- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് ഇസ്രയേലിന്റെ കൊടി പാറുന്നു; സോമാലിയയില്‍ നിന്ന് വേര്‍പെട്ട രാജ്യത്തെ അംഗീകരിച്ച് നെതന്യാഹു; മുസ്ലം ഭൂരിപക്ഷമെങ്കിലും ജനാധിപത്യമുള്ള രാജ്യം; ഇറാനും ഹൂതികളുമായും ബന്ധമില്ല; എതിര്‍പ്പുമായി അറബ് രാജ്യങ്ങള്‍; സോമിലാന്‍ഡില്‍ നേട്ടമാര്‍ക്ക്?
സോമിലാന്‍ഡില്‍ നേട്ടമാര്‍ക്ക്?
ജെറുസലേം: ആദ്യമായൊരു രാജ്യം ഔദ്യോഗികമായി തങ്ങളെ അംഗീകരിച്ചതിന്റെ ആഘോഷത്തിലാണ്, സോമാലിയയില്‍ നിന്ന് വിഘടിച്ചുപോയ സൊമാലിലാന്‍ഡ് എന്ന രാജ്യത്തെ ജനങ്ങള്‍. എല്ലാവരും മാറ്റിനിര്‍ത്തിയപ്പോള്‍ അവരെ ഇസ്രയേല്‍ അംഗീകരിച്ചിരിക്കയാണ്. ഇതോടെ നാടൊട്ടുക്കും ഇസ്രായേല്‍ പതാകകള്‍ നന്ദി സൂചകമായി ഉയര്‍ന്നിരിക്കുകയാണ്. പട്ടിണിമൂലം ജനം മരിച്ചുവീഴുന്ന, പ്രദേശമാണിവിടം. ഇവിടെ ഇസ്രയേല്‍ സഹായം കിട്ടുമെന്നാണ് സോമിലാന്‍ഡുകാര്‍ കരുതുന്നത്. അതേസമയം ഭൂരിപക്ഷം അറബ് രാഷ്ട്രങ്ങളും ഇസ്രയേല്‍ നടപടിയെ അതിശക്തമായി എതിര്‍ക്കയാണ്.
ലോകമെമ്പാടുമുള്ള ഇരുപത്തിയൊന്ന് രാജ്യങ്ങള്‍ ഇസ്രായേലിന്റെ തീരുമാനത്തിനെതിരെ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. സൗദി അറേബ്യ, ഇറാന്‍, തുര്‍ക്കി, പാകിസ്ഥാന്‍ എന്നിവ പ്രസ്താവന പുറപ്പെടുവിച്ച രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. സൊമാലിലാന്‍ഡിനെ ഒരു രാഷ്ട്രമായി അംഗീകരിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒഐസി) അപലപിച്ചു. പക്ഷേ ഇസ്രയേല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കയാണ്. കാരണം അവരെ സംബന്ധിച്ച് ഈ സോമിലാന്‍ഡ് അത്രയും തന്ത്ര പ്രധാനമുള്ള പ്രദേശമാണ്.
എന്താണ് സോമിലാന്‍ഡ്?
ഇപ്പോഴത്തെ സൊമാലിയയുടെ വടക്ക്-പടിഞ്ഞാറന്‍ ഭാഗത്തായി അവരില്‍നിന്ന് വിഘടിച്ച്, 1991-മുതല്‍ സ്വതന്ത്രരാജ്യമായി 'റിപ്പബ്ലിക്ക് ഓഫ് സൊമാലിലാന്‍ഡ്' എന്ന ഔദ്യോഗിക നാമകരണത്തില്‍ സ്വയംഭരണം നടത്തിവരുന്ന രാജ്യമാണിത്. 'ഹാര്‍ഗെയ്‌സ' ആണ് രാജ്യതലസ്ഥാനം. യുഎന്‍, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവരൊന്നും ഇവരെ ഇപ്പോഴും അംഗീകരിച്ചിട്ടില്ല, അവരെല്ലാം സൊമാലിയയുടെ ഭാഗമായാണ് ഈ രാജ്യത്തെ പരിഗണിക്കുന്നത്. ബ്രിട്ടന്‍, യുഎഇ, ഇത്യോപ്യ, തായ്വാന്‍ എന്നിവരായിട്ടേ സൊമാലിലാന്റിന് കുറച്ചെങ്കിലും നയതന്ത്ര-വ്യാപാര ബന്ധങ്ങളുള്ളൂ. ഏതാണ്ട് 62ലക്ഷം ജനങ്ങളുള്ള ദാരിദ്രരേഖക്ക് താഴെയുള്ള ഒരു രാജ്യമാണിത്.
ഇസ്രായേല്‍ ഇവരെ അംഗീകരിക്കാന്‍ കാരണം ഈ രാജ്യത്തിന്റെ ചരിത്രപരമായ നിലനില്‍പ്പൊ, മാനുഷിക പരിഗണനകളോ അല്ല മറിച്ച് സൊമാലിലാന്‍ഡിന്റെ 'ഭൂമിശാസ്ത്രപരമായ സ്ഥാനമാണ്. സോയുസ് കനാല്‍ കടന്ന് ചെങ്കടലിലൂടെയാണ് ഇസ്രയേലിന്റെ 90% ചരക്കുനീക്കവും നടക്കുന്നത്. ഈ ചരക്കുനീക്ക യാത്രയില്‍ യെമനും, ജിബുട്ടിക്കും ഇടയിലൂടെ കപ്പലുകള്‍ക്ക് ഇന്ത്യന്‍ ഓഷനിലേക്ക് പ്രവേശിക്കാന്‍ വെറും 32കി.മീ മാത്രം വീതിവരുന്ന 'ബാബ്- അല്‍-മന്‍ഡെപ്' എന്നൊരു ചെറിയ ഭാഗമുണ്ട്. ഈ പ്രദേശം ഇസ്രായേലിന് ഒരു തലവേദനയാണ്. യമന്‍ പോലുള്ള ശത്രുരാജ്യങ്ങളില്‍നിന്ന് ഇസ്രായേല്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ഏതുസമയവും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശമാണ് ഇത്.
