- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
600 വർഷം മുമ്പ് നാടോടികളായി ഗുജറാത്തിൽ എത്തിയവർ; എണ്ണക്കച്ചവടത്തിലൂടെ പതുക്കെ പച്ചപിടിച്ചു; വിദ്യാഭ്യാസത്തിലുടെയും കഠിനാധ്വാനത്തിലൂടെയും ലോകമെങ്ങും ബിസിനസ് സംരംഭങ്ങൾ; സസ്യാഹാരികളും പാരമ്പര്യവാദികളും; നാടോടികളിൽ നിന്ന് കോടീശ്വരന്മാരിലേക്ക്; രാഹുൽ ഗാന്ധിയെ കുരുക്കിയ മോദി സമുദായത്തെ അറിയാം
ന്യൂഡൽഹി: 'ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി... എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്''- 2019 ഏപ്രിൽ 13ന് കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. ബിജെപി എംഎൽഎയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദി, രാഹുൽ മോദി സമുദായത്തെ കള്ളന്മാർ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുത്തതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. രാഹുലിന് രണ്ടുവർഷത്തെ തടവാണ് ഈ കേസിൽ കിട്ടിയത്. അദ്ദേഹത്തിന്റെ എം പി സ്ഥാനവും ഇതോടെ നഷ്ടമായി. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് ഈ മോദികൾ. യഥാർത്ഥത്തിൽ ഇത് ഒരു ജാതിപ്പേരാണോ? ഇനിയുള്ള കോടതി വ്യവഹാരങ്ങളിൽ നിർണ്ണായകമാവുന്ന ചോദ്യം കൂടിയാണ് അത്.
നാടോടികളിൽ നിന്ന് കോടീശ്വരന്മാരിലേക്ക്
600 വർഷം മുമ്പ് നാടോടികളായി ഗുജറാത്തിൽ എത്തിയവരുടെ പിന്തുടർച്ചയാണ് ഇന്ന് കാണുന്ന മോദി ഗ്രൂപ്പ് എന്ന് ചരിത്രകാരന്മാരെ ഉദ്ധരിച്ച്, പ്രമുഖ ഓൺലൈൻ മാധ്യമമായ ദ മിന്റ് റിപ്പോർട്ട് ചെയ്യുന്നു. നാടോടികളായ ഗോത്രത്തിൽ നിന്ന് ഉത്ഭവിച്ച, ഒടുവിൽ എണ്ണ നിർമ്മാണത്തിൽ ഏർപ്പെട്ട് ഗുജറാത്തിലുടനീളം സ്ഥിരതാമസമാക്കിയ ഒരു സമുദായത്തിന്റെ പേരാണ് മോദി. രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ജാർഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലും മോദി എന്ന കുടുംബപ്പേരുള്ള ആളുകളെ കാണാം. 15,16 നൂറ്റാണ്ടുകളിൽ ഉത്തരേന്ത്യയിൽ നിന്ന് ഗുജറാത്തിൽ എത്തിയവരാണിവർ. 1994 ലാണ് ഈ സമുദായത്തിന് സംസ്ഥാനത്ത് ഒബിസി പദവി ലഭിച്ചത്.
'അവർ ഒടുവിൽ നാടോടി ജീവിതം വിട്ടു. ഗുജറാത്തിന്റെ ചില ഭാഗങ്ങളിൽ സ്ഥിര താമസമാക്കി. നിലക്കടലയും എള്ളും പൊടിച്ച് എണ്ണയാക്കി കച്ചവടം ചെയ്യാൻ തുടങ്ങി'-ജെഎൻയുവിൽ നിന്ന് വിരമിച്ച പ്രൊഫസറും സാമൂഹ്യശാസ്ത്ര ഗവേഷകനുമായ പ്രൊഫസർ ഘൻശ്യാം ഷാ പറഞ്ഞു. എണ്ണ നിർമ്മണ സമൂഹമായതിനാൽ അവരെ സംസ്ഥാനത്തെ 'മോദ് വാണിക്' അല്ലെങ്കിൽ 'വാണിയ (ബനിയ)' എന്ന ജാതിയുടെ കീഴിൽ തരംതിരിക്കയാണ് ഉണ്ടായത്. തൊഴിൽ അടിസ്ഥാനത്തിലാണ് അവർ ജാതിയായത്. അല്ലാതെ ഇന്ത്യയിലെ പരമ്പരാഗതമായ മനുസൃമ്തി രീതി അനുസരിച്ചല്ല.
