- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2012 ജൂലൈ 22ന് ഫേസ്ബുക്കിൽ കുറിച്ചത് കോലി സച്ചിന്റെ റെക്കോർഡ് മറികടക്കുമെന്ന്; പിന്നെ വിരാട് ഓരോ സെഞ്ചറിയടിക്കുമ്പോഴും കമന്റായി അപ്ഡേഷൻ; പക്ഷേ 35-ാം സെഞ്ച്വറിക്കുശേഷം അവനെ മരണം തട്ടിയെടുത്തു; കണ്ണീർ ഓർമ്മയായി ഷിജു ബാലാനന്ദൻ
റെക്കോർഡുകൾ തകർക്കാനുള്ളതാണെന്നാണ് നാം പൊതുവെ പറയുക. പക്ഷേ ഒരു സൂചനയും ഇല്ലാത്ത ഒരു സമയത്ത്, ക്രിക്കറ്റ് ദൈവം സച്ചിൽ ടെൻഡുൽക്കറുടെ റെക്കോർഡ് തകരുമെന്ന് പറയണമെങ്കിൽ അസാധ്യമായ ചങ്കൂറ്റം വേണം. പക്ഷേ കൊച്ചി ഇടപ്പള്ളി സ്വദേശി ഷിജു ബാലാനന്ദൻ അത്തരത്തിലൊരാൾ ആയിരുന്നു. ഏകദിന ക്രിക്കറ്റിലെ 49 സെഞ്ചറിയെന്ന റെക്കോർഡുമായി സച്ചിൻ കളിയവസാനിക്കുമ്പോൾ അത് തകർക്കാൻ കഴിയമെന്ന് അധികമാരും കരുതിയില്ല. പക്ഷേ കടുത്ത ക്രിക്കറ്റ് കമ്പക്കാരനായ ഷിജു അത്തരമൊരു പ്രവചനം നടത്തി.
പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് 2012 ജൂലൈ 22നാണ് ശ്രീലങ്കയ്ക്കെതിരെ കോലി സെഞ്ചറി നേടിയപ്പോൾ ഷിജു ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു.. 'സച്ചിന്റെ ഏകദിന സെഞ്ചറികളുടെ റെക്കോർഡ് കോലി മറികടക്കും'. കോ്ലി സെഞ്ച്വറിയടിച്ച് കാണികളെ അഭിവാദ്യം ചെയ്യുന്ന ചിത്രം സഹിതമായിരുന്നു കുറിപ്പ്. സച്ചിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് 49 ഏകദിന സെഞ്ച്വറിയായതിനാൽ അന്നത് അവിശ്വസനീയമായി തോന്നിയ ക്രിക്കറ്റ് ആരാധകർ ആ പ്രവചനം ചിരിച്ചുതള്ളി. ചിലരൊക്കെ കളിയാക്കി.
എന്നാൽ, അന്ന് കോലി വെറും 12 സെഞ്ച്വറി മാത്രമേ നേടിയിട്ടുണ്ടായിരുന്നുള്ളു. പോസ്റ്റിൽ കമന്റുകളുടെ ബഹളമായി. സ്വപ്നത്തിന് പരിധികളുണ്ടെന്ന് പലരും പറഞ്ഞെങ്കിലും ഷിജു തന്റെ പ്രവചനത്തിൽ ഉറച്ചു നിന്നു തുടർന്ന്, കോലി ഓരോ സെഞ്ച്വറി അടിച്ചുകൂട്ടുമ്പോഴും ആ പോസ്റ്റിന്റെ കമന്റിൽ ഷിജു എണ്ണം കുറിച്ചുകൊണ്ടിരുന്നു. 35ാം സെഞ്ചറി വരെ അത് തുടർന്നു. അതിനു ശേഷം തന്റെ പ്രവചനം ഓർമിപ്പിക്കാനോ സെഞ്ചറികൾ അടയാളപ്പെടുത്താനോ അയാൾ എത്തിയില്ല. മരണം കാർ ആക്സിഡന്റിന്റെ രൂപത്തിൽ ക്രിക്കറ്റും പ്രവചനങ്ങളും ഇല്ലാത്ത ലോകത്തേക്ക് അയാളെ കൂട്ടിക്കൊണ്ട് പോയിരുന്നു.
യാത്രകളെയും സ്പോർട്സിനെയും ഏറെ സ്നേഹിച്ചിരുന്ന ഷിജുവിന്റെ വിയോഗം കൂട്ടുകാരയെയും വേദനയിലാക്കി. പക്ഷേ അവർ ഷിജുവിന്റെ പ്രവചനം മറന്നില്ല. അവിടെ നിന്നാണ് സൗഹൃദത്തിന്റെ വലിയൊരു കഥ ആരംഭിക്കുന്നത്. പിന്നീടാങ്ങോട്ട് കോലി നേടുന്ന ഓരോ സെഞ്ചുറികളും ഷിജുവിന്റെ സുഹൃത്തുക്കൾ പ്രവചന പോസ്റ്റിനടിയിൽ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞദിവസം ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനെതിരെ കോലി ചരിത്രം കുറിച്ച് അൻപതാം സെഞ്ചറി നേടിയപ്പോഴും സുഹൃത്തുക്കൾ അതാവർത്തിച്ചു. മറ്റേതോ ലോകത്തിരുന്ന് കോലിയുടെ അൻപതാം സെഞ്ചറി കണ്ട് ഷിജു സന്തോഷക്കണ്ണീർ പൊഴിക്കുന്നുണ്ടാവും എന്നാണ് ഇതോടെ കൂട്ടുകാരിൽ പലരും കമന്റ് ചെയ്യുന്നത്. ഇപ്പോൾ അത് പൊതുജനവും കോലിയുടെ ആരാധകരും ഏറ്റെടുത്തു. ക്രിക്കറ്റ് ആരാധകർ കോ്ലിയുടെ നേട്ടം അടയാളപ്പെടുത്തിയ പത്ര കട്ടിങ്ങുകളും കമന്റുകളുമായി ആ പോസ്റ്റിനടിയിൽ ഓർമപ്പൂക്കൾ ചാർത്തുകയാണ്.
എം ജി യൂണിവേഴ്സിറ്റിയിലും സെന്റ് ആൽബേർട്ട്സ് കോളജിലും പഠിച്ച ഷിജുവിന് വലിയ തോതിലുള്ള സൗഹൃദ ബന്ധം ഉണ്ടായിരുന്നു. പഠിച്ച് പുറത്തിറങ്ങി വൈകാതെ തന്നെ ജിയോജിത്ത് ഫിനാൻസിലും ജോലി കിട്ടി. പക്ഷേ അപ്പോഴും മനസ്സിൽ ക്രിക്കറ്റും യാത്രകളുമായിരുന്നു. ഒരോ മത്സരവും സൂക്ഷ്മമായി നിരീക്ഷിച്ച്, മൂൻ കൂട്ടി പ്രവചനവും ഷിജു നടത്താറുണ്ടായിരുന്നവെന്ന് സുഹൃത്തുക്കൾ ഓർമ്മിക്കുന്നു. വിരാട് കോലിയുടെ ഈ പ്രവചനം വൈറലായതോടെ ഷിജുവിന്റെ പേരിൽ ഒരു അനുസ്മരണം നടത്താനുള്ള ഒരുക്കത്തിലാണ് സുഹൃത്തുക്കൾ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