- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ 'കാർപ്പെന്റേഴ്സ്' ആശാരിമാർ അല്ല; ഓസ്ക്കാർ വാങ്ങുമ്പോൾ കീരവാണി പറഞ്ഞത് അമേരിക്കൻ പോപ്പ് ബാൻഡിനെ കുറിച്ച്; 70കളിലും 80കളിലും തരംഗമായി കാരെൻ - റിച്ചാർഡ് സഹോദരങ്ങൾ; ഫുഡ് സിസോഡർമൂലം കാരേൻ അകാലത്തിൽ മരിച്ചതോടെ ബാൻഡ് അവസാനിച്ചു; വിവാദമായ കാർപ്പെന്റേഴ്സിന്റെ യഥാർഥ കഥ ഇങ്ങനെ
കോഴിക്കോട്: കീരവാണിയുടെ ഓസ്ക്കാറിന് പിന്നാലെ, കേരളത്തിലെ ചില മാധ്യമങ്ങൾക്ക് സംഭവിച്ച ഒരു ഭീമാബദ്ധവും സോഷ്യൽ മീഡിയിൽ വൈറൽ ആവുകയാണ്. ആർ ആർ ആർ ചിത്രത്തിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഓസ്കാർ ലഭിച്ചപ്പോൾ സംഗീത സംവിധായകൻ എം.എം കീരവാണി ഇങ്ങനെ പറഞ്ഞിരുന്നു 'കാർപ്പെന്റേഴ്സിനെ കേട്ടാണ് ഞാൻ വളർന്നത്. ഇന്ന് ഓസ്കറുമായി ഇവിടെ നിൽക്കുന്നു...''. ഇതോടെ കേട്ടപാതി കേൾക്കാത്ത പാതി കേരളത്തിലെ ചില മാധ്യമങ്ങൾ അത് ആശാരിമാർ എന്നാക്കി തർജ്ജമ ചെയ്തു. 'ആശാരിമാരെ കേട്ട് വളർന്ന ഞാൻ ഇന്ന് ഓസ്ക്കാറുമായി നിൽക്കുന്നു' എന്നായി വാർത്ത!
എന്നാൽ കീരവാണി ഉദ്ദേശിച്ചത് ആശാരിമാരെയോ മരപ്പണിക്കാരെയോ അല്ലായിരുന്നു. അത് 60കളിലും 70കളിലും ലോകമെമ്പാടും തരംഗം സൃഷ്ടിച്ച ഒരു മ്യൂസിക്ക് ബാൻഡിന്റെ പേരാണിത്. ചുരുങ്ങിയ കാലം കൊണ്ട് ലോകശ്രദ്ധ നേടിയ വിഖ്യാത അമേരിക്കൻ സംഗീതജ്ഞരാണ് റിച്ചാർഡ് കാർപ്പെന്ററും, അനിയത്തി കാരേൻ കാർപ്പെന്ററും. അവർ അറിയപ്പെട്ടത് 'കാർപ്പെന്റേഴ്സ്' എന്ന പേരിലാണ്. ഈ കാർപെന്റേഴ്സ് ബാൻഡിന്റെ ഗാനങ്ങൾ കേട്ട് വളർന്നുവെന്നാണ് കീരവാണി ഓസ്കാർ വേദിയിൽ പറഞ്ഞത്. കീരവാണി ഓസ്കാർ വേദിയിൽ പാടിയ 'ദേർ ഈസ് ഓൺലി വൺ വിഷ് ഓൺ മൈ മൈൻഡ്' എന്ന് എന്നുതുടങ്ങി 'ആൻഡ് മസ്റ്റ് പുട്ട് മി ടോപ്പ് ഓഫ് ദി വേൾഡ്' എന്ന എന്ന ഗാനം പോലും കാർപ്പെന്റഴ്സിന്റെ 'ടോപ്പ് ഓഫ് ദി വേൾഡ്' എന്ന ഗാനത്തെ അനുകരിച്ചാണ് ഉണ്ടാക്കിയത്.
അഭൂത വളർച്ച, അകാലത്തിൽ പൊലിഞ്ഞു
സഹോദരങ്ങളായ കാരെൻ കാർപെന്ററും (19501983), ഗായകനും ഗാനരചയിതാവുമായ റിച്ചാർഡ് കാർപെന്ററും (ജനനം 1946) അടങ്ങുന്ന അമേരിക്കൻ ബാന്റാണ് 'ദ കാർപെന്റേഴ്സ്'. 1960 കളുടെ അവസാനത്തോടെയാണ് ബാന്റ് ശ്രദ്ധ നേടിത്തുടങ്ങിയത്. കാരെന്റെ വേറിട്ട ശബ്ദം കൊണ്ടും റിച്ചാർഡിന്റെ വേറിട്ട സംഗീത ക്രമീകരണങ്ങൾ കൊണ്ടും കാർപെന്റേഴ്സ് 1970 കളിൽ പ്രശസ്തി നേടിയിരുന്നു.