പിന്നോക്കക്കാരാണ് എന്ന് പറയുമ്പോഴും ജാതിയമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല എന്നാണ് ഘൻശ്യാം ഷാ പറയുന്നത്. എഴുത്തുകാരൻ അച്യുത് യാഗ്നിക്, മോദി സമുദായത്തിൽ രണ്ട് ഉപവിഭാഗങ്ങളുണ്ടെന്ന് വിശദീകരിക്കുന്നു. 'ഒന്ന് ബനിയ വ്യാപാരി സമൂഹവും, മറ്റൊന്ന് തെലി-ഗഞ്ചി നാടോടി ഗോത്രവും ആയിരുന്നു. ഒബിസി പദവി നൽകിയത് രണ്ടാമത്തേതാണ്, ബനിയ മോദികൾക്ക് അവരുടെ സാമ്പത്തിക സ്ഥിതി കാരണം കുറച്ച് സാമൂഹിക നിലയുണ്ടായിരുന്നു.''
എണ്ണ ഉൽപ്പാദനം പ്രാദേശികമായും സ്വയമായും നടന്നതിനാൽ, എല്ലാ ഗ്രാമങ്ങളിലും എള്ള് പൊടിക്കുകയും, എണ്ണ വിൽക്കുകയും ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു. അവർ ഒക്കെ മോദിമാർ ആയി അറിയപ്പെട്ടു. പക്ഷേ പിന്നീട് അവരുടെ പുതിയ തലമുറ, എണ്ണക്കച്ചവടമൊക്കെ വിട്ട്, വിദ്യാസമ്പന്നരായി വൻ ബിസിനസിലേക്ക് മാറി. കഠിനാധ്വാനികളും, കടുംബ ബിസിനസുകാരും ആയിരുന്നു അവർ. ഇന്ന് ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമായി, പഴയ എണ്ണക്കച്ചവക്കാരുടെ പുതു തലമുറ. അവരുടെ ബിസിനസ് സാമ്രാജ്യം ലോകമെമ്പാടും പടരുന്നു. ഇപ്പോഴും ശുദ്ധ വെജിറ്റേറിയൻ മാത്രമാണെന്നല്ല, തനി പാരമ്പര്യവാദികൾ കൂടിയാണ് ഈ സമൂഹം. സ്വജാതി വിവാഹങ്ങൾ അല്ലാത്തവ ഇവർ കാര്യമായി പ്രോൽസാഹിപ്പിക്കാറില്ല. പക്ഷേ പുതുതലമുറയിൽ കാര്യങ്ങൾ മാറുന്നുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു.
ഗുജറാത്ത് ബിസിനസ്സ് ലോകത്ത് മോദിമാരുടെ ഉയർച്ചയെക്കുറിച്ച് സംസാരിക്കുമ്പോൾ, അഹമ്മദാബാദ് ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകനായ ജതിൻ ഷേത്ത് ഇങ്ങനെ പറയുന്നു. 'ഇന്നത്തെ നീരവ് മോദികൾ മിക്കവാറും പഴയ കാലത്തെ ബനിയ മോദികളുടെ പിൻഗാമികളായിരിക്കാം. അവർ തങ്ങളുടെ ബിസിനസ്സ് ചെറുകിട ചരക്കുകളിൽ നിന്ന് കൂടുതൽ മികച്ച ഉൽപ്പന്നങ്ങളിലേക്ക് മാറ്റി''. ഗാന്ധിജി ജനിച്ച ജാതിയായ ബനിയയിലാണ്, ലളിത് കുമാർ മോദി എന്ന കുശാഗ്രബുദ്ധിയായ വിവാദ കച്ചവടക്കാരനും ഇതേ സമുദായാംഗമാണ്. ഗുജറാത്തിൽ മോധ് ഗഞ്ചി എന്ന ജാതിക്കാരും തങ്ങളുടെ പേരിന്റെ വാലായി മോദി ഉപയോഗിക്കുന്നുണ്ട്. ഈ മോധ് ഗഞ്ചി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതിപ്പേര് കൂടിയാണ്. മോദി എന്ന വാക്ക് ഒരു രാഷ്ട്രീയ രൂപകം ആവുന്നത് നര്രേന്ദ്രമോദിയുടെ വരവോടെയാണ്.
