മലപ്പുറം: നാടുകാണി ചുരത്തിൽ കാറിന് നേരെ കാട്ടാനയുടെ ആക്രണം. കൈക്കുഞ്ഞ് ഉൾപ്പടെ കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. രാത്രി ഒമ്പതരയോടെ ചുരത്തിൽ തണുപ്പൻ ചോലക്ക് സമീപമണ് ആനയുടെ ആക്രമണം ഉണ്ടായത്. വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടി സ്വദേശികളായ കൂട്ടിലാടി മൺസൂർ (35), മൺസൂറിന്റെ മകൻ റബീഹ് (4), മതാവ് സുബൈദ (85), സഹോദരന്റെ ഭാര്യ ഷംനഷെറിൻ, മകൻ ആമിൽ (ഒന്നര) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

ഗഡല്ലൂരിലെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് ചുരത്തിൽ കാട്ടാനകൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ടത്. റോഡരികിലും സമീപവുമായി അഞ്ച് ആനകളാണുണ്ടായിരുന്നത്. ഇതിൽ മാറി നിൽക്കുകയായിരുന്ന ഒരാന കാറിന് നേരെ പാഞ്ഞെടുക്കുകയായിരുന്നു. ആന അടുത്തെത്തിയതോടെ കാർ ഓടിച്ചിരുന്ന മൺസൂർ കാർ ഓഫാക്കി. കാറിന്റെ മുന്നിലെ ബംമ്പർ ആന ചവിട്ടി തെറിപ്പിച്ചു. ബോണറ്റിലും ആന മുട്ട് മടക്കി ചവിട്ടി. പരാക്രമം കണ്ട് ഇവരുടെ കാറിന്റെ പിന്നിലുണ്ടായിരുന്ന മറ്റൊരു കാറിന്റെ പിൻഭാഗത്തെ ചില്ലുകളും മുളയിൽ തട്ടി തകർന്നു. മറ്റു വാഹനങ്ങളുടെ ഹെഡ് ലൈറ്റുകൾ കണ്ടതോടെ ചിഹ്നം വിളിച്ച് ഒറ്റയാൻ പിന്തിരിഞ്ഞ് മറ്റു ആനക്കൂട്ടത്തോടൊപ്പം കാട് കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന ആർക്കും പരിക്കില്ല. കാറിന്റെ മുൻ ഭാഗം തകർന്നെങ്കിലും ഈ വാഹനത്തിൽ തന്നെയാണ് കുടുംബം ചുരം ഇറങ്ങിയെത്. ആനമറിയിലെ വനം ചെക്ക്‌പോസ്റ്റിൽ വിവരം നൽകി.

കലി തുള്ളിയ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും കുടുംബം രക്ഷപ്പെട്ടത് മൺസൂറിന്റെ മനകരുത്തുകൊണ്ട് മാത്രമാണ്. കാറിന് നേരെ പാഞ്ഞെടുക്കുന്ന കരിവീരനെ കണ്ടതോടെ മൺസൂർ സൈഡ് ഗ്ലാസുകൾ ഉയർത്തി കാർ ഓഫാക്കി. കുടുംബാംഗങ്ങളോട് ഒച്ചവെക്കാതെ ഇരിക്കാൻ ആവശ്യപ്പെട്ടു. കാറിന്റെ മുൻഭാഗത്തെ ബംമ്പർ ആന ചവിട്ടി തെറിപ്പിച്ചപ്പോഴും കാറിലുണ്ടായിരുന്നവർ അലറി കരഞ്ഞില്ല. കാറിന്റെ ബോണറ്റിൽ മുട്ടുമടക്കി ചവിട്ടിയ ആന ഒച്ച ഒന്നും കേൾക്കാതെ വന്നതോടെ പിൻവാങ്ങുകയായിരുന്നു.

ചുരം ഇറങ്ങുന്നതിനിടെ റോഡരികിൽ മേയുന്ന ആനകൾ മൺസൂറിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കാർ അരിക് ചേർത്ത് നിർത്തിയപ്പോഴാണ് കൂട്ടത്തിലൂണ്ടായിരുന്ന ഒറ്റയാൻ കാറിന് നേരെ പാഞ്ഞടുത്തത്. പിന്നിൽ മറ്റു വാഹനങ്ങൾ വന്നു നിന്നതോടെ റിവേഴ്‌സെടുത്ത് പോരാനും കഴിയാതെ വരുകയായിരുന്നു. രാത്രി പകൽ എന്നില്ലാതെ ചുരത്തിൽ കാട്ടാനകൾ ഉണ്ടാവാറുണ്ടെങ്കിലും യാത്രക്കാർക്ക് നേരെ ആക്രമണത്തിന് മുതിരാറില്ല. എന്നാൽ കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രക്കാരന്റെ പിറകെ ഒറ്റയാൻ കൂടിയതായി പറയുന്നുണ്ട്.