പോപ്പ് ഗാനങ്ങൾ മുതൽ സോഫ്റ്റ് റോക്ക് വരെ വേറിട്ട് നിൽക്കുന്ന പാട്ടുകളിലൂടെ ഗാനരചയിതാക്കൾ സംഗീതജ്ഞർ എന്ന നിലകളിൽ ഇരുവരും അവരു കഴിവുകൾ തെളിയിച്ചു. 14 വർഷത്തിനിടെ നിരവധി സിംഗിൾസും ടെലിവിഷൻ സ്പെഷ്യലുകളും ഉൾപ്പെടെ കാർപെന്റേഴ്സ് 10 ആൽബങ്ങളാണ് റെക്കോർഡുചെയ്തത്. ലോകമെമ്പാടും 100 ദശലക്ഷത്തിലധികം റെക്കോർഡുകളാണ് വിറ്റത്. ഇത് ആ സമയത്തെ ലോക റെക്കോർഡ് ആയിരുന്നു.
അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിൽ ജനിച്ച സഹോദരങ്ങൾ 1963-ൽ കാലിഫോർണിയയിലെ ഡൗണിയിലേക്ക് താമസം മാറി. റിച്ചാർഡ് കുട്ടിക്കാലത്ത് പിയാനോ അഭ്യസിച്ചിട്ടുണ്ട്. പിന്നീട് ലോംഗ് ബീച്ചിലെ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എത്തി. കാരെൻ ഡ്രംസ് പഠിച്ചു. 1965-ൽ അവർ ആദ്യമായി ഒരു ജോഡിയായി അഭിനയിക്കുകയും ജാസ് അധിഷ്ഠിത റിച്ചാർഡ് കാർപെന്റർ ട്രിയോ രൂപീകരിക്കുകയും ചെയ്തു. തുടർന്ന് മിഡിൽ-ഓഫ്-ദി-റോഡ് ഗ്രൂപ്പ് സ്പെക്ട്രം എന്ന ബാൻഡ് രൂപീകരിച്ചൂ. 1969-ൽ അവർ കരാർ ഒപ്പിട്ട് കാർപ്പന്റേഴസ് എന്ന പേരിൽ പരിപാടികൾ അവതിരിപ്പിക്കാൻ തുടങ്ങി. അവർ 'ലോംഗ് ടു ബി, ക്ലോസ് ടു യു', 'വി ഹാവ് ഓൺലി ജസ്റ്റ് ബിഗൺ' എന്നീ ഹിറ്റ് സിംഗിൾസിലൂടെ വലിയ വിജയം നേടി. തുടർച്ചയായി അമേരിക്കൻ ഹിറ്റ് ചാർട്ടിൽ ഇവർ സ്ഥാനം പിടിച്ചു. ബീറ്റിൽസ് പോലെ വലിയ ആരാധകക്കൂട്ടത്തെയും ആകർഷിച്ചു.
1970കളിൽ ഇരുവരും മ്യൂസിക്ക് കൺസേർട്ടുകൾ നടത്തി തുടർച്ചയായി പര്യടനം നടത്തി. ലോകം മുഴുവൻ അവർക്ക് ആരാധകർ ഉണ്ടായി. പക്ഷേ അമിതമായ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ഇരുവരെയും രോഗികളാക്കിയെന്ന് വിമർശകർ പറയുന്നു. 1979-ൽ ചില രാസലഹരിക്ക് അടിമയായതിനെ തുടർന്ന് റിച്ചാർഡ് ഒരു വർഷം അവധി എടുത്തു, അതേസമയം കാരെൻ ഉണ്ടായത് അനോറെക്സിയ നെർവോസ എന്ന ഈറ്റിങ്ങ് ഡിസോഡർ ആയിരുന്നു. ഭാരം വല്ലാതെ കുറയുകയും ഭക്ഷണത്തോട് വിരക്തി തോന്നുകയുമാണ് ഈ രോഗത്തിന്റെ ലക്ഷണം. 1983-ൽ അനോറെക്സിയയുടെ സങ്കീർണതകൾ മൂലം ഹൃദയസ്തംഭനം മൂലം കാരെൻ മരിച്ചത് ലോകമെമ്പാടുമുള്ള അവരുടെ ആരാധകരെ നടുക്കി.
