- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണഖനി കൈയിൽ വെച്ച് പട്ടിണി കിടക്കുന്ന നാടാണ് കേരളം! അടുത്ത ആയിരം വർഷത്തേക്ക് ഇന്ത്യ മുഴുവൻ വൈദ്യുതി ഉണ്ടാക്കാൻ ഉള്ള ഊർജ സ്രോതസുള്ളത് ചവറയിൽ; തോറിയം ന്യൂക്ലിയർ പ്ലാന്റ് യാഥാർത്ഥ്യമായാൽ ഈ നാടിന്റെ മുഖച്ഛായ മാറും; കേരളത്തെ രക്ഷിക്കാൻ ഇതാ ഒരു സ്വപ്ന പദ്ധതി
കോഴിക്കോട്: ചോക്കുമലക്ക് മുകളിൽ ഇരിക്കുന്നവൻ ഒരു കഷ്ണം ചോക്ക് അന്വേഷിച്ചുപോയ കഥ കേട്ടിട്ടിട്ടില്ലേ? അതുപോലെ സ്വർണ്ണഖനിക്ക് മുകളിൽ ഇരിന്നിട്ടും പട്ടിണി കിടക്കുന്ന ഒരു ജനതയാണോ മലയാളികൾ? അടുത്ത ആയിരം വർഷത്തേക്ക് ഇന്ത്യ മുഴുവൻ വൈദ്യുതി ഉണ്ടാക്കാൻ കഴിവുള്ള ഊർജ സ്രോാതസ് കേരളത്തിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ എത്രപേർ വിശ്വസിക്കും. പക്ഷേ സംഭവം സത്യമാണ്. അതാണ്, കേരളത്തിലെ ചവറ കടപ്പുറത്ത് തോറിയം എന്ന രൂപത്തിൽ ഉള്ളത്. ഇന്ന് ലോകത്തിന്റെ കണ്ണിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന എറ്റവും വലിയ ഇന്ധനം.
ലോകത്തെ തോറിയം ശേഖരത്തിന്റെ 30 ശതമാനവും കേരള കടൽത്തീരത്താണ്. ഇവിടെ രണ്ടുലക്ഷം ടൺ തോറിയം നിക്ഷേപമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ശരിക്കും ഒരു സ്വർണ്ണഖനിക്ക് സമാനമാണ്. രണ്ടാഴ്ച മുൻപ് കേരള സർക്കാർ തോറിയം ഇന്ധനം ആക്കിയുള്ള ഒരു പവർ പ്ലാന്റ് പ്രോജക്റ്റ് കേന്ദ്രത്തിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാൻ കേന്ദ്രം അനുവദിച്ചാൽ കേരളം ഇന്ത്യയുടെ ഊർജ്ജഖനി ആയി മാറുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
യുറേനിയം നിലയങ്ങളേക്കാൾ സുരക്ഷിതം
യുറേനിയം ആണവ നിലയങ്ങളെ അപേക്ഷിച്ചു അപകട സാധ്യത കുറഞ്ഞ ഇന്ധനം ആണ് തോറിയം. ഇന്ന് ലോകത്ത് നിലവിൽ ഉള്ള ആണവ നിലയങ്ങളിൽ ഭൂരിഭാഗവും യുറേനിയം ഇന്ധനം ആക്കിയവ ആണ്. യുറേനിയം 235 എന്ന മൂലകം ആണ് ഇതിനു ഉപയോഗിക്കുന്നത്. ഇത് ഉണ്ടാക്കുന്നത് യുറേനിയം 238 എന്ന മൂലകം സമ്പുഷ്ടീകരിച്ചാണ്. ഇങ്ങനെ സമ്പുഷ്ടീകരിക്കപ്പെട്ട ഇന്ധനത്തിലേക്കു ന്യൂട്രോൺ കടത്തിവിട്ടാണ് ന്യൂക്ലിയർ ഫിഷനിലൂടെ ചെയിൻ റിയാക്ഷൻ ഉണ്ടാക്കുന്നത്. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ചൂട് കൊണ്ട് വെള്ളം തിളപ്പിക്കുകയും നീരാവി ഉപയോഗിച്ച് ടർബയിൻ പ്രവർത്തിപ്പിച്ചു പവർ ഉണ്ടാക്കുകയും ആണ് ചെയ്യുന്നത്. യുറേനിയത്തിന്റെ പ്രധാന പോരായ്മ എന്നാൽ ചെയിൻ റിയക്ഷൻ നിയന്ത്രിക്കാനുള്ള പരിമിതിയും ന്യൂക്ലിയർ വെയിസ്റ്റ് മാനേജ്മെന്റും മൂലകത്തിന്റെ വിലയും ലഭ്യത കുറവും ആണ്..
കടപ്പുറത്തു നമുക്ക് ലഭ്യമാകുന്ന കരിമണലിലെ തോറിയത്തിലേക്ക് ന്യൂട്രോൺ കടത്തി വിട്ടാൽ അത് ചെയിൻ റിയക്ഷൻ ഉണ്ടാക്കില്ല. അതേസമയം ഒരു തോറിയം ആണവ നിലയത്തിൽ ആദ്യ ഇന്ധനമായി യുറേനിയം ഉപയോഗിക്കുമ്പോൾ കൂടെ ഉപയോഗിക്കുന്ന തോറിയം, യുറേനിയം 233 എന്നാ ആണവ ഇന്ധനമായി രൂപമാറ്റം ചെയ്യപ്പെടുന്നു. ആ ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാന്റിൽ പിന്നെയും തോറിയത്തെ യുറേനിയം 233 ആക്കി മാറ്റിയുള്ള ഉത്പാദനം ചാക്രികമായി നടത്താം..അതായത് ചുരുങ്ങിയ വിലയിൽ ആണവ ഇന്ധന ഉത്പാദനം സാധ്യമാണ്.
