- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞു പുറത്തേക്ക് വന്നു കഴിഞ്ഞാണ് വീൽ ചെയറിൽ പ്രസവ മുറിയിൽ എത്തിച്ചത്; ജനിച്ച ഉടനെ കുഞ്ഞിനെ എടുത്തു കൊണ്ട് നേഴ്സുമാർ ഓടി; ഡോക്ടറുടെ സേവനം കിട്ടിയില്ലെന്നും പരാതി; പാലക്കാട്ടെ വനിത- ശിശു ആശുപത്രിയിൽ നവജാത ശിശു മരിച്ചതും വീഴ്ച; മെക്കോണി പാസ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ആശുപത്രി; വില്ലനായത് 'ന്യൂ ഇയറോ'?
പാലക്കാട്: വനിതാ -ശിശു ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വീഴ്ച വ്യക്തമായിട്ടും ആരോഗ്യ വകുപ്പ് സംഭവത്തെ കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ല. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ സംഭവം അറിയുന്നത് ഇന്നലെ രാത്രി മാധ്യമ പ്രവർത്തകർ വിളിച്ചു കാര്യം തിരക്കിയപ്പോൾ. സംഭവം മൂടിവെയ്ക്കാനാണ് ആശുപത്രി അധികൃതർ ആദ്യം ശ്രമിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടറും സംഭവം അറിഞ്ഞത് ഇന്ന്.
ന്യൂ ഇയർ ആയിരുന്നതിനാൽ ആശുപത്രിയിൽ ഡോക്ടർമാരും നേഴ്സുമാരും കുറവായിരുന്നുവെന്നാണ് വിവരം. പോരാത്തതിന് ഞായറാഴ്ച ആയതിനാൽ സീനിയർ ഡോക്ടർമാരും ഉണ്ടായിരുന്നില്ല. തക്ക സമയത്ത് പ്രസവം നടക്കാത്തതിനാൽ കൊടുമ്പ് ഓലശ്ശേരി ചെറപ്പാടം വീട്ടിൽ കെ.ശിവദാസ്, കെ.കുമാരി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12:30നാണ് പ്രസവവേദനയെത്തുടർന്നു കുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വേദനകൊണ്ടു പുളഞ്ഞപ്പോഴും പ്രസവസമയം ആയില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതർ പ്രസവ വാർഡിലെ നിരീക്ഷണ മുറിയിൽ കിടത്തിയിരിക്കുകയായിരുന്നുവെന്നു കുമാരി പറഞ്ഞു. പ്രസവ സമയത്ത് ഡോക്ടറുടെ സേവനം ലഭ്യമായില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. 'കുഞ്ഞ് പുറത്തേക്കു വന്നു കഴിഞ്ഞാണു പ്രസവ മുറിയിലേക്കു വീൽചെയറിൽ ഇരുത്തി കൊണ്ടുപോയത്. പ്രസവിക്കുന്ന സമയം ഡോക്ടർ അടുത്ത് ഉണ്ടായിരുന്നില്ല. ജനിച്ച ഉടനെ കുഞ്ഞിനെ എടുത്തുകൊണ്ട് നഴ്സുമാർ ഓടി. കുഞ്ഞിന്റെ മുഖം പോലും കണ്ടില്ല. ആ സമയം കുഞ്ഞിന് ജീവൻ ഉണ്ടായിരുന്നു'- കുമാരി പറഞ്ഞു.
