ലൺ മസ്‌ക്, ബെർനാർഡ് ആർനോൾട്ട്, ജെഫ് ബെസോസ്, മാർക്ക് സുക്കർബർഗ് എന്നിവരൊക്കെ ഓരോരോ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നർ ആയിട്ടുണ്ട്. എന്നാൽ, ഇവരുടെയൊക്കെ ആസ്തിയുടെ ആകെത്തുകയോളം ആസ്തിയുണ്ടായിരുന്ന ഒരു മഹാരാജ്ഞിയുടെ കഥ ചരിത്രം പറയുകയാണ്. ചരിത്രത്തിലെ അവഗണിക്കപ്പെടാത്ത സാന്നിദ്ധ്യമായ വു സെഷിയൻ അഥവാ വു മഹാറാണിക്ക് ഉണ്ടായിരുന്നത് ഇന്നത്തെ അഞ്ച് അതിസമ്പന്നർക്ക് ഒരുമിച്ചുള്ളതിനേക്കാൾ ഏറെ സ്വത്തായിരുന്നു.

തന്റെ കാലത്തെ ഏറ്റവും വലിയ സമ്പന്നയായിട്ടായിരുന്നു ടാങ്ങ് വംശത്തിലെ വു മഹാറാണി അറിയപ്പെട്ടിരുന്നത്. എന്നാൽ, ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നത് ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും സമ്പന്ന അവർ ആയിരുന്നു എന്നാണ്. അവരുടെ കണക്കാക്കപ്പെട്ട സ്വത്ത് ഏകദേശം 16 ട്രില്യൺ അമേരിക്കൻ ഡോളർ വരും. അതായത്, എലൺ മസ്‌ക്, ബെർനാർഡ് ആർനോൾട്ട്, ജെഫ് ബെസോസ്, ലറി എലിസൺ, മാർക്ക് സുക്കർബർഗ് എന്നിവരുടെ സ്വത്തുക്കൾ എല്ലാം കൂട്ടിയാലും ലഭിക്കുന്നതിനേക്കാൾ കൂടുതൽ

ആർജ്ജിച്ച സ്വത്തിന്റെ കാര്യത്തിൽ വർത്തമാനകാല ലോകത്തെ വൻതോക്കുകളെയെല്ലാം ബഹുദൂരം പുറകിലാക്കിയ വ്യക്തിയാണ് മഹാറാണി. സൗത്ത് ചൈന മോർണിങ് പോസ്റ്റിലെ റിപ്പോർട്ട് പ്രകാരം എ ഡി 624 ൽ ഷാംഗ്ഷി പ്രവിശ്യയിലായിരുന്നു വു മഹാറാണി ജനിച്ചത്. സമ്പന്നനായ ഒരു തടി വ്യാപാരിയുടെ മകളായിട്ടായിരുന്നു ജനനം. പിതാവിന്റെ ഉറ്റ സുഹൃത്തായിരുന്ന ലി യുവാൻ പിന്നീട് ടാങ്ങ് വംശത്തിലെ ചക്രവർത്തിയായി.. അദ്ദേഹമാണ് മഹാറാണിയുടെ ഭാവി നിശ്ചയിച്ചതിൽ പ്രധാന പങ്ക് വഹിച്ചത്.

ടായ്സോംഗ് എന്ന പേരിൽ ചക്രവർത്തിയായ ലി യുവാന്റെ സെക്രട്ടറിയായി ടാങ്ങ് പാലസിൽ ജോലിക്ക് കയറിയ റാണിക്ക് ചെറുപ്പകാലം മുതൽ തന്നെ സാഹിത്യത്തിൽ അതീവ താത്പര്യം ഉണ്ടായിരുന്നു. കേവലം 14 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ വിദ്യാഭ്യാസ രംഗത്ത് തനത് പാത വെട്ടിത്തുറന്ന വനിതയാണവർ എന്നും റിപ്പോർട്ടിൽ പറയുന്നു. എ ഡി 649 -ൽ ചക്രവർത്തിയുടെ മരണത്തോടെ അന്നത്തെ പതിവനുസരിച്ച് ചക്രവർത്തിയുമായി ബന്ധമുള്ള സ്ത്രീകളെയെല്ലാം ബുദ്ധിസ്റ്റ് മൊണാസ്ട്രിയിലേക്ക് പറഞ്ഞു വിട്ടു. ഇവിടെയാണ് വിധിയുടെ വികൃതി മഹാറാണിയുടെ ചരിത്രം തിരുത്തിയെഴുതിയത്.

