- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വയനാട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റയാൾ മരിച്ചു
കൽപ്പറ്റ: വയനാട്ടിൽ പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്കേറ്റയാൾ മരിച്ചു. കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ ആണ് പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55).ആണ് മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സാനി. മകൾ: സോന (പത്താം ക്ലാസ് വിദ്യാർത്ഥി)
രാവിലെ 9.30ന് ചെറിയമല ജംക്ഷനിൽ വച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. പോളിന്റെ വാരിയെല്ലുൾപ്പെടെ തകർന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവർ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൾസ് നിലച്ചിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു. ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചിൽ രക്തം കട്ടകെട്ടിയിരുന്നു. വാരിയെല്ലും പൊട്ടിയിരുന്നു. ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും.
ഇതിനിടെ മാനന്തവാടി ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. കൂടുതൽ ജനം സംഘടിച്ചതോടെ സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതിനിടെ എയർ ആംബുലൻസ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികൾ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടു
വയനാട്ടിൽ ഈ വർഷം മാത്രം കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് മൂന്ന് ജീവൻ. വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വെള്ളച്ചാലിൽ പോൾ മരിച്ച സംഭവത്തിന് പിന്നാലെ നാളെ യുഡിഎഫും എൽഡിഎഫും വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. പോളിന്റെ മരണത്തോടെയാണ് ഈ വർഷം വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായത്. ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂർ മഖ്നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30ന് തോൽപ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.