മോദി പിന്നോക്ക ജാതിയോ?
അതേസമയം മോദി എന്ന പേരിൽ ജാതി രാജ്യത്തില്ല എന്നാണ് കാഞ്ചാ ഐലയ്യയെപ്പോലുള്ള ദലിത് ബുദ്ധിജീവികൾ ചൂണ്ടിക്കാട്ടുന്നത്. അത് ഒരു ജാതിയല്ല കച്ചവട സമൂഹമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കച്ചവടക്കാർ സർ നെയിമായി ഈ പേര് ഉപയോഗിക്കയാണെന്നാണ് അദ്ദേഹം പറയുന്നത്. ഗുജറാത്തിലെ ആരാധനാദേവിയായ മോധേശ്വരി ദേവിയുടെ അനുയായികളെന്ന അർത്ഥത്തിലാണ് ജാതി പേരിന് മുന്നിൽ ഇവർ മോധ് എന്ന് ചേർത്തിരിക്കുന്നത്. അതാണ് പിന്നീട് മോദി ആയത്.
ഹിന്ദുമതവിശ്വാസ പ്രകാരം മോധേശ്വരീദേവിയെ കുറിച്ചുള്ള ഐതിഹ്യം വൈശ്യരെയും ബ്രാഹ്‌മണരെയും അസുരന്മാരിൽ രക്ഷിക്കാൻ പിറവികൊണ്ട മഹാശക്തിയെന്നാണ്. അസുരന്മാരുടെ ഉപദ്രവത്തെക്കുറിച്ച് പരാതി പറയാൻ വൈശ്യരും ബ്രാഹ്‌മണരും പാർവതി ദേവിയെ സമീപിക്കുന്നു. അസുരന്മാരുടെ ഹീനകൃത്യങ്ങൾ കേട്ട് കോപത്താൽ ജ്വലിച്ച പാർവതീദേവിയുടെ വായിൽ നിന്ന് പുറത്തുവന്ന അഗ്നിനാളം ദൈവികശക്തിക്ക് പിറവി കൊടുക്കുന്നു. വായിലെ ജ്വാലയിൽ നിന്ന് പിറവികൊണ്ട ആ ശക്തിയാണ് മോധേശ്വരി ദേവി എന്നാണ് കഥ. നിലവിൽ ഗുജറാത്തിലെ പിന്നാക്കവിഭാഗത്തിലാണ് ഈ വിഭാഗക്കാർ ഉൾപ്പെടുന്നത്.
ഇവർ പിന്നോക്കകാർ അല്ല എന്നും വിവിധ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടാറുണ്ട്. മോധേശ്വരി ദേവി സഹായിക്കുന്നത് വൈശ്യരെയും ബ്രാഹ്‌മണരെയുമാണെന്നാണ് ഐതിഹ്യം. വ്യാപാരത്തിലുള്ള മോധ് ഗഞ്ചികളുടെ പങ്കാളിത്തം അവരുടെ വൈശ്യപദവിയുടെ അടയാളമാണ്. ഗുജറാത്തിൽ അവരെ താഴ്ന്ന ജാതിയായല്ല കണക്കാക്കുന്നത്. ഇവർ സവർണ്ണർക്ക് സമാനമായി സസ്യാഹാരികളാണ്. സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും ഇവർക്ക് കൂടുതലാണ്. ഇതും അവർ പിന്നാക്കക്കാരല്ല എന്നുള്ളതിന്റെ മറ്റൊരു സൂചനയാണ്. കാഞ്ച ഐലയ്യയുടെ ശുദ്രന്മാരെക്കുറിച്ചുള്ള ലേഖനത്തിൽ ഇത് വ്യക്തമാക്കുന്നുണ്ട്. ജാതി നിയമപ്രകാരം പഠനമോ വായനയോ എഴുത്തോ ശൂദ്രർക്ക് അനുവദനീയമല്ല. ഇത്തരമൊരു വിലക്കിനെ ആരെങ്കിലും മറികടന്നാൽ പ്രാകൃതമായ ശിക്ഷാവിധികളാണ് കൽപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ മോദികൾക്ക് വിദ്യ അന്യമായിരുന്നില്ല.
