ജക്കാർത്ത: ഇന്തോനേഷ്യയിലെ മറാപിയിലുണ്ടായ അഗ്‌നിപർവ്വത സ്‌ഫോടനത്തിൽ മരിച്ചത് 11 ഹൈക്കർമാർ. കഴിഞ്ഞ ദിവസമാണ് ഇവിടെ അഗ്‌നിപർവ്വത സ്‌ഫോടനമുണ്ടായത്. ആദ്യം പുറത്തുവന്ന വിവരം ആളപായമില്ല എന്നായിരുന്നു. എന്നാൽ, പിന്നീട് ഇതിന് സമീപത്തായി ഹൈക്കർമാരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നുണ്ടായ പരിശോധനയിൽ നിരവധി പേർമ മരിച്ചതായും പരിക്കേറ്റതായും വ്യക്തമായി.

അഗ്നിപർവത സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്, ലാവയും ചൂടുചാരവും ദേഹത്തു വീണു പൊളിഞ്ഞടർന്ന് മുഖവുമായി സഹായം അഭ്യർത്ഥിക്കുന്നവരുടെ വീഡീയോകളാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ ശരിക്കും നടുക്കുന്നതാണ്. 19 കാരിയായ സഫിറ സഹ്രിം ഫെബ്രിന അവളുടെ കുടുംബത്തെ വിളിച്ചു സഹായം അഭ്യർത്ഥിക്കുന്ന വീഡിയോകളാണ് പുറത്തുവന്നത്. 'അമ്മേ, ഇഫയെ സഹായിക്കൂ,' ഇതാണ് ഇഫയുടെ ഇപ്പോഴത്തെ അവസ്ഥ.' എന്നാണ് പറയുന്നത്.

18 സ്‌കൂൾ സുഹൃത്തുക്കൾക്കൊപ്പം കാൽനടയാത്രയ്ക്കിടെ മലമുകളിൽ കുടുങ്ങിയ യുവതി ഇപ്പോൾ പിതാവിനും അമ്മാവനുമൊപ്പം അടുത്തുള്ള ആശുപത്രിയിലാണ്. വീഡിയോയില് ചൂടു ചാരം വീണും മുഖമടക്കം പൊള്ളിയ അവസ്ഥയിലാണ് കാണുന്നത്. മറ്റു വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. ഇതെല്ലാം നടുക്കുന്നതാണ്. 20 വയസ്സുള്ള യാഷിർലി എന്ന പെൺകുട്ടിയുടെ മുഖത്തും വസ്ത്രത്തിലും മുടിയിലും കട്ടിയുള്ള ചാരവും അഴുക്കും പുരണ്ടിരിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

ഇന്തോനേഷ്യയിലെ തന്നെ ഏറ്റവും സജീവമായ അഗ്‌നിപർവ്വതങ്ങളിൽ ഒന്നാണ് മറാപിയിയിലേത്. അഗ്‌നിപർവ്വത സ്‌ഫോടനം നടക്കുന്ന സമയത്ത് ഇവിടെ 75 ഹൈക്കർമാർ ഉണ്ടായിരുന്നു എങ്കിലും ഭൂരിഭാഗം പേരെയും ഇവിടെ നിന്നും ഒഴിപ്പിക്കാൻ സാധിച്ചു. ഇന്തോനേഷ്യയിലെ സജീവമായ 127 അഗ്‌നിപർവ്വതങ്ങളിൽ ഒന്നായ ഇവിടെ സ്‌ഫോടനത്തിൽ മൂന്ന് കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും ഉയർന്നു. പിന്നാലെ, അധികൃതർ ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയും മുന്നറിപ്പ് നൽകുകയും ചെയ്തു.

സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയ മൂന്നുപേർ ക്ഷീണിതരായിരുന്നു. അവർക്ക് പൊള്ളലും ഏറ്റിരുന്നു എന്ന് പഡാങ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി തലവൻ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 49 ഹൈക്കർമാരെ ഇവിടെ നിന്നും മാറ്റിയിരുന്നു. അതിൽ പലർക്കും പൊള്ളലേറ്റിട്ടുണ്ട്. ഹൈക്കർമാരുടെ സംഘത്തിലെ 12 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ നടക്കുന്നുണ്ട്.

ഞായറാഴ്ചത്തെ അഗ്‌നിപർവ്വതസ്‌ഫോടനത്തിന്റെ വീഡിയോ പ്രചരിച്ചതിൽ ചാരവും പുകയും പരിസരത്താകെ നിറഞ്ഞിരിക്കുന്നതും റോഡുകളും വാഹനങ്ങളുമടക്കം മൂടിക്കിടക്കുന്നതും കാണാമായിരുന്നു. വളരെ ദുർഘടമായ പ്രദേശമായതിനാൽ തന്നെ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടിയാണ് പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹവും ഇവിടെ നിന്നും മാറ്റിയത്.

പരിക്കേറ്റ പലരും നിലവിളിക്കുകയും രക്ഷപ്പെട്ടതിൽ ആശ്വസിക്കുകയും ചെയ്തു. അഗ്‌നിപർവ്വത സ്‌ഫോടനം നടക്കുന്ന സമയത്ത് തിരച്ചിൽ തുടരുന്നത് വളരെ അപകടകരമാണെന്നാണ് പ്രാദേശിക സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിന്റെ വക്താവ് ജോഡി ഹരിയവാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.