പാലക്കാട്: ഇന്നലെ വൈകുന്നേരം എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്നും വളരെ സന്തോഷത്തോടു കൂടിയായിരുന്നു അവർ യാത്ര തിരിച്ചത്. മിന്നുന്ന ലൈറ്റുകളുമിട്ട് ലുമിനസ് ബസും എത്തിയതോടെ എല്ലാവരും ആവേശത്തിലുമായി. നല്ലൊരു വണ്ടിയാണല്ലോ എന്ന് കണ്ടു നിന്ന ചില രക്ഷിതാക്കളും പറഞ്ഞു. ഊട്ടിയിൽ വിനോദയാത്രക്ക് പോകുമ്പോൾ വിദ്യാർത്ഥികളോടായി സ്‌കൂളിലെ അച്ചന്റെ വക ഉപദേശവുമുണ്ടായിരുന്നു. ചെറിയ പ്രാർത്ഥനയോടും കൂടിയാണ് സംഘം യാത്ര തുടങ്ങിയതും. പിന്നീട് ആർപ്പുവിളികളും ഡാൻസുമെല്ലാമായി ആ ബസ് മുന്നോട്ടു പോയി. അതിനിടെ ബസിന്റെ വേഗതയിൽ ചില പരാതികളും പറഞ്ഞു. എന്നാൽ, അതൊന്നും കാര്യാക്കേണ്ടെന്ന ജീവക്കാരുടെ ഉപദേശവും എത്തി.

ഇതോടെ സമയം വൈകിയതോടെ വിദ്യാർത്ഥികൾ ചിലർ സിനിമകൾ കണ്ടും. മറ്റു ചിലർ ഉറക്കത്തിലേക്ക് വീണപ്പോഴും ആട്ടവും പാട്ടുമായി ഒരു കൂട്ടർ ബസിലും ഉണ്ടായിരുന്നു. ഏറെ സന്തോഷത്തോടെ തുടങ്ങിയ ആ യാത്രയിൽ ദുരന്തത്തിന്റെ കണ്ണിൽ വീണത് വളരെ വേഗത്തിലായിരുന്നു. 41 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരുമായി തുടങ്ങിയ ആ വിനോദയാത്രയുടെ ഒടുക്കം മടക്കമില്ലാത്ത യാത്രയായി ആ ആറ് പേർക്ക്. സ്‌കൂളിലെ വിദ്യാർത്ഥികളുടെ പ്രിയങ്കരനായിരുന്ന അദ്ധ്യാപകൻ വി.കെ. വിഷ്ണു(33)വും അഞ്് വിദ്യാർത്ഥികളുമാണ് ദാരുണമായ ബസ് അപകടത്തിൽ മരിച്ചത്.

സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളായ ഉദയം പേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ(17), പത്താംക്ലാസ് വിദ്യാർത്ഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി. തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ്(15), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തിൽ രാജേഷ് ഡി. നായരുടെ മകൾ ദിയ രാജേഷ്(15), തിരുവാണിയൂർ ചെമ്മനാട് വെമ്പ്‌ലിമറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ്(15) എന്നിവരാണ് മരിച്ചത്.

കെ.എസ്.ആർ.ടി.സി ബസിലെ മൂന്ന് യാത്രക്കാരും മരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ. അനൂപ് (22) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു. 38 പേരാണ് തൃശൂർ മെഡിക്കൽ കോളജിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലുള്ളത്. ഇതിൽ നാല് പേരുടെ ആരോഗ്യനില ഗുരുതരമാണ്.