മറ്റൊന്ന് ബ്രാഹ്‌മണിക്കൽ പൊതുബോധം ഹീനമായ തൊഴിലായി പരിഗണിച്ചിരുന്ന ഒന്നാണ് കാർഷിക മേഖല. മോധ് ഗഞ്ചിക്കാർക്ക് കാർഷികവൃത്തിയുമായി യാതൊരു ബന്ധവുമില്ല എന്നത് ചേർത്ത് വായിക്കണം.
നരേന്ദ്ര മോദി ഉയർത്തിയ ജാതി ബ്രാൻഡ്
മോദി എന്ന സർ നെയിമിൽ അറിയപ്പെടുന്നവർ യഥാർഥ ഒബിസിക്കാർ അല്ലെന്നും അവർ ലിസ്റ്റിൽ രാഷ്ട്രീയ സമ്മർദത്തെതുടർന്ന് കയറിക്കൂടിയവർ ആണെന്നുമാണ് ദലിത് ചിന്തകർ പറയുന്നത്. മണ്ഡൽ കമ്മിറ്റി ശിപാർശകൾ ആദ്യമായി നടപ്പാക്കിയപ്പോൾ മോധ് ഗഞ്ചുകളെ ഒ.ബി.സി വിഭാഗത്തിനുള്ളിൽ ഉൾപ്പെടുത്തിയിരുന്നില്ല. 1994-ലാണ്, രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് ഗുജറാത്ത് സംസ്ഥാനസർക്കാർ അവർക്ക് ഒ.ബി.സി പദവി നൽകുന്നത്. കേന്ദ്രസർക്കാർ ഇവരെ 1999-ലാണ് തങ്ങളുടെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. അതിനുശേഷം 2 വർഷം കഴിഞ്ഞാണ് മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.
2002, 2007, 2012 കാലങ്ങളിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിലൊരിക്കൽ പോലും ഒ.ബി.സിക്കാരനാണ് താനെന്ന് മോദി പ്രഖ്യാപിച്ചില്ല. അന്ന് ഉപയോഗിച്ചത് ബനിയ ഐഡന്റിറ്റിയാണെന്ന് കാഞ്ച ഐലയ്യ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ഏറ്റവും പ്രബലരായ വ്യാവസായിക-വ്യാപാര സമുദായമായ ബനിയകളാകട്ടെ, വലിയൊരളവുവരെ അദ്ദേഹത്തെ തങ്ങളുടെ സ്വന്തം ആളായി ആശ്ലേഷിക്കുകയും ചെയ്തിരുന്നു. ഒരു ബനിയ ജാതിയിൽ ജനിച്ച ബീഹാറിലെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദിയും ഇപ്പോൾ ഒ.ബി.സി പട്ടികയിലാണ് ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്.