ഈ പ്രദേശത്തിന് തൊട്ടടുത്താണ് സൊമാലിലാന്‍ഡ് എന്ന രാജ്യത്തിന്റെ സ്ഥാനം. അവരുടെ തുറമുഖമായ ബെര്‍ബെറയും അതിന് ചേര്‍ന്നുതന്നെയാണ്. ഈയൊരു ഭൂമിശാസ്ത്രപരമായ പ്രാധാന്യമാണ് സൊമലിലാന്‍ഡിനെ ഇസ്രയേലിന്റെ പ്രിയങ്കരനാക്കിയത്. മാത്രമല്ല മുസ്ലീം ഭൂരിപക്ഷ രാജ്യമാണെങ്കിലും ജനാധിപത്യ രീതിയാണ് അവര്‍ പിന്തുടരുന്നത്. ഇറാന്‍, ഹമാസ്, ഹൂതി ഇങ്ങനെയുള്ളവരുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. അതിനാല്‍ തീവ്രവാദ ബന്ധം ഭയക്കേണ്ടതില്ല.
കാലക്രമേണ ഇവരുമായി നയതന്ത്രബന്ധം, വ്യാപാരബന്ധം എന്നിവ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രായേല്‍. ബെര്‍ബെറ തുറമുഖവും അനുബന്ധ സൗകര്യങ്ങളും ഭാവിയില്‍ സൈനിക അവശ്യ സേവനങ്ങള്‍ക്കും മറ്റും ഉപയോഗിക്കാമെന്ന കണക്കുകൂട്ടലുകള്‍ അണിയറയിലും നടക്കുന്നുണ്ട്.
എതിര്‍പ്പുമായി ഇസ്ലാമിക രാഷ്ട്രങ്ങള്‍
എന്നാല്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഒന്നടങ്കം ഇസ്രലേയിനെതിരെ പ്രസ്താവന ഇറക്കുകയാണ്. ജോര്‍ദാന്‍, ഈജിപ്ത്, അള്‍ജീരിയ, കൊമോറോസ്, ജിബൂട്ടി, ഗാംബിയ, ഇറാന്‍, ഇറാഖ്, കുവൈറ്റ്, ലിബിയ, മാലിദ്വീപ്, നൈജീരിയ, ഒമാന്‍, പാകിസ്ഥാന്‍, പലസ്തീന്‍, ഖത്തര്‍, സൗദി അറേബ്യ, സൊമാലിയ, സുഡാന്‍, തുര്‍ക്കി, യെമന്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് ഓപ്പറേഷന്‍ ഇസ്രായേലിനെതിരെ ഒരു പ്രസ്താവന പുറപ്പെടുവിച്ചു.
'2025 ഡിസംബര്‍ 26-ന് സൊമാലിയ റിപ്പബ്ലിക്കിലെ സൊമാലിലാന്‍ഡ് മേഖലയെ ഇസ്രായേല്‍ അംഗീകരിച്ചതിനെ ഞങ്ങള്‍ നിരസിക്കുന്നു. ഇത്തരമൊരു നീക്കം ആഫ്രിക്കയുടെയും ചെങ്കടലിന്റെയും സമാധാനത്തിനും സുരക്ഷയ്ക്കും മാത്രമല്ല, മുഴുവന്‍ ലോകത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുക്കും. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമത്തെ നഗ്നമായി അവഗണിച്ചിരിക്കുന്നു..രാഷ്ട്രങ്ങളുടെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമായി പ്രസ്താവിക്കുന്ന അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും തത്വങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. സൊമാലിയ റിപ്പബ്ലിക്കിന്റെ പരമാധികാരത്തെ ഞങ്ങള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. സൊമാലിയയുടെ ഐക്യം, പ്രാദേശിക സമഗ്രത, അല്ലെങ്കില്‍ അതിന്റെ മുഴുവന്‍ പ്രദേശത്തിനും മേലുള്ള പരമാധികാരം എന്നിവയെ ദുര്‍ബലപ്പെടുത്തുന്ന ഏതൊരു നടപടിയെയും ഞങ്ങള്‍ ശക്തമായി നിരസിക്കുന്നു. ഒരു രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ അംഗീകരിക്കുന്നത് ഗുരുതരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നു. അത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നു. ഇസ്രായേലിന്റെ ഇത്തരം പ്രവൃത്തികളും ഫലസ്തീന്‍ ജനതയെ അവരുടെ നാട്ടില്‍ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കാനുള്ള ഏതൊരു ശ്രമവും തമ്മിലുള്ള സാധ്യമായ ഏതൊരു ബന്ധത്തെയും ഞങ്ങള്‍ നിരസിക്കുന്നു. ഏത് രൂപത്തിലായാലും തത്വത്തില്‍ ഇത് നിരാകരിക്കപ്പെടുന്നു.''- ഇങ്ങനെയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് ഓപ്പറേഷന്‍ പ്രസ്താവനയില്‍ പറയുന്നത്.
എന്നാല്‍ ഇസ്രയേല്‍ ആവട്ടെ ഇത് പതിവുപോലെ തള്ളിക്കളയുകയാണ്. ഇസ്രയേല്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും, ആരെ അംഗീകരിക്കണമെന്നും ആരെ തള്ളളണമെന്നും, തങ്ങള്‍ തീരുമാനിക്കുമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറയുന്നത്.




