സുൽത്താൻ ബത്തേരി: എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്ന പ്രജീഷിന്റെ ദാരുണാന്ത്യം കൂടല്ലൂർ ഗ്രാമത്തെയൊന്നാകെ കണ്ണീരിലാഴ്‌ത്തി. വന്യജീവി ആക്രമണം കൊണ്ട് കർഷകർ പൊറുതിമുട്ടിയ പ്രദേശമായ കൂടല്ലൂരിലാണ് ദാരുണമായ സംഭവം ഉണ്ടായത്. കൂടല്ലൂർ ഗ്രാമം ശരിക്കും ഒരു ക്ഷീര കർഷകരുടെ ഗ്രാമമാണ്. നിരവധി പേരാണ് ഇവിടെ കന്നുകാലി വളർത്തലിലൂടെ ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത്. കാട്ടാനയുടെ ആക്രമണങ്ങൾ മൂലം കൃഷി നശിക്കുന്നതും ഇവിടെ പതിവാണ്. മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവവും കൂടല്ലൂരിലുണ്ട്.

അധ്വാനശീലനായ ക്ഷീരകർഷകനു നിനച്ചിരിക്കാതെയുണ്ടായ ദുരന്തം ബന്ധുക്കളെയും നാട്ടുകാരെയും തളർത്തി. പശുക്കളെയും ആടുകളെയും വളർത്തിയുണ്ടാക്കുന്ന തുച്ഛവരുമാനത്തിലാണു പ്രജീഷ് കുടുംബം പുലർത്തുന്നത്. വന്യജീവികളെ പേടിച്ച് പുല്ലരിയാനും മറ്റും പോകാതിരുന്നാൽ പട്ടിണിയാകും. ഇതോർത്താണ് പ്രജീഷും കുടുംബം പുലർത്താനായി പശുവിന് തീറ്റ കൊടുക്കാൻ പുല്ലരിയാൻ പോയത്.

രാവിലെ മുതൽ തുടങ്ങുന്ന കഷ്ടപ്പാടാണ്. പ്രജീഷിനു സംഭവിച്ച ദുരന്തവാർത്ത ശരവേഗത്തിലാണു നാട്ടിലെല്ലാം പടർന്നത്. വിവരമറിഞ്ഞവർ കൂട്ടത്തോടെ വീട്ടിലേക്കെത്തി. മാതാവ് ശാരദയെയും സഹോദരങ്ങളെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ അവർ വീർപ്പുമുട്ടി. കടുത്ത രോഷവും സങ്കടത്തിലുമാണ് നാട്ടുകാർ. മറ്റു കൃഷികളെല്ലാം വന്യജീവി ശല്യത്തെത്തുടർന്ന് ചെയ്യാൻ കഴിയാതെ വന്നതോടെയാണ് പ്രദേശത്തുള്ള മറ്റു കർഷകരെപ്പോലെ പ്രജീഷും കന്നുകാലിവളർത്തലിലേക്കു തിരിഞ്ഞത്.

കുടുംബത്തിന് അടിയന്തര സഹായം എത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നരഭോജി കടുവയെ പിടികൂടാത്ത പക്ഷം നാട്ടുകാർ തുടർപ്രക്ഷോഭവും സംഘടിപ്പിക്കും. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ചെതലയം റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്ഷനിൽപെടുന്ന ഭാഗമാണിത്. സംഭവമറിഞ്ഞ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി. കലക്ടറും ഡി.എഫ്.ഒയും സ്ഥലത്തെത്തണമെന്നും കടുവയെ വെടിവെച്ചു കൊല്ലണമെന്നും ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിച്ചു.

എട്ടരയോടെ ഐ.സി. ബാലകൃഷ്ണൻ എംഎ‍ൽഎ, ഡി.എഫ്.ഒ ഷജ്ന കരീം, ബത്തേരി ഡിവൈ.എസ്‌പി കെ. അബ്ദുൽ ഷരീഫ് തുടങ്ങിയവരുമായി നടത്തിയ ചർച്ചയിൽ കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകാൻ ധാരണയായി. കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കും. മേഖലയിലെ വനാതിർത്തിയിൽ ടൈഗർ ഫെൻസിങ് സ്ഥാപിക്കും. കാട് വെട്ടിത്തെളിക്കാൻ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകൾക്ക് നിർദ്ദേശം നൽകും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നോർത്ത് സി.സി.എഫിന് കൈമാറാനും തീരുമാനിച്ചു.

അതേസമയം വയനാട്ടിൽ കടുവ പെറ്റുപെരുകിയ അവസ്ഥയാണ് നിരന്തരം കടുവാ ആക്രമണത്തിന് ഇടയാക്കുന്നത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ വയനാട്ടിൽ കൊല്ലപ്പെട്ടതു 2 പേരാണ്. ജനുവരി 12നു പുതുശ്ശേരി വെള്ളാരംകുന്നിലെ കാപ്പിത്തോട്ടത്തിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസിയായ തോമസ് (സാലു-50) കൊല്ലപ്പെട്ടിരുന്നു. ഇന്നലെ വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിക്കത്തറപ്പിൽ പ്രജീഷ് (37) ആണ് ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടത്.

അതിനിടെ, ജില്ലയിൽ പലഭാഗങ്ങളിലും കടുവകൾ കൂട്ടത്തോടെയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നുതിന്നു. വാകേരി, വാലി എസ്റ്റേറ്റ്, ബീനാച്ചി എസ്റ്റേറ്റ് എന്നിവിടങ്ങളിലും ബത്തേരി നഗരസഭ, മീനങ്ങാടി, അമ്പലവയൽ, പൂതാടി, നെന്മേനി, നൂൽപുഴ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും കടുവയുടെ ശല്യം അതിരൂക്ഷമാണ്. വൻ ഗതാഗതത്തിരക്കുള്ള താമരശ്ശേരി ചുരത്തിൽപോലും കഴിഞ്ഞദിവസം പലതവണ കടുവയെ ആളുകൾ കണ്ടു.

ദേശീയ കടുവാസംരക്ഷണ അഥോറിറ്റിയുടെ 2018ലെ കണക്കനുസരിച്ചു മാത്രം വയനാട്ടിൽ 154 കടുവകളുണ്ട്. വയനാട് ഉൾപ്പെട്ട നീലഗിരി ജൈവമണ്ഡലത്തിൽ കടുവയുടെ എണ്ണം കൂടിവരികയാണ്. 2022ൽ കടുവ സെൻസസ് നടത്തിയെങ്കിലും റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 97ൽ 73, 2002ൽ 71, 2006ൽ 46, 2010ൽ 71, 2014ൽ 136, 2018ൽ 190 എന്നിങ്ങനെയാണ് കേരളത്തിലാകെ കടുവകളുടെ എണ്ണത്തിലുണ്ടായ വർധന. രാജ്യത്തെ കടുവകളുടെ എണ്ണത്തിൽ പ്രതിവർഷം 6 ശതമാനം വർധനയുണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്.