2014-ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് മോദി തന്റെ ജാതിയും പിന്നോക്കാവസ്ഥയും എടുത്തിടുന്നത്. അത് മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസിനെതിരേ ഉപയോഗിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അമേഠി മണ്ഡലത്തിലെ പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിനെതിരേ മോദി ഒരു പരാമർശം നടത്തി. തൊട്ടുപിന്നാലെ ഈ നീചവും താഴ്ന്നതുമായ രാഷ്ട്രീയത്തിന് വോട്ടർമാർ മറുപടി നൽകുമെന്ന് പ്രിയങ്കാ ഗാന്ധി തിരിച്ചടിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഇത്തരമൊരു പ്രസ്താവനയ്ക്കായി നരേന്ദ്ര മോദിയും ബിജെപിയും കാത്തിരിക്കുകയായിരുന്നു. അടുത്ത ദിവസത്തെ മറുപടി അതാണ് പറയുന്നത്. ഉത്തർപ്രദേശിലെ ഡൊമാരിയഗഞ്ചിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: 'അതെ, ഞാൻ ഒരു താഴ്ന്ന ജാതിയിലാണ് ജനിച്ചത്, പക്ഷേ എന്റെ സ്വപ്നം ഒറ്റ ഇന്ത്യയാണ്, ശ്രേഷ്ഠമായ ഇന്ത്യയാണ്. എനിക്കെതിരെ എത്ര അധിക്ഷേപങ്ങൾ വേണമെങ്കിലും ചൊരിയൂ, മോദിയെ തൂക്കിക്കൊല്ലട്ടെ, പക്ഷേ എന്റെ താഴ്ന്ന ജാതിയിലെ സഹോദരങ്ങളെ അപമാനിക്കരുത്.'
ആ ദിവസം തന്നെ മോദിയുടെ ട്വീറ്റിലും പിന്നാക്ക വിഭാഗക്കാരനെന്ന പ്രസ്താവന ഇടം പിടിച്ചു. 'ഞാൻ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ഒരു വിഭാഗത്തിൽ നിന്നാണ് ഉയർന്നു വന്നത്, അതിനാൽ എന്റെ രാഷ്ട്രീയത്തെ അവർ 'താഴ്ന്ന രാഷ്ട്രീയം' ആയി കാണുന്നു' എന്നായിരുന്നു അത്. താഴ്ന്ന ജാതിക്കാരുടെ നിസ്വാർത്ഥതയും ത്യാഗവും ധൈര്യവും രാജ്യത്തെ ഉയരങ്ങളിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്, എന്നാൽ ചിലർ അത് കാണുന്നില്ല' എന്നായിരുന്നു അടുത്ത ട്വീറ്റ്. അതോടെ സോഷ്യൽ മീഡിയയിൽ മോദിയും ചായക്കടയും പിന്നോക്ക ജാതിയും തരംഗമായി.
2017-ൽ ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്തും സമാനമായ സംഭവം ഉണ്ടായി. 'നരേന്ദ്ര മോദി ഒരു തരംതാഴ്ന്ന വ്യക്തിയാണ്, അദ്ദേഹം ഒട്ടും പരിഷ്‌കൃതനല്ല' എന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ പ്രസംഗത്തിനിടെ പറഞ്ഞു. 'മണിശങ്കർ അയ്യർ പറഞ്ഞു, ഞാൻ താഴ്ന്ന ജാതിയിൽ പെട്ടയാളാണെന്ന്, അദ്ദേഹം ഞങ്ങളെ വൃത്തികെട്ട ഗട്ടർ വേം എന്ന് വിളിച്ചു. ഇത് ഗുജറാത്തിനും ഗുജറാത്തികൾക്കും അപമാനമല്ലേ?' എന്ന ചോദ്യമെറിഞ്ഞായിരുന്നു മോദിയുടെ മറുപടി. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെ ജാതിയാണ് തന്റെയും ജാതിയെന്നാണ് 2019ൽ മോദി പറഞ്ഞത്.
അതായത് കൃത്യമായ ജാതി രാഷ്ട്രീയും ഹിന്ദുത്വയിൽ ചാലിച്ചാണ് നരേന്ദ്ര മോദിയുടെ വളർച്ചയെന്ന് വ്യക്തം. എന്നാൽ കോടതിയിൽ ഈ ചരിത്രപരമായ കാര്യങ്ങൾ ഒന്നും രാഹുൽഗാന്ധിയുടെ അഭിഭാഷൻ വിശദീകരിച്ചിട്ടില്ല. കേസ് ഹൈക്കോടതിയിൽ എത്തുമ്പോൾ പ്രധാന ചർച്ച മോദി എന്നത് ഒരു ജാതിയാണോ, അതോ ഒരു കച്ചവട സമൂഹമാണോ എന്നെതൊക്കെ കൂടിയായിരിക്കും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