കുഞ്ഞ് ജനിച്ചതോ തീവ്രപരിചരണ വിഭാഗത്തിലേക്കു കുഞ്ഞിനെ മാറ്റിയതോ ബന്ധുക്കളെ അറിയിച്ചില്ല. 3.45ന് കുഞ്ഞ് ജനിച്ചുവെന്നും 4.45ന് മരിച്ചെന്നും പിന്നീട് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ കുഞ്ഞിനെ ബന്ധുക്കളെ കാണിക്കുകയോ മരണകാരണം വ്യക്തമാക്കുകയോ ചെയ്തില്ല. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് പ്രശ്നം ഉണ്ടാക്കിയെങ്കിലും ആശുപത്രി അധികൃതർ സംഭവം മൂടി വെയ്ക്കാനാണ് ശ്രമിച്ചത്്്. പാലക്കാട് സൗത്ത് പൊലീസ് ആശുപത്രിയിൽ എത്തിയതോടെ രാത്രി 7.45നാണു കുഞ്ഞിനെ ബന്ധുക്കളെ കാണിച്ചത്. ജനിച്ചത് പെൺകുഞ്ഞായിരുന്നെന്നു പോലും തങ്ങൾ അറിഞ്ഞതു 4 മണിക്കൂർ കഴിഞ്ഞാണെന്നു കെ.ശിവദാസ് പറഞ്ഞു.
ജനുവരി 3നാണ് പ്രസവത്തിനായി ആശുപത്രിയിൽ എത്തണമെന്നു കുമാരിയെ അറിയിച്ചിരുന്നത്. ഇന്നലെ വേദനയെ തുടർന്നാണു ആശുപത്രിയിൽ എത്തിയത്. 27നു സ്കാൻ ചെയ്തിരുന്നെന്നും കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. പ്രസവിച്ചപ്പോൾ തന്നെ കുഞ്ഞിനു ജീവനില്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു കൈമാറി.
ആശുപത്രി അധികൃതർ പൊലീസിനോടു പറഞ്ഞത്.
കുഞ്ഞ് മരിച്ചത് മെക്കോണി പാസ് മൂലമാണ്. പ്രസവ മുറിയിൽ ഡോക്ടർ ഇല്ലാതിരുന്നുവെന്ന് പറയുന്നതും ശരിയല്ല, കുമാരി വീട്ടിൽ പോയി കണ്ടിരുന്ന ഡോക്ടർ ഉണ്ടായിരുന്നില്ല. എന്നാൽ മറ്റൊരു ഡോക്ടർ കേസ് അറ്റൻഡ് ചെയ്തിരുന്നു. ആദ്യം മുതൽ ചികിത്സിച്ച ഡോക്ടർ ഇല്ലാതിരുന്നതു കൊണ്ടാണ് ഇവർ പിഴവ് ആരോപിക്കുന്നത്.
ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.
മെക്കോണി പാസ് മൂലമാണ് മരണമെങ്കിൽ മൂന്ന് തരത്തിൽ വീഴ്ച ഉണ്ടാവാം. വിശദമായി പരിശോധിച്ചാലെ വ്യക്തത കിട്ടു. പ്രസവ ദിവസം നിശ്ചയിച്ചതിൽ ഡോക്ടർക്ക് പിഴവ് വരാം. സ്കാനിങ് നടത്തിയ ഡോക്ടറുടെ നിഗമനം തെറ്റാം. പ്രസവിക്കുന്ന സ്ത്രീ മാസ മുറ നിന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളിലെ തെററും പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. മൊക്കോണി പാസ് എന്നാൽ മാസം തികഞ്ഞിട്ടും പ്രസവിക്കാത്തതു മൂലം വിസർജ്ജ്യങ്ങൾ കുഞ്ഞിന്റെ ഉള്ളിൽ പോയി മരണം സംഭവിക്കുന്നതാണ്.
ഇവിടെ ജനുവരി മൂന്നിനാണ് അഡ്മിറ്റാവാണ് ഡോക്ടർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ വേദനയെ തുടർന്ന് ഇന്നലെ തന്നെ കുഞ്ഞിന്റെ അമ്മ ആശുപത്രിയിൽ അഡ്മിറ്റായി. അപ്പോൾ വീട്ടുകാരുടെ പിഴവായി ഇതിനെ കാണാൻ കഴിയില്ല. ആശുപത്രി അധികൃതർ ജാഗ്രത കാണിച്ചിരുന്നെങ്കിൽ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാമായിരുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്