കേരള തീരപ്രദേശത്ത് സമൃദ്ധമായ തോറിയം നിക്ഷേപമുള്ളതിനാൽ താരതമ്യേന കുറഞ്ഞ ചെലവിൽ തോറിയം അധിഷ്ഠിത പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര വൈദ്യുതി മന്ത്രിക്ക് സമർപ്പിച്ച നിർദ്ദേശത്തിൽ കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനം അഭിമുഖീകരിക്കുന്ന വൈദ്യുതി കമ്മി കുറയ്ക്കാൻ ബദൽ സാധ്യതകൾ തേടേണ്ടതുണ്ടെന്നാണ് വാദം. കൊല്ലം ചവറ തീരത്തോട് ചേർന്ന് കായംകുളത്ത് എൻടിപിസിയിലെ ഭൂമി പവർ സ്റ്റേഷന് ലഭ്യമാക്കാനാണ് നീക്കം. കേന്ദ്രമന്ത്രി ആർ കെ സിംഗിന് സമർപ്പിച്ച നിർദ്ദേശത്തിൽ ഇതിന്റെ വിശദമായ പ്രൊജക്റ്റ് സമർപ്പിച്ചിട്ടുണ്ട്.
കരിമണലിന്റെ കരുത്ത് തേടി
തമിഴ്നാട്ടിലെ കൽപ്പാക്കം തീരത്ത് 32 മെഗാവാട്ടിന്റെ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചതാണ് സംസ്ഥാനത്തിന് പ്രചോദനമായതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൽപാക്കത്തുള്ളത് ഇന്ത്യയിലെ ആദ്യത്തെ തോറിയം അധിഷ്ഠിത ആണവനിലയമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ തോറിയം നിക്ഷേപമുള്ളത് ചവറയുടെ തീരപ്രദേശത്തെ കരിമണലിലാണ്. കായംകുളം എൻടിപിസി നിലയത്തിന്റെ കൈവശം 1,18,0 ഏക്കർ ഭൂമിയുമുണ്ട്. 3,85 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപവൈദ്യുത നിലയത്തിൽനിന്ന് നിലവിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല. ഈ ഭൂമി ഉപയോഗപ്പെടുത്തി ചെറുകിട തോറിയം ആണവ പ്ലാന്റുകൾ സ്ഥാപിക്കാനാണ് വൈദ്യുതി ബോർഡിന്റെ ആലോചന.
32 മെഗാവാട്ട് ശേഷിയുള്ള കൽപാക്കം തോറിയം നിലയം മികച്ച മാതൃകയായാണ് വിലയിരുത്തുന്നത്. അപകടസാധ്യതയും ആണവമാലിന്യവും കുറയ്ക്കാൻ സുരക്ഷാസംവിധാനങ്ങളൊരുക്കിയാണ് ബാർക് കൽപാക്കം നിലയം സജ്ജീകരിച്ചിരിക്കുന്നത്. 30 മുതൽ 50 മെഗാവാട്ട് വരെ വൈദ്യുതിശേഷിയുള്ള ചെറുകിട നിലയങ്ങൾ അപകടസാധ്യത കുറയ്ക്കും. ഇതിന് എൻടിപിസിയുടെ കൈവശമുള്ള 1,180 ഏക്കറിൽ നിന്ന് 500-600 ഏക്കർ ഭൂമി മതിയാകും. കേരളം ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവപൂർണമായ സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. കപട പരിസ്ഥിതിവാദികളുടെ പ്രൊപ്പഗൻഡയും, കേന്ദ്ര-സംസ്ഥാന തർക്കവും മൂലം പദ്ധതി നീളരുത് എന്നാണ് ശാസ്ത്രപ്രചാരകർ ചൂണ്ടിക്കാട്ടുന്നത്.
കൂടംകുളം ആണവനിലയത്തോട് സിപിഎമ്മോ കേരളത്തിലെ ഇടതുസർക്കാരോ നയപരമായ എതിർപ്പുയർത്തിയിട്ടില്ല. പ്രതിപക്ഷത്തുള്ള കോൺഗ്രസിനും, ബിജെപിക്കും എതിർപ്പില്ല. നേരത്തെ കൂടംകുളം ആണവ നിലയത്തെ ചൊല്ലി മത്സ്യസമ്പത്ത് ഇല്ലാതാവും, കടൽ മലിനവും, ജനം കുടിയൊഴിപ്പിക്കപ്പെടും എന്നത് അടക്കമുള്ള അതിഭീകരമായ കുപ്രചാരണമായിരുന്നു നടന്നിരുന്നത്. ഇപ്പോൾ കൂടംകുളം വൈദ്യുതിക്കായി കേരളവും തമിഴ്നാടും അടക്കമുള്ളവർ തർക്കത്തിലാണ്. അതുപോലെ കായംകുളം ആണവ നിലയവും ഇന്ത്യക്ക് ഒരു മുതൽക്കൂട്ട് ആവുമെന്നാണ് കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