ചക്രവർത്തിയുടെ മരണത്തിനു ശേഷം അധികാരമേറ്റ, മകൻ ഗാവോസോംഗുമായി പ്രണയത്തിലായിരുന്നു വു മഹാറാണി. അധികാരമേറ്റ് ഒരു വർഷത്തിനകം തന്നെ മൊണാസ്ട്രിയിൽ നിന്നും വു വിനെ തിരിച്ചു വിളിച്ച് തന്റെ കാമുകിയാക്കി പ്രതിഷ്ഠിച്ചു. ഇതോടെ കൊട്ടാരത്തിനകത്ത് വു മഹാറാണിയുടെ സ്വാധീനം വർദ്ധിച്ചു. മാത്രമല്ല, ഔദ്യോഗിക ചക്രവർത്തിനി വാംഗുമായുള്ള അവരുടെ പോര് ശക്തിപ്പെടുകയും ചെയ്തു.

അതിനിടയിൽ വു ചക്രവർത്തിയിൽ നിന്നും ഗർഭം ധരിച്ചു. നിർഭാഗ്യവശാൽ പ്രസവിച്ച് ഏറെ വൈകാതെ ആ കുട്ടി മരണമടഞ്ഞു. കുശാഗ്രബുദ്ധിയായ വു ആ കുറ്റം ചക്രവർത്തിനിയിൽ അടിച്ചേൽപ്പിക്കുകയും അവരുടെ വീഴ്‌ച്ച ഉറപ്പാക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാംഗിനെ പുറത്താക്കിയ ശേഷം വു , ടാങ്ങ് സാമ്രാജ്യത്തിന്റെ ചക്രവർത്തിനിയായി സിംഹാസനമേറി. എ ഡി 655 ൽ ആയിരുന്നു ഇത്.

അടുത്ത അഞ്ച് വർഷക്കാലത്തിനിടയിൽ ചക്രവർത്തി കഠിനമായ തലവേദന അനുഭവിക്കുകയും കാഴ്‌ച്ച വൈകല്യം നേരിടുകയും ചെയ്തു. ആരോഗ്യം മോശമായതോടെ തനിക്ക് വേണ്ടി ഭരണം നടത്താൻ ചക്രവർത്തി വു മഹാറാണിയെ ചുമതലപ്പെടുത്തി. കുശാഗ്ര ബുദ്ധിയായ അവർ, തന്റെ അധികാരം നിലനിർത്തുന്നതിനും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി നിരവധി തന്ത്രങ്ങൾ കളിച്ചിരുന്നതായി ചരിത്രത്തിൽ പറയുന്നു. അധികാരം നിലനിർത്തുന്നതിനായി സ്വന്തം മക്കളെ പോലും അവർ കുരുതി കൊടുത്തതായി ചില ചരിത്രകാരന്മാർ പറയുന്നു.

ഏതാണ്ട് 15 വർഷക്കാലത്തോളം വു മഹാറാണി ചൈന അടക്കി ഭരിച്ചു. ഇക്കാലത്താണ് ചൈനീസ് സാമ്രാജ്യം മദ്ധ്യ ഏഷ്യയിലേക്ക് കൂടി വ്യാപിച്ചത്. ചൈനയുടെ ചരിത്രത്തിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ച ദൃശ്യമായതും ഇക്കാലത്തായിരുന്നു. തേക്കിന്റെയും സിൽക്കിന്റെയും വ്യാപാരമായിരുന്നു പ്രധാനമായും വളർന്നത്. നിരവധി സിനിമകളിലും സീരിയലുകളിലുമൊക്കെ വു മഹാറാണിയുടെ ആഡംബര ജീവിതം പരാമർശിക്കപ്പെട്ടിട്ടുണ്ട്.