- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ കൊണ്ടുപോകുന്നതും മെഡിക്കൽ എടുക്കുന്നതും മാധ്യമങ്ങൾ പകർത്തിയാൽ ആകെ നാണക്കേട്; തന്നെ ഇന്ന് അറസ്റ്റ് ചെയ്യരുതെന്ന് നടൻ ബാബുരാജ്; ആരും കാണാതെ ഒരുദിവസം വരാമെന്നും ഉറപ്പ്; 40 ലക്ഷം തട്ടിയെടുത്തെന്ന ഭൂമിപാട്ട കേസിൽ ബാബുരാജിനെ അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഒത്തുകളി
ഇടുക്കി: സാധുവായ പട്ടയം ഇല്ലാത്തതിന്റെ പേരിൽ റവന്യൂവകുപ്പ് കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റിസോർട്ടും അനുബന്ധ സ്ഥാപനങ്ങളും പാട്ടത്തിന് നൽകി 40 ലക്ഷം രൂപ തട്ടിയെടുത്തതായുള്ള കേസിൽ നടൻ ബാബുരാജ് പൊലീസിന് മുമ്പാകെ ഹാജരായി.
ഇന്ന് ഉച്ചയോടെയാണ് താരം അടിമാലി പൊലീസ് സ്റ്റേഷനിൽ എത്തിയത്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പൊലീസ് അറസ്റ്റുചെയ്യുന്ന പക്ഷം ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം നൽകി വിട്ടയ്ക്കണം എന്നും ഉത്തരവിൽ സൂചിപ്പിച്ചിരുന്നു.
ഇതനുസരിച്ചാണ് ബാബുരാജ് സ്റ്റേഷനിൽ എത്തിയത്. ഏകദേശം ഒരു മണിക്കൂറോളം സ്റ്റേഷനിൽ നടൻ ചെലവഴിച്ചു. ഇതിനകം അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സിഐ ബാബുരാജിൽ നിന്നും മൊഴി എടുത്തതായിട്ടാണ് സൂചന. ഇതിന് ശേഷം ഭക്ഷണം കഴിക്കാൻ അനുവദിച്ച് പൊലീസ് ബാബുരാജിനെ വിട്ടയച്ചു. പിന്നീട് നടൻ സ്റ്റേഷനിൽ എത്തിയതായി വിവരമില്ല. അടുത്ത മാസം 4 - ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട്, നോട്ടീസ് നൽകി പൊലീസ് നടനെ വിട്ടയച്ചതായിട്ടാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരം.
ബാബുരാജ് സ്റ്റേഷനിൽ ഉണ്ടെന്ന് അറിഞ്ഞ് മറുനാടൻ വിവരങ്ങൾ തേടിയപ്പോൾ വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും തുടർന്ന് ദേവികുളം കോടതിയിൽ ഹാജരാക്കുമെന്നുമായിരുന്നു പൊലീസിൽ നിന്നും ലഭിച്ചവിവരം. എപ്പോഴാണ് കോടതിയിൽ കൊണ്ടുപോകുന്നതെന്നറിയാൻ വീണ്ടും വിവരങ്ങൾ തേടിയപ്പോഴാണ് നടനെ വിട്ടയച്ച കാര്യം പൊലീസിൽ നിന്നും ലഭിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടടുത്ത് വിവരം അറിഞ്ഞ് ഏതാനും മാധ്യമപ്രവർത്തകർ സ്റ്റേഷന് മുന്നിൽ ദൃശ്യങ്ങൾ പകർത്താൻ കാത്തുനിന്നിരുന്നു.
ഇത് മനസ്സിലാക്കിയ താരം ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നാൽ തനിക്ക് നാണക്കേടാവുമെന്നും അതിനാൽ ഇന്നത്തേയ്്ക്ക് നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെടുകയായിരുന്നെന്നും ഇതെത്തുടർന്ന് അറസ്റ്റ് ഒഴിവാക്കി, താരത്തെ പൊലീസ് വിട്ടയച്ചെന്നുമാണ് സൂചന.
എന്നാൽ ബാബുരാജ് പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും അറസ്റ്റ് നടപടികൾക്ക് മുമ്പായി ഇത് പൂർത്തീകരിക്കേണ്ടതുണ്ടെന്നും ഇതിനാലാണ് മറ്റൊരുദിവസം ഹാജാരാവാൻ നോട്ടീസ് നൽകി വിട്ടയച്ചതെന്നുമാണ് പൊലീസ വിശദീകരണം. അടിമാലി സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തുന്ന പ്രതികളെ സാധാരണ നിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിലാണ് മെഡിക്കലിന് ഹാജരാക്കുന്നത്. ഇത് സാമാന്യം തിരക്കുള്ള ആശുപത്രിയാണ്. ബാബുരാജിനെ എത്തിക്കുമ്പോൾ ആശുപത്രിയിൽ ആളുകൾ കൂടുന്നതിനുള്ള സാധ്യതയും നിലനിന്നിരുന്നു.
ഇതുമനസ്സിലാക്കി, തന്നെ മെഡിക്കലിന് അടിമാലി താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോകരുതെന്നും ഇത് ആളുകൾ കൂടുന്നതിന് കാരണമാവുമെന്നും തിരക്ക് കുറവുള്ള പരിസരപ്രദേശത്തെ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും നടൻ പൊലീസിനോട് വാക്കാൽ ആവശ്യപ്പെട്ടിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണം, ഒരു മാസത്തേ്ക്ക് എല്ലാ ശനിയാഴ്ചയും സ്റ്റേഷനിൽ എത്തണം, നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ജാമ്യം നിലനിൽക്കെ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയവയായിരുന്നു പ്രധാന ജാമ്യ വ്യവസ്ഥകൾ.
അടിമാലി പൊലീസ് രണ്ട് തവണ നോട്ടീസ് നൽകി ബാബുരാജിനെ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ച് അവധി അപേക്ഷ നൽകുകയായിരുന്നു. തുടർന്നാണ് ബാബുരാജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഈ ഹർജ്ജിയിലാണ് താരത്തിന് അനുകൂല വിധി ലഭിച്ചത്. മൂന്നാർ ആനവിരട്ടി കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് നടൻ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന സ്ഥാപനം.
ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിരുന്നത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾപ്രകാരം നൽകിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുക്കാർക്ക് നോട്ടീസും നൽകിയിരുന്നു.
ഈ സാഹചര്യം നിലനിൽക്കെ 2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നും അരുൺകുമാർ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കരാർ പ്രകാരം കാര്യങ്ങൾ മുന്നോട്ട് പോയില്ല. ഇതെത്തുടർന്ന് താൻ നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇത് വകവയ്ക്കാൻ ബാബുരാജ് തയ്യാറാവാതിരുന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് അരുൺകുമാർ വിശദമാക്കി.
മറുനാടന് മലയാളി ലേഖകന്.