വയനാട്: പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങുമ്പോൾ പ്രതിസന്ധിയിലാകുന്നത് വനം വകുപ്പ്. ജനരോഷം വീണ്ടും ആളിക്കത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ രാഷ്ട്രീയ പ്രശ്‌നമായും ഇത് മാറി. ഇത് മനസ്സിലാക്കിയാണ് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി പുൽപ്പള്ളിയിലേക്ക് എത്തിയത്. ബിജെപി വയനാട്ടിലെ വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. നല്ലൊരു ആശുപത്രി പോലും വയനാട്ടിന് ഇല്ലെന്ന ചർച്ച പോളിന്റെ മരണത്തോടെ ഉയർന്നിരുന്നു. പുൽപള്ളിയിൽ നിരോധനാജ്ഞ തുടരുന്നു. കഴിഞ്ഞ ദിവസം സംഘർഷത്തിനു നേതൃത്വം നൽകിയവർക്കെതിരെ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.

ഇതിനിടെയാണ് കടുവാ പേടി തുടരുന്നത്. ആശ്രമക്കൊല്ലി ഐക്കരകുടിയിൽ എൽദോസിന്റെ പശുക്കിടാവിനെ കടുവ പിടികൂടി. ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കടുവ ചാണകക്കുഴിയിൽ വീഴുകയായിരുന്നു. ഇവിടെ നിന്നും സമീപത്തെ തോട്ടത്തിലേക്ക് കയറിപ്പോയി. കടുവയുടെ കാൽപ്പാടുകൾ പ്രദേശത്ത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതേസമയം, വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം കടുപ്പിക്കാർ താമരശേരി രൂപത തീരുമാനിച്ചു. ഇന്ന് കുർബ്ബാനയ്ക്കു ശേഷം ഇടവകകളിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കും. 22നു കലക്ട്രേറ്റിനു മുന്നിൽ ഉപവാസം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയമായി തന്നെ വിഷയം ചർച്ചയാകട്ടേ എന്നതാണ് രൂപയുടെ നിലപാട്. ആനയേയും ഇതുവരെ പിടിക്കാൻ വനംവകുപ്പിനായിട്ടില്ല.

വയനാട്ടിൽ വന്യജീവി ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകൾ സ്ഥലം എംപി കൂടിയായ രാഹുൽഗാന്ധി സന്ദർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിവച്ച ശേഷമാണ് രാഹുൽ വയനാട്ടിലേക്ക് തിരിച്ചത്. വീടുകൾ സന്ദർശിച്ച ശേഷം കൽപറ്റ ഗസ്റ്റ് ഹൗസിൽ ചേരുന്ന അവലോകനയോഗത്തിലും നിലപാട് വിശദീകരിക്കും. അതിന് ശേഷമാകും മടക്കം. ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നൽകിയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്.
ഒരാഴ്ചയ്ക്കിടെ 2 പേരെ കാട്ടാന ചവിട്ടിക്കൊന്ന വയനാട്ടിൽ അധികൃതർക്കെതിരെ ജനരോഷം അണപൊട്ടി. 2 തവണ പൊലീസ് ലാത്തിച്ചാർജ് നടത്തിയതോടെ സ്ഥിതി സ്‌ഫോടനാത്മകമായി. വെള്ളിയാഴ്ച കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച വനംവാച്ചർ പോളിന്റെ മൃതദേഹം രാവിലെ പത്തോടെ പുൽപള്ളിയിലെത്തിച്ചപ്പോൾ മുതൽ സംഘർഷാവസ്ഥയായിരുന്നു.

നഷ്ടപരിഹാരത്തിന്റെ ഭാഗമായി ഇന്നലെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകാനായിരുന്നു തീരുമാനമെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് 10 ലക്ഷവും നൽകുമെന്നറിയിച്ചു. എന്നാൽ പണം നൽകിയില്ലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസം അതിരൂക്ഷമായാണ് ജനക്കൂട്ടം പ്രതികരിച്ചത്. ജനക്കൂട്ടം ഫോറസ്റ്റ് ജീപ്പിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് ഷീറ്റ് കുത്തിക്കീറി. പുൽപള്ളിയിൽ കടുവ കൊന്ന മൂരിയുടെ ജഡം ജീപ്പിന്റെ ബോണറ്റിൽ വച്ച ജനക്കൂട്ടം ജീപ്പിനു മുകളിൽ വനംവകുപ്പിനു റീത്തും സമർപ്പിച്ചു. തടയാനെത്തിയപ്പോൾ അവർ പൊലീസിനു നേരെ തിരിഞ്ഞു. തുടർന്നായിരുന്നു ലാത്തിച്ചാർജ്.

ജീപ്പിലുണ്ടായിരുന്ന ഡപ്യൂട്ടി റേഞ്ച് ഓഫിസർ വി.ആർ.ഷാജിയെ ഹൃദയാഘാതമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാർക്കും ഏതാനും പൊലീസുകാർക്കും പരുക്കേറ്റു. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി.സിദ്ദീഖ് എന്നിവരടക്കമുള്ളവർക്കു നേരെ കുപ്പിയേറും ചീത്തവിളിയുമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു എംഎൽഎ എന്നിവർ സ്ഥലത്തെത്താത്തതിലായിരുന്നു കടുത്ത പ്രതിഷേധം. ഉച്ചയ്ക്കു 2 മണിയോടെ പോളിന്റെ മൃതദേഹം പാക്കത്തെ വീട്ടിലെത്തിച്ചപ്പോഴും വൻ പ്രതിഷേധമുണ്ടായി. എഡിഎം എം.ദേവകിയെ 15 മിനിറ്റോളം തടഞ്ഞുവച്ചു. പൊലീസ് ബലംപ്രയോഗിച്ചാണ് സമരക്കാരെ മാറ്റിയത്.

വൈകിട്ട് 5.20ന് പുൽപള്ളി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ പോളിനെ സംസ്‌കരിച്ചു. വയനാട്ടിൽ ഇന്നലെ എൽഡിഎഫും യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ പൂർണമായിരുന്നു.