നടുക്കിയ ശബ്ദം ഉണർന്നപ്പോൾ സീറ്റിന് അടിയിൽ

കളിചിരികളുമായി പോയ ഉറ്റചങ്ങാതിമാരിൽ ചിലർ ഇനി തങ്ങൾക്കൊപ്പമില്ലന്ന നടുക്കത്തിലാണ് വിദ്യാർത്ഥികൾ. തലനാരിഴയ്ക്ക് കൈയിൽ കിട്ടിയ ജീവനുമായി രക്ഷപ്പെട്ട വിദ്യാർത്ഥികൾക്ക് ഞെട്ടൽ മാറുന്നില്ല. തങ്ങൾക്കു ചുറ്റം സംഭവിച്ചത യാഥാർത്ഥ്യമാണോ എന്ന് പോലും പലർക്കും മനസ്സിലായില്ല. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്തപ്പോഴാണ് ഇടിച്ചു മറിഞ്ഞത് എന്നാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരു വിദ്യാർത്ഥി പറയുന്നത്. ബസിൽ സിനിമ വച്ചിട്ടുണ്ടായിരുന്നു. കുറേ വിദ്യാർത്ഥികൾ അത് കാണുകയായിരുന്നു. എന്നാൽ ചിലർ ഉറക്കത്തിലുമായിരുന്നു. പെട്ടെന്ന് വലിയ ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒടുവിൽ എമർജൻസി എക്‌സിറ്റ് വഴിയാണ് രക്ഷപ്പെട്ടത് എന്ന് ഒരു വിദ്യാർത്ഥി പറയുന്നു. അപകടത്തിൽ രക്ഷപ്പെട്ട വിദ്യാർത്ഥി അമൃത പറയുന്നത്, താൻ ഉറക്കത്തിലായിരുന്നു. എന്നാൽ പെട്ടെന്ന് ശബ്ദം കേട്ട് ഉണർന്നപ്പോൾ സീറ്റിന് അടിയിൽ ആയിരുന്നു. അവിടുന്ന് എങ്ങനെയോ ആണ് രക്ഷപ്പെട്ട് പുറത്ത് എത്തിയത്. കണ്ണിന് പോറൽ പറ്റിയിട്ടുണ്ടെന്ന് അമൃത പറയുന്നു.

യാത്രയുടെ തുടക്കം മുതൽ അദ്ധ്യാപകരെല്ലാം കൃത്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നു. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം പോലും നിയന്ത്രിച്ച് കരുതലോടെയായിരുന്നു യാത്ര. എന്നാൽ വാഹനം പുറപ്പെട്ടപ്പോൾ തന്നെ അമിതവേഗത്തിലായിരുന്നു. 'കെഎസ്ആർടിസി ബസ്സിന്റെ വലതു വശത്ത് പുറകിലായി ഇടിച്ച് ഞങ്ങളുടെ ബസ് മറിഞ്ഞു. ബസ്സിൽ മുഴുവൻ ചോരയായിരുന്നു. നല്ല സ്പീഡിലാണ് പിന്നീട് ബസ് പോയതെന്നാണ് തോന്നുന്നത്. കാരണം ഹംപൊക്കെ ചാടുമ്പോ നല്ല കുലുക്കത്തിലായിരുന്നു. പിന്നെ ഇടിക്കുകയും മറിയുകയുമായിരുന്നു.' അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഒരു വിദ്യാർത്ഥി പറഞ്ഞു.

'ഞാൻ മയക്കത്തിലേക്ക് പോയിരുന്നു. അപ്പോഴാണ് സീറ്റ് വന്ന് അടിക്കുന്നതു പോലെ തോന്നിയത്. ഒരു ചേട്ടൻ എന്റെ മുകളിലേക്കു വന്നു വീണു. ആ ചേട്ടന്റെ ചോര എന്റെ ഉടുപ്പിലായി. എനിക്ക് കാര്യമായി ഒന്നും പറ്റിയില്ല. പക്ഷേ കൂടെ ഇരുന്ന കൂട്ടുകാരി ബസ്സിനടിയിൽപ്പെട്ടു. അവളെ പുറത്തെടുക്കാൻ പ്രയാസപ്പെട്ടു' മറ്റൊരു വിദ്യാർത്ഥിനി പറഞ്ഞു. അപകടത്തിൽ പെട്ടെന്ന് ബോധ്യമായി പുറത്തിറങ്ങിയപ്പോൾ ഉറ്റവരുടെ രക്തത്തിൽ കുളിച്ച മൃതദേഹമാണ് പലരും കണ്ടത്. ചിലരുടെ കൈ അറ്റുപോയിരുന്നു. ഒരാളുടെ കാലും അറ്റു. അപകടമാണെന്ന് അറിഞ്ഞ് ഓടിക്കൂടിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങൾക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്‌സാക്ഷി പറയുന്നത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്നും ദൃക്‌സാക്ഷി പറയുന്നു. അപകടത്തിന് പിന്നാലെ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ ഉണ്ടായത്. അപകട സ്ഥലത്തേക്ക് ആംബുലൻസും ക്രെയിനുമടക്കമുള്ളവ എത്തിയത് ഏറെ ബുദ്ധിമുട്ടിയാണ്. ക്രെയിൻ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയർത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കെഎസ്ആർടിസി ബസിന്റെ പിന്നിലേക്ക് ഇടിച്ച് കയറിയ പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികൾ ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു.

അപകടം ക്ഷണിച്ചു വരുത്തിയത് അമിതവേഗം

അമിതവേഗതയാണ് അപകടം ക്ഷണിച്ചു വരുത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. അപകടത്തിന് തൊട്ടുമുമ്പ് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗതയിലായിരുന്നു ടൂറിസ്റ്റ് ബസ്. കോൺട്രാക്ട് ഗാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോ മീറ്ററായിരക്കവേയാണ് ഈ വേഗത. അമിത വേഗതയിലാണെന്ന് ഡ്രൈവറോട് പറഞ്ഞിട്ടും അദ്ദേഹം അത് കേട്ടില്ലെന്നും വിദ്യാർത്ഥികൾ മന്ത്രി എം ബി രാജേഷിനോട് പറഞ്ഞു. മന്ത്രിമാരായ എം.ബി രാജേഷ്,കൃഷ്ണൻകുട്ടി,ഷാഫി പറമ്പിൽ എംഎ‍ൽഎ തുടങ്ങിയവരെല്ലാം സംഭവ സ്ഥലത്തെത്തിയിരുന്നു. കോട്ടയം ആർ ടി ഓ ബ്ലാക്ക് ലിസ്റ്റ് ചെയ്ത വാഹനം കൂടിയാണ് അപകടത്തിൽ പെട്ടത്. ബസിനെതിരെ നേരത്തെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വേളാങ്കണ്ണി പോയി വന്ന ഉടനെയാണ് ടൂറിസ്റ്റ് ബസ് ഡ്രൈവർ ഊട്ടി യാത്രക്ക് പുറപ്പെട്ടതെന്ന് രക്ഷിതാവ് ആരോപിച്ചു.

അതേസമയം, സ്‌കൂളുകളിൽ വിനോദ സഞ്ചാരം നടത്തുന്നതിന് മുൻകൂട്ടി അനുമതി വാങ്ങണമെന്നും ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ മോടോർ വാഹന വകുപ്പിന് അറിയിക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.ടൂറിസ്റ്റ് ബസ് വാടകക്ക് എടുക്കുമ്പോൾ സ്‌കൂളുകൾ ഡ്രൈവർമാരുടെ പശ്ചാത്തലം നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ ഗതാഗതവകുപ്പും വിദ്യാഭ്യാസവകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കും

ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. കോട്ടയം ആർടിഒയാണ് നടപടി ഏകോപിപ്പിക്കുന്നത്. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ഉടമ അരുണിനെ ആർടിഒ വിളിച്ചു വരുത്തും.

അപകടത്തെക്കുറിച്ച് വിദ്യാഭ്യാസം വകുപ്പ് അന്വേഷണം നടത്തും. വിദ്യാഭ്യാസ ഡയറക്ടർക്കാണ് ചുമതലയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാർഗ നിർദ്ദേശങ്ങൾ പാലിച്ചോ എന്നതുൾപ്പടെ നോക്കും. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ മുൻകരുതൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.