കൽപ്പറ്റ: വയനാട്ടിൽ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനരോഷം തണുപ്പിക്കാൻ മൂന്ന് മന്ത്രിമാർ വയനാട്ടിലേക്ക് പോകാൻ തീരുമാനമായി. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ വകുപ്പുമന്ത്രി കെ. രാജൻ, തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരാണ് വയനാട്ടിലെത്തുക. മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

പ്രശ്നബാധിതമായ, വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായ സ്ഥലങ്ങളിൽ 250 ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് മന്ത്രിമാരും അടിയന്തിരമായി വയനാട്ടിലെത്തി കളക്റ്റ്രേറ്റിൽ യോഗം ചേരാനും തീരുമാനിച്ചു. ഇതിനുശേഷം, വയനാട്ടിൽ ചെയ്യേണ്ട തുടർനടപടികളെ സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനവും യോഗത്തിൽ എടുത്തിട്ടുണ്ട്.

ഭരണകക്ഷി നേതാക്കൾ പുൽപ്പള്ളിയിൽ എത്താതിരുന്നതോടെ, ജനരോഷത്തിന് ഇരയായത് പ്രതിപക്ഷ എംഎൽഎമാരായ ടി.സിദ്ദിഖും ഐ.സി.ബാലകൃഷ്ണനുമായിരുന്നു. എംഎൽഎമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധക്കാർ പൊലീസിന് നേരെ കുപ്പിയെറിഞ്ഞതോടെയാണ് പൊലീസ് ലാത്തിവീശി. എംഎൽഎമാരായ ടി സിദ്ദിഖിനേയും ഐസി ബാലകൃഷ്ണനെതിരേയും സ്ഥലത്ത് കൈയേറ്റ ശ്രമമുണ്ടായി. മരിച്ച പോളിന്റെ കുടുംബത്തിനുള്ള സർക്കാർ പാക്കേജിനെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയുണ്ടായ ബഹളത്തിനിടെ ജനങ്ങൾ ഇവർക്കെതിരെ വെള്ളക്കുപ്പികളും കസേരകളും എറിയുകയായിരുന്നു. പൊലീസെത്തിയാണ് ജനപ്രതിനിധികളെ സംഘർഷത്തിനിടയിൽ നിന്നും രക്ഷപ്പെടുത്തിയത്.

പാക്കത്ത് കാട്ടാന ചവിട്ടിക്കൊന്ന വെള്ളച്ചാൽ പോളിന്റെ മൃതദേഹവുമായി ആയിരക്കണക്കിനാളുകളാണു പുൽപ്പള്ളി ടൗണിൽ പ്രതിഷേധിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെ സമാധാനപരമായി തുടങ്ങിയ സമരം ഒടുവിൽ ലാത്തിച്ചാർജിലേക്കു വരെ എത്തി. പ്രതിഷേധം അക്രമാസക്തമായതോടെ പുൽപ്പള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

പോളിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെങ്കിലും ആംബുലൻസിൽ നിന്ന് ഇറക്കാൻ ബന്ധുക്കൾ തയ്യാറായില്ല. വനം വകുപ്പിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് വയനാട്ടിൽ ഉണ്ടായത്. സർവകക്ഷിയോഗത്തിലുണ്ടായ തീരുമാനങ്ങൾ എഡിഎം വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല.

പോളിന്റെ മൃതദേഹം സംസ്‌കരിച്ചു

പിന്നീട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് ജീവനക്കാരൻ പോളിന്റെ മൃതദേഹം സംസ്‌കരിച്ചു. പുൽപ്പള്ളി സെന്റ് ജോർജ് പള്ളിയിലാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. കാട്ടാനയുടെ ആക്രമണത്തിൽ ഇന്നലെയാണ് പോൾ കൊല്ലപ്പെട്ടത്. പോളിന്റെ മരണത്തിൽ പുൽപ്പള്ളിയിൽ വലിയ സംഘർഷം നടന്നിരുന്നു. കുടുംബത്തിന് നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമായതിന് ശേഷമാണ് പ്രദേശവാസികൾ പ്രതിഷേധം അവസാനിപ്പിച്ചത്.

പോളിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നൽകും. കുടുംബത്തിന് പണം ഇന്നുതന്നെ കൈമാറുമെന്ന് എഡിഎം ദേവകി അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങിയാണ് മുഴുവൻ തുകയും ഇന്നുതന്നെ നൽകാൻ ധാരണയായത്. തുടക്കത്തിൽ അഞ്ചുലക്ഷം നൽകാനായിരുന്നു നീക്കം. പോളിന്റെ മകളുടെ പഠനം സർക്കാർ ഏറ്റെടുക്കും. ഭാര്യയ്ക്ക് താത്കാലിക ജോലി നൽകാനും തീരുമാനമായി.

നേരത്തെ, പുൽപ്പള്ളി ടൗണിൽ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ നാട്ടുകാർ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തിരുന്നു. ജീപ്പിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് വലിച്ചുകീറുകയും ചെയ്തു. രോഷാകുലരായി ജനക്കൂട്ടം ജീപ്പ് വളയുകയായിരുന്നു. തുടർന്ന്, ജീപ്പിന് മുകളിൽ വനംവന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വെച്ചു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ വച്ചു.

സംഘർഷത്തിനിടെ, പുൽപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പിആർ ഷാജിക്ക് ഹൃദയാഘാതമുണ്ടായി. മദ്യപിച്ചുവെന്ന് ആരോപിച്ച് ആളുകൾ മർദിച്ചതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഇദ്ദേഹത്തെ മാനന്തവാടി സർക്കാർ മെഡിക്കൽ കോളജിൽ നിന്നും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.