കണ്ണൂർ: ആറളം ഫാമിൽ ഭീതി പരത്തി കാട്ടാനക്കൂട്ടത്തിന്റെ സംഹാര താണ്ഡവം തുടരുന്നു . ഫാമിലെ തെങ്ങ് ചെത്ത് തൊഴിലാളി സഞ്ചരിച്ച ബൈക്ക് പിന്നിൽ നിന്നും ഓടിയെത്തിയ കാട്ടാന ചവിട്ടി വീഴ്‌ത്തി. ബൈക്ക് ഓടിച്ച ചെത്ത് തൊഴിലാളി ആനയുടെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. പുനരധിവാസ മേഖലയിൽ ആദിവാസി കുടുംബത്തിന്റെ വീട്ടുമുറ്റത്ത് എത്തിയ ആന വീട്ടിന് മുന്നിലെ മൂന്ന് വൈദ്യുതി തണുകൾ കുത്തി വീഴ്‌ത്തി. വീട്ടിന് സമീപത്തെ വാഴകൾ അടക്കമുള്ള കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചു.

ഫാം അഞ്ചാം ബ്ലോക്കിൽ തെങ്ങ് ചെത്തുന്ന തൊഴിലാളി വിളക്കോട്ടെ ആർ.പി. സിനേഷ് (35)ആണ് ആനയുടെ അക്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. വ്യാഴാഴ്‌ച്ച രാവിലെ ഏഴുമണിയോടെ വീട്ടിൽ നിന്നും കീഴ്പ്പള്ളി - പാലപ്പുഴ റോഡ് വഴി ഫാമിന്റെ അഞ്ചാം ബ്ലോക്കിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മെയിൽ റോഡിൽ നിന്നും കൃഷിയിടത്തിലൂടെ പോകുന്ന പൊന്തക്കാടുകൾ നിറഞ്ഞ മൺറോഡിലൂടെ ബൈക്കിൽ പോകവേയാണ് അക്രമം. മൺറോഡിന്റെ ഇരുവശവും കാട് മൂടി ചെറുപാതയായി മാറിയിരുന്നു. റോഡിനോട് ചേർന്ന് വളവിൽ ആനക്കൂട്ടി നില്ക്കുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടു.

ബൈക്ക് നിർത്തി പിന്നിലോട്ട് എടുക്കാൻ പറ്റാത്തതിനാൽ അവിടെ നിർത്താതെ തന്നെ മുന്നോട്ട നീങ്ങുന്നതിനിടയിൽ ചിന്നം വിളിച്ചെത്തിയ പിടിയാന ബൈക്ക് പിന്തുടർന്ന് എത്തി പിന്നിൽ നിന്നും ചവിട്ടി വീഴ്‌ത്തി. ചവിട്ടിന്റെ ആഘാതത്തിൽ സിനേഷ് നിയന്ത്രണം വിട്ട് കാട്ടിലേക്ക് തെറിച്ചു വീണു. ആന ബൈക്ക് തകർക്കുന്നതിനിടയിൽ കാട്ടിലേക്ക് ഉരുണ്ട് നീങ്ങി സിനേഷ് രക്ഷപ്പെടുകയായിരുന്നു. പത്ത് മിനുട്ട് നേരം തകർത്ത ബൈക്കിന് സമീപം നിലയുറപ്പിച്ച ആന കുട്ടിക്കൊമ്പനൊപ്പം കാട്ടിലേക്ക് നീങ്ങി. വീഴ്ചയിൽ സിനേഷിന്റെ കാലിന് ചെറിയ പരിക്കും പറ്റി.

ആന പോയെന്ന് ഉറപ്പു വരുത്തിയ ശേഷം സഹപ്രവർത്തകരേയും വനംവകുപ്പിനേയും വിവരമറിയിക്കുകയായിരുന്നു. പുനരധിവാസ മേഖല ഒമ്പതാം ബ്ലോക്കിൽ ബാലൻ - സരസ്വതി ദമ്പതികളുടെ വീട്ടുമുറ്റത്ത് പുലർച്ചെ രണ്ട് മണിയോടെ എത്തിയ ആന വീട്ടിന് മുറ്റത്തേയും സമീപത്തേയും മൂന്ന് വൈദ്യുതിതൂണുകൾ കുത്തി വീഴ്‌ത്തി. വീട്ടു പറമ്പിലേയും സമീപത്തേയും വാഴ തെങ്ങ് ഉൾപ്പെടെയുള്ള കാർഷിക വിളകളും വ്യാപകമായി നശിപ്പിച്ചു.

മേഖലയിൽ ആനശല്യം രൂക്ഷമായതോടെ പ്രദേശവാസികളും തെങ്ങ് ചെത്ത് തൊഴിലാളികളും ഫാം തൊഴിലാളികളും ഭീതിയോടെയാണ് കഴിയുന്നത്. പത്ത് മാസത്തിനിടയിൽ മൂന്ന് പേരെയാണ് ആറളം ഫാമിൽ കാട്ടാന കൊന്നത്. മേഖലയിൽ അറുപത്തിനും എൺപത്തിനും ഇടയിൽ ആനകളുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഫാമിന്റെ കൃഷിയിടത്തിൽ വനത്തിന് സമാനമായി കാട് വളർന്ന് നില്ക്കുന്നതിനാൽ ആനയുടെ മുന്നിൽപ്പെട്ടാൽ പോലും അറിയാത്ത അവസ്ഥയാണ്. നേരത്തെ പുലർച്ചെ അഞ്ചുമണി മുതൽ തെങ്ങ് ചെത്താൻ വരുന്ന തൊഴിലാളികൾ ആനഭീഷണിയെ തുടർന്നാണ് രാവിലെ ഏഴുമണിക്ക് ശേഷം കൃഷിയിടത്തിൽ എത്താൻ തുടങ്ങിയത്. റിജേഷ് എന്ന ചെത്ത് തൊഴിലാളിയെ ഈ വർഷം ആദ്യം കാട്ടന ചവിട്ടിക്കൊന്നിരുന്നു. ഇതോടെ ചെത്ത് തൊഴിലാളികളും ഭീതിയിലായിരിക്കുകയാണ്.