പക്ഷേ ഈ സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയുള്ള വിപുലമായ വാർത്താ കവറേജ് ഭക്ഷണശീലങ്ങളെ കുറിച്ചുള്ള വലിയ അവബോധം ലോകത്ത് ഉണ്ടാക്കി. മരിക്കുമ്പോൾ കാരെന് വെറും 33 വയസ്സുമാത്രമായിരുന്നു പ്രായം. ഈ അകാല മരണമൂലം ജേഷ്ഠൻ റിച്ചാർഡും സംഗീത ലോകത്ത് നിന്ന് വിടവാങ്ങി. പിന്നീട് പല നിർബന്ധങ്ങൾ ഉണ്ടായിട്ടും അയാൾ സംഗീത ലോകത്തേക്ക് തിരിച്ചുപോയില്ല.
മാധ്യമങ്ങൾക്ക് ട്രോൾ മഴ
എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ വെറുതെ ആശാരിമാർ എന്ന് തർജ്ജമ ചെയ്യുകയാണ് കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത്. ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയുമായി. സോഷ്യൽ മീഡിയ ആക്്റ്റീവിസ്റ്റ് ബാബു അഞ്ചാമൻ ഇങ്ങനെ കുറിക്കുന്നു. ''ആശാരിമാർ മാത്രം താമസം ഉള്ള ഒരു തെരുവിൽ ആയിരുന്നു കീരവാണിയുടെ വീട്...ചെറുപ്പത്തിലേ സംഗീതത്തോട് ഉള്ള അതിയായ വാസന ഉള്ള കുട്ടിയായിരുന്നിട്ടും ദാരിദ്ര്യം അവനെ സംഗീതം പഠിക്കാൻ സമ്മതിച്ചില്ല..എന്നാൽ തന്റെ ചുറ്റിനുമുള്ള ആശാരിമാരുടെ കൊട്ടുവടിയുടെ ശബ്ദത്തിൽ അവൻ താളം കണ്ടെത്തി..ഈർച്ചമില്ലിന്റെ ബ്ലേഡിന്റെ ശബ്ദത്തിൽ അവൻ സപ്തസ്വരങ്ങൾ കണ്ടെത്തി...ചിന്തേരിന്റെ ശബ്ദത്തിൽ ശ്രുതി കണ്ടെത്തി..നാട്ടു നാട്ടു എന്നാ പാട്ടു തന്നെ നോക്ക്,കൊട്ട് വടിയുടെ താളം അതിൽ കേൾക്കാം...ആശാരി സംഗീതത്തിൽ നിന്നു ഓസ്ക്ര് വേദിയിലെക്കെത്തിയ കീരവാണിക്ക് ആൾ കേരള വിശ്വകർമ്മ സംഘടനയുടെ പേരിലും എന്റെ പേരിലും അഭിനന്ദനങ്ങൾ...??''- ഇങ്ങനെയാണ് ആ ട്രോൾ അവസാനിച്ചത്.
എഴുത്തുകാരനും മാധ്യമ പ്രവർത്തകനും, സംഗീത നിരൂപകനുമായ രവിമേനോൻ കാര്യത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിൽ രവിമേനോൻ ഇങ്ങനെ പറയുന്നു. ''മരപ്പണിക്കാരല്ല കീരവാണിയുടെ കാർപെന്റേഴ്സ്.... എന്റേയും. കാർപെന്റേഴ്സിന്റെ ഗാനങ്ങൾ കേട്ട് വളർന്ന കൗമാരത്തെ കുറിച്ച് ഓസ്കർ വേദിയിൽ കീരവാണി പരാമർശിച്ചു കേട്ടപ്പോൾ പ്രത്യേകിച്ചൊരു സന്തോഷം. എന്റെയും കൗമാര സ്മൃതികളുടെ ഭാഗമാണല്ലോ അവർ.. പ്രത്യേകിച്ച് 'യെസ്റ്റർഡേ വൺസ് മോർ.......' (കീരവാണിയുടെ കാർപെന്റെഴ്സ് പ്രസ്താവന ചില ഓൺലൈൻ മാധ്യമങ്ങളിലും ചാനലുകളിലും 'ആശാരിമാരുടെ' പാട്ടായി വ്യാഖാനിക്കപ്പെട്ട സാഹചര്യത്തിൽ ഈ പഴയ കുറിപ്പിന് പ്രസക്തി ഉണ്ടെന്ന് തോന്നുന്നു..)''- ഇങ്ങനെ എഴുതിക്കൊണ്ട് തന്റെ പഴയ പോസ്റ്റ് രവിമേനോൻ റീ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