തിരുവനന്തപുരം: കേരള പൊലീസ് മേധാവിയാവുന്ന ആദ്യ വനിതയായി ചരിത്രമെഴുതാനുള്ള ഡോ.ബി. സന്ധ്യയുടെ വഴിയടച്ചാണ് നിലവിലെ ഡി.ജി.പി അനിൽകാന്തിന് രണ്ടുവർഷം സർക്കാർ കാലാവധി നീട്ടി നൽകിയത്. തന്നേക്കാൾ സീനിയറായ മൂന്ന് ഡി.ജി.പിമാർക്ക് പൊലീസ് മേധാവി കസേരയിലേക്കുള്ള വഴിയടച്ചാണ് അനിൽകാന്ത് പൊലീസ് മേധാവി കസേരയിൽ തുടർന്നത്. ഇതിൽ സുധേഷ് കുമാർ വിരമിച്ചു. ബി.സന്ധ്യയും ടോമിൻ തച്ചങ്കരിയുമാണ് ബാക്കിയുള്ളത്. അനിൽകാന്തിന് 2023 ജൂൺ 30വരെ പൊലീസ് മേധാവിയായി തുടരാനാവും. നിയമിക്കപ്പെട്ടിരുന്നെങ്കിൽ സംസ്ഥാനത്ത് പൊലീസ് മേധാവിയാവുന്ന ആദ്യ വനിതയായി ബി.സന്ധ്യ മാറുമായിരുന്നു.

ബി.സന്ധ്യയ്ക്ക് 2023 മെയ്‌ വരെയും മനുഷ്യാവകാശ കമ്മിഷൻ ഡയറക്ടർ ജനറൽ ഒഫ് ഇൻവെസ്റ്റിഗേഷൻ ടോമിൻ തച്ചങ്കരിക്ക് 2023 ജൂലായ് വരെയുമാണ് കാലാവധി. എക്‌സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണനും ഇനി അവസരമില്ല. 2023മെയ്‌ വരെയാണ് അദ്ദേഹത്തിന് സർവീസുള്ളത്. സുധേഷ് കുമാർ വിരമിച്ചതോടെ ആനന്ദകൃഷ്ണന് ഡി.ജി.പി റാങ്ക് ലഭിക്കുമെങ്കിലും പൊലീസ് മേധാവിയാവാനാവില്ല. കേരള കേഡറിൽ ഏറ്റവും സീനിയറായ അരുൺകുമാർ സിൻഹ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പി.ജിയുടെ മേധാവിയാണ്. 2023മെയ്‌ വരെ കാലാവധിയുള്ള അദ്ദേഹം കേരളത്തിലേക്ക് മടങ്ങാൻ താത്പര്യപ്പെടാതിരുന്നതോടെയാണ് അനിൽകാന്തിന് നറുക്ക് വീണത്.

1987ബാച്ചിലെ സുധേഷ്‌കുമാറിനെയും 1988ബാച്ചിലെ ബി.സന്ധ്യയേയും ഒഴിവാക്കിയാണ് സംസ്ഥാന പൊലീസിന്റെ 34-ാം മേധാവിയായി 1989ബാച്ചിലെ അനിൽകാന്തിനെ പൊലീസ് മേധാവിയാക്കിയത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് മേധാവിക്ക് രണ്ടു വർഷം വരെ കാലാവധി നൽകാമെങ്കിലും, നിയമന ഉത്തരവിൽ കാലാവധി രേഖപ്പെടുത്തിയിരുന്നില്ല. അഞ്ചുമാസത്തെ പ്രവർത്തനം കൂടി വിലയിരുത്തിയാണ് അനിൽകാന്തിന് സേവനം നീട്ടിനൽകിയത്.

വിരമിച്ചശേഷം പൊലീസ് മേധാവിക്ക് സേവനം നീട്ടിനൽകുന്നത് സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു. പൊലീസ് മേധാവിയായി അഞ്ചുമാസക്കാലം സർക്കാരിന്റെ ഇംഗിതത്തിനൊപ്പം പ്രവർത്തിച്ച അനിൽകാന്തിൽ സർക്കാർ വിശ്വാസമർപ്പിക്കുകയായിരുന്നു. അനിൽകാന്ത് രാജിവച്ചാലേ ഇനി സന്ധ്യയ്ക്കും തച്ചങ്കരിക്കും രക്ഷയുള്ളൂ. പൊലീസ് മേധാവിയെ രണ്ടുവർഷത്തേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും വിരമിക്കുന്നവർക്ക് ബാധകമല്ല. കാലാവധി നീട്ടാൻ സർക്കാരിന് അധികാരമുണ്ട്.

30വർഷം സർവീസുള്ള ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് പൊലീസ് മേധാവിയാകാൻ പരിഗണിക്കാറുള്ളത്. അനിൽകാന്തിന്റെ കാലാവധി കഴിഞ്ഞശേഷം സീനിയോരിറ്റിയിൽ മുന്നിൽ കെ.പത്മകുമാറാണ്. 2025 ഏപ്രിൽ വരെ സർവീസുണ്ട്. ഷേഖ് ദർവേഷ് സാബിബിന് 2024 ജൂലൈ വരെയും ഐ.ബിയിലുള്ള ഹരിനാഥ് മിശ്രയ്ക്ക് 2025 ജൂലൈ വരെയും രവാഡാ ചന്ദ്രശേഖറിന് 2026 ജൂലൈ വരെയും സർവീസുണ്ട്.

ഇന്റലിജൻസ് മേധാവിയായ ടി.കെ.വിനോദ്കുമാറിന് 202 5ഓഗസ്റ്റ് വരെയും വിജിലൻസ് മേധാവി മനോജ്എബ്രഹാമിന് 2031 ജൂൺ വരെയും കാലാവധിയുണ്ട്. അതിനാൽ അൽഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ പത്മകുമാറായിരിക്കും അടുത്ത ഡി.ജി.പി.