- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മർക്കസ് നോളജ് സിറ്റിയിലെ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രഭാഷകരായി സ്ത്രീകൾ; സദസ്സിൽ ഇടകലർന്നിരുന്ന് സ്ത്രീകളും പുരുഷന്മാരും; വിവാഹ പന്തലിൽ പോലും മറ ഒരുക്കാൻ നിർദ്ദേശിക്കുന്നവർ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കുന്നത് ശരിയോ എന്ന് ചോദിച്ച് ഒരു വിഭാഗം രംഗത്ത്; പരിപാടി കാന്തപുരത്തിന്റെ അസാന്നിധ്യത്തിൽ
കോഴിക്കോട്: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ പാലിക്കുന്നവരാണ് കാന്തപുരം എ പി വിഭാഗം സമസ്ത. പള്ളികളിൽ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌ക്കാരത്തിൽ പങ്കെടുക്കാൻ പോലും സ്ത്രീകൾക്ക് വിലക്കുണ്ട്. വിവാഹ പന്തലിൽ ഭക്ഷണം കഴിക്കാനായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സംവിധാനങ്ങൾ വരെ ഏർപ്പെടുത്തും. വിശ്വാസികളോട് ഇത്തരം കാര്യങ്ങൾ പാലിക്കാൻ നിർദ്ദേശിക്കുന്ന നേതൃത്വം പക്ഷെ ഇതെല്ലാം മറക്കുന്നുവെന്ന് ആക്ഷേപം ശക്തമാകുന്നു.
കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ പൂർത്തിയായ മർക്കസ് നോളജ് സിറ്റിയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയാണ് വിവാദത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി താമരശ്ശേരി കൈതപ്പൊയിലിലെ മർക്കസ് നോളജ് സിറ്റിയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ നിരവധി സ്ത്രീകളാണ് പങ്കെടുത്തത്. പ്രഭാഷകരായി സ്ത്രീകൾ ഉണ്ടായിരുന്ന വേദിയിൽ സ്ത്രീകളും പുരുഷന്മാരും സദസ്സിൽ അടുത്തടുത്ത് ഇരിക്കുകയും ചെയ്തു.
മാലദ്വീപിലെ ആവിഡ് കോളെജ് ഡയരക്ടർ ഡോ. സുനീന റഷീദ്, ഈജിപ്തിലെ അൽഅസ്ഹർ മേധാവിയുടെ ഉപദേഷ്ടാവ് ഡോ. നഹ്ല സാബ്രി അൽസഈദി, മാല ദ്വീപിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഡീൻ പ്രൊഫ. ഡോ. സാകിയ മൂസ, ഹോഗർ ടെക്‌നോളജീസ് ആൻഡ് ഇന്നൊവേഷൻ ഡയരക്ടർ ജൗഹറ എന്നിവരാണ് പരിപാടിയിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് ഒരു വിഭാഗം രംഗത്തെത്തിയിട്ടുള്ളത്. പണ്ഡിതർ പറയുന്ന പരമ്പാരാഗത രീതികൾ ആകെ അട്ടിമറിച്ചുകൊണ്ടാണ് പണ്ഡിത നേതൃത്വം തന്നെ ഇത്തരമൊരു പരിപാടിക്ക് നേതൃത്വം നൽകിയതെന്ന് ഇവർ വ്യക്തമാക്കുന്നു.
പൊതു ഇടങ്ങളിലെ സ്ത്രീ സാന്നിധ്യത്തെ കർശനമായി വിലക്കുന്നവർ സ്ത്രീകൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത് അംഗീകരിക്കാനാവില്ലെന്നും ഇവർ പറയുന്നു. ഇതേ സമയം മാറ്റം സ്വാഗതാർഹമാണെന്ന വാദവും ഉയരുന്നുണ്ട്. സ്റ്റേജിൽ കയറി സമ്മാനം വാങ്ങാൻ പോലും സമ്മതിക്കാതെ ഇറക്കിവിട്ട ഇ കെ വിഭാഗക്കാർക്ക് ഈ കോഴ്‌സിൽ സൈഡ് ബെഞ്ചിൽ സ്ഥലം അനുവദിക്കണമെന്നും ആഗോള പരിസ്ഥിതി കോൺക്ലേവിന്റെ മുഖ്യസംഘാടകനായ അബ്ദുൾ ഹകീം അസ്ഹരിയെ ആദരിക്കുന്നുവെന്നും ഇവർ പറയുന്നു. എന്നാൽ സ്ത്രീകളെ വേദിയിലെത്തിച്ചത് സംഘടനയുടെ മാറ്റമാണെന്ന് പറയാനാവില്ലെന്നാണ് മറു വിഭാഗം പറയുന്നത്. പരിപാടിയുടെ ഔദ്യോഗിക പേജിലോ സംഘടനാ നേതാക്കളുടെ പേജുകളിലെ സ്ത്രീകൾ പങ്കെടുത്ത ഫോട്ടോകൾ പങ്കുവെച്ചിട്ടില്ലെന്നും മാധ്യമങ്ങൾക്കും അത്തരം ഫോട്ടോകൾ നൽകിയിട്ടില്ലെന്നും ഇവർ പറയുന്നു. പെണ്ണ് സ്റ്റേജിൽ കയറിയ ചിത്രം പങ്കുവെക്കാൻ മാത്രം വിഡ്ഡികളൊന്നുമല്ല ഉച്ചകോടിക്കാരെന്നും ഇവർ പരിഹസിക്കുന്നു.
നേരത്തെയും സ്ത്രീകൾ പങ്കെടുത്ത പരിപാടി മർക്കസ് നോളജ് സിറ്റിയിൽ നടന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികൾക്കായി പ്രവർത്തിക്കുന്ന യുണൈറ്റഡ് യൂത്ത് സർക്യൂട്ടും മർക്കസും സംയുക്തമായി സംഘടിപ്പിച്ച മർക്കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റായിരുന്നു വിവാദമായത്. പരിപാടിയിൽ സ്ത്രീകളും പുരുഷന്മാരും ഇടകലർന്നാണ് ഇരുന്നിരുന്നത്. സംഭവം വിവാദമായതോടെ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
പലരാജ്യങ്ങളിലും നിന്നുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ പാലിക്കേണ്ട നിബന്ധനകളെ പറ്റി നേരത്തെ തന്നെ നിർദ്ദേശങ്ങൾ നൽകിയിരുന്നുവെങ്കിലും അത് ഗൗനിക്കാതെ യൂറോപ്യൻ സ്ത്രീകൾ അവിടെ വന്നിരിക്കുകയായിരുന്നു. ഇതിലെ അപാകത പരിഹരിക്കണമെന്ന് ഉടൻ സംഘാടകരോട് ആവശ്യപ്പെട്ടു. ഇവരെ അവിടെനിന്ന് മാറ്റി മറ്റൊരു സ്ഥലത്ത് ഇരിപ്പിടം നൽകണമെന്ന് നിർദ്ദേശിച്ചു. ചടങ്ങിൽ എല്ലാവരും ഒന്നിച്ചിരിക്കുന്ന സന്ദർഭമുണ്ടായത് നമ്മുടെ അടുത്ത് പറ്റിയ അബദ്ധമാണെന്നും ഇതിