടക്കുന്ന പൊട്ടിത്തെറികളുടെ ശബ്ദം കേൾക്കാനാകും. നോർത്ത്വെസ്റ്റേൺ യൂണിവേഴ്സിറ്റി വികസിപ്പിച്ച എർത്ത്ട്യുൺസ് എന്ന ആപ്പാണ് ഇത് സാധ്യമാക്കുനന്ത്.

വാതിലുകൾ അമർത്തി അടക്കുന്നതിനും ടിൻ ഷീറ്റിട്ട മേൽക്കൂരക്ക് മേൽ ആലിപ്പഴം വീഴുന്നതിനും, ഐസ്ട്രേ പൊട്ടിക്കുന്നതിനും സമാനമായ രീതിയിലുള്ള ശബ്ദമാണ് കേൾക്കുന്നത്. ആരുടെ ഉള്ളിലും ഭയം ജനിപ്പിക്കുന്ന ശബ്ദം. അതേസമയം അത് കൂടുതൽ പേരെ ആകർഷിക്കുന്നുമുണ്ട്. അഗ്‌നിപർവ്വതത്തിന് തൊട്ടടുത്തുൾല ഗ്രിൻഡവിക്കിലെ ജനങ്ങളെ ഐസ്ലാൻഡ് ഒഴിപ്പിച്ചു തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ജിയോതെർമൽ പവർപ്ലാന്റുകളിൽ ഒന്നും ഇതിന്റെ സമീപത്തുണ്ട്.

ഇരുപത്തിനാലു മണിക്കൂറും, ഭൂഗർഭ സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് ഇപ്പോൾ പ്രവർത്തനങ്ങളുടെ തീവ്രത വർദ്ധിച്ചിട്ടുണ്ട് എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഐസ്ലാൻഡിലെ സീസ്മോളജിസ്റ്റുകൾ ഇത് സസൂക്ഷ്മം നിരീക്ഷിച്ച് വിലയിരുത്തുന്നുമുണ്ട്. 2021-2023 ൽ ഫാഗ്രാഡൽസ്ഫെയ്ൽ അഗ്‌നിപർവ്വത സ്ഫോടനത്തിന് ശേഷം നടന്ന ഭൂമികുലുക്കങ്ങൾക്ക് സമാനമായ രീതിയിലുള്ളവയാണ് ഇപ്പോൾ ഭൂഗർഭത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ എന്നാണ് അവർ വിലയിരുത്തുന്നത്.

ഇതിന് സമീപമുൾല ഗ്രിൻഡാവിക്ക് പട്ടണത്തിൽ നിന്നും ഏകദേശം 4000 ആളുകളെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. പ്രശസ്തമായ ബ്ലൂ ലഗൂൺ വിനോദകേന്ദ്രം അടച്ചുപൂട്ടിയിട്ടുമുണ്ട്. അടുത്ത ഏതാനും ദിവസങ്ങളിലായി ഗ്രിൻഡ്വിക് പട്ടണത്തിൽ പലയിടങ്ങളിലായി ഭൂമിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഭൂഗർഭത്തിൽ ചലിക്കുന്ന മാഗ്മ ഭൂമിയുടെ ക്രസ്റ്റിലേക്ക് മർദ്ദം പ്രയോഗിക്കുന്നതിന്റെ ഫലമാണിത്.

അഗ്‌നിനാളങ്ങൾ ഉയരുമെന്നതിനാലും വിഷവാതകം വമിക്കുമെന്നതിനാലുമാണ് ആളുകളെ ഒഴിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അഗ്‌നിപർവ്വത സ്ഫോടനത്തിന് ശേഷം തിരിച്ചു വരാൻ അവിടെ എന്തെങ്കിലും ബാക്കി അവശേഷിക്കുമോ എന്നാണ് കുടിയൊഴിപ്പിക്കപ്പെടുന്നവർ വേവലാതിപ്പെടുന്നത്. ഐസ്ലാൻഡിലെ മിക്ക അഗ്‌നിപർവ്വത സ്ഫോടനങ്ങളും പട്ടണങ്ങളിൽ നിന്നും ജനവാസ കേന്ദ്രങ്ങളിൽ നിന്നും മാറിയാണ് നടക്കുന്നതെങ്കിലും 50 വർഷം മുൻപ് നടന്ന ഒരു സ്ഫോടനത്തിൽ ഹീമേ പട്ടണത്തിന്റെ വലിയൊരു ഭാഗം ലാവകൊണ്ട് മൂടിപ്പോയിരുന്നു.