- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഷെയറുണ്ടോ എന്ന് പരിശോധിക്കും; എസ് കെ ആശുപത്രിയിലെ ആരോപണം വിടാതെ പിന്തുടരുന്നത് വി എസ് ശിവകുമാറിനെ; എല്ലാം പരസ്യമായി ആശുപത്രി നിഷേധിച്ചിട്ടും കേന്ദ്ര ഏജൻസി വെറുതെ വിടുന്നില്ല; ശിവകുമാറിനെ ചോദ്യം ചെയ്യാൻ ഇഡി; തിങ്കളാഴ്ച ഹാജരാകണം

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ മേുൻ ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ അന്വേഷണം കടുപ്പിക്കാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ശിവകുമാറിനോടും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ എം രാജേന്ദ്രൻ, എൻ എസ് ഹരികുമാർ, ഡ്രൈവർ ഷൈജു ഹരൻ എന്നിവർക്കെതിരെയാണ് അന്വേഷണം. 2011 മുതൽ 2016 വരെ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നതായി പറയുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് അന്വേഷണവിധേയമാക്കിയത്. തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ശിവകുമാർ ഹാജരാകണമെന്നാണ് ഇഡി നോട്ടീസ്.
കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്തുസമ്പാദനവും നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആസ്തികളിലെ വ്യത്യാസം, ബിനാമി ഇടപാടുകൾ, നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ ആരോപണങ്ങളാണ് ശിവകുമാർ നേരിട്ടിരുന്നത്. സ്വന്തം പേരിലും ബിനാമികളുടെപേരിലും ശിവകുമാർ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് അന്വേഷണത്തിന്റെയും എഫ്‌ഐആറിന്റെയും അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്.
യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ശിവകുമാറിനെതിരെ കടുത്ത ആരോപണമാണ് ഉയർന്നിരുന്നത്. സ്വന്തം പാർട്ടിക്കാരായാൽ പോലും ട്രാൻസ്ഫർ പോലുള്ള ചെറിയ ആവശ്യവുമായി മന്ത്രിക്കടുത്ത് ചെന്നാൽ അതിന് പണം വാങ്ങുന്നു എന്നായിരുന്നു അക്കാലത്ത് മന്ത്രിക്കെതിരെ ഉണ്ടായിരുന്ന ആക്ഷേപം. ഇതിനായി തന്നെ ശിവകുമാർ പ്രത്യേകം ആളുകളെ വച്ചെന്ന കേട്ടുകേൾവിയുമുണ്ടായി. ശിവകുമാർ മന്ത്രിയായിരുന്ന കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മന്ത്രി, ബന്ധുക്കളുടെ പേരിൽ മൂന്ന് ആശുപത്രികൾ വാങ്ങിയതായാണ് ഇതിൽ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം.
തലസ്ഥാന നഗരത്തിലെ പ്രമുഖ ആശുപത്രിയും മന്ത്രി വാങ്ങിയെന്നാണ് ആരോപണം. എന്നാൽ ആരോപണം ഇടപ്പഴിഞ്ഞിയിലുള്ള എസ് കെ ആശുപത്രി നിഷേധിക്കുകയും ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിന്റെയും കൂട്ട് പ്രതികളുടെയും വീടുകളിൽ നേരത്തെ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഫ് ഐ ആറും ഇട്ടു. പ്രധാനമായും ആരോഗ്യ - ദേവസ്വം മന്ത്രിയായിരിക്കെ ബിനാമി പേരിൽ ശിവകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ വിവരങ്ങളാണ് വിജിലൻസും അന്വേഷിക്കുന്നത്.
2016ലാണ് ശിവകുമാറിനെതിരെ വിജിലൻസിൽ പരാതി ലഭിക്കുന്നത്. വഴുതക്കാട് സ്വദേശിയുടെ പേരിൽ വന്ന പരാതിയിൽ അന്വേഷണം തുടങ്ങിയെങ്കിലും പരാതിക്കാരെ കണ്ടെത്താനോ മൊഴിയെടുക്കാനോ വിജിലൻസിന് സാധിച്ചിരുന്നില്ല പക്ഷെ ആക്ഷേപങ്ങളിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. തുടർന്ന് അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാർ അനുമതി നൽകി.
18.05.2011 നും 20.05.2016 ഇടയിലാണ് ശിവകുമാറിന്റെ അടുപ്പക്കാരുടൈ സ്വത്തിൽ വർദ്ധനയുണ്ടായെന്നായിരുന്നു വിജിലൻസിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വി എസ് ശിവകുമാറിനൊപ്പം പ്രതിചേർത്തവർ ശിവകുമാറിന്റെ ബിനാമികളാണെന്നും വിജിലൻസിന്റെ എഫ്ഐആർ വിശദീകരിച്ചിരുന്നു. ശിവകുമാർ മന്ത്രിയായിരിക്കെ മൂന്നു പേരും ലക്ഷങ്ങളുടെ അനധികൃത വരുമാനമുണ്ടാക്കി. സ്വത്ത് സമ്പാദനത്തിനായി ശിവകുമാർ ഇവരുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കി. എന്നാൽ ഇതിൽ തുടരന്വേഷണം നടന്നില്ല.
ശിവകുമാറിന്റെയും കൂട്ടുപ്രതികളുടെയും ബാങ്ക് ഇടപാടുകളുടെ വിവരങ്ങൾ വിജിലൻസ് സംഘം ശേഖരിച്ചിരുന്നു ഇതിനെ തുടർന്നാണ് കേസിൽ ശിവകുമാറിനോടൊപ്പം പ്രതി ചേർത്ത ഡ്രൈവറായ ഷൈജു ഹരൻ, എൻ.എസ്.ഹരികുമാർ, എം.എസ്.രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഇവരുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു. പ്രതികളിലൊരാളായ ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ചു സെന്റ് വീടും, ശാന്തി വിള എം.രാജേന്ദ്രൻ ബേക്കറി ജംഗ്ഷനിൽ ഓഫീസ് പണിയാനായി വാങ്ങിയ ഭൂമിയെ കുറിച്ചും അന്വേഷണം നടത്തി. പക്ഷേ പ്രാഥമിക അന്വേഷണത്തിന് അപ്പുറത്തേക്ക് വിജലിൻസ് അന്വേഷണം നീങ്ങിയില്ല.


