- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാനന്തവാടിയിലെത്തിയത് ഹാസനിൽ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയ കാട്ടാന
മാനന്തവാടി: വയനാടിനെ വിറപ്പിച്ചുകൊണ്ട് മാനന്തവാടിയിലെ ജനവാസമേഖലയിൽ എത്തിയത് കർണാടകയിൽ നിന്ന് രണ്ടാഴ്ച മുമ്പ് പിടികൂടിയ ആന. 'ഓപ്പറേഷൻ ജംബോ' എന്ന ദൗത്യത്തിലൂടെ കർണാടക വനംവകുപ്പ് ഹാസനിലെ സഹാറ എസ്റ്റേറ്റിൽ നിന്ന് പിടികൂടിയ ആനയാണിതെന്ന് സ്ഥിരീകരിച്ചു. പിടികൂടിയ ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ബന്ദിപ്പൂർ വനാതിർത്തിയായ മൂലഹൊള്ളയിൽ തുറന്നുവിടുകയായിരുന്നു. മൈസൂരുവിലെ വനംവകുപ്പ് ഓഫീസാണ് റേഡിയോ കോളറിലൂടെ ആനയെ നിരീക്ഷിച്ചിരുന്നത്.
ആനയെ ജനുവരി 16-നാണ് കർണാടക വനംവകുപ്പ് പിടികൂടിയത്. പ്രദേശത്ത് ഭീതി വിതയ്ക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തതോടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് വനംവകുപ്പ് കടന്നത്. സ്ഥിരമായി കാപ്പിത്തോട്ടങ്ങളിൽ കറങ്ങിനടക്കുന്ന ശല്യക്കാരായിരുന്നു ഈ ആന എന്നാണ് വിവരം.
അതേസമയം മാനന്തവാടിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടുക മാത്രമാണ് പോംവഴിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. എന്നാൽ ജനവാസമേഖലയിൽ മയക്കുവെടി സാധ്യമല്ലെന്നും അപകടകരമെന്നും മന്ത്രി പറയുന്നു. ഇതിനായി ജനങ്ങൾ സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം. കർണാടകയിൽ നിന്നുള്ള ആനയായതുകൊണ്ട് അവിടെ നിന്നുള്ള സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
കാട്ടാന ഇറങ്ങിയതിനെ തുടർന്ന് മാനന്തവാടിയിൽ സി.ആർ.പി.സി. 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാർഡുകളിലും മാനന്തവാടി നഗരസഭയിലെ 24, 25, 26, 27 ഡിവിഷനുകളിലുമാണ് മാനന്തവാടി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജനവാസമേഖലയിലെത്തിയ കാട്ടാന ഇപ്പോഴും പിൻവാങ്ങിയിട്ടില്ല. ഒരു മണിക്കൂറിലേറെയായി ആന ഒരേ സ്ഥലത്ത് തുടരുകയാണ്. സ്കൂളുകളിലേക്ക് കുട്ടികളെ അയക്കരുതെന്നും ആനയുടെ ദൃശ്യങ്ങളെടുക്കാൻ ശ്രമിക്കരുതെന്നുമുള്ള മുന്നറിയിപ്പുകൾ അധികൃതർ ജനങ്ങൾക്ക് നേരത്തേ നൽകിയിരുന്നു. ആനയെ തിരികെ കാടുകയറ്റാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് കണിയാരത്ത് കാട്ടാനയെത്തിയത്. ആനയെത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഗോദാവരി കോളനിക്കു സമീപവും കണിയാരം ലക്ഷം വീട് കോളനിക്കു സമീപത്തെ വയലിലും ആനയെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
രാവിലെയാണ് പായോട്കുന്നിൽ പ്രദേശവാസികൾ ആനയെ കണ്ടത്. ജനവാസകേന്ദ്രങ്ങളിലൂടെ നീങ്ങിയ ആന പിന്നീട് പുഴ നീന്തിക്കടന്ന് മാനന്തവാടി താഴെയങ്ങാടി ഭാഗത്തെത്തി. ന്യൂമാൻസ് കോളേജ്, എൻ.ജി.ഒ. ക്വാർട്ടേഴ്സ്, മിനി സിവിൽ സ്റ്റേഷൻ, കോടതി, സബ് ട്രഷറി, വനം വകുപ്പ് വിശ്രമ മന്ദിരം എന്നിവയ്ക്കു സമീപത്തുകൂടെ പോയ ആന എട്ടുമണിയോടെ മാനന്തവാടി ട്രാഫിക് പൊലീസ് സ്റ്റേഷനു മുന്നിലെത്തി. ആനയെ പടക്കം പൊട്ടിച്ച് അകറ്റാൻ വനപാലകരും പൊലീസും ശ്രമിക്കുന്നുണ്ട്. ആന ഇതുവരെ പ്രകോപനമൊന്നും ഉണ്ടാക്കിയിട്ടില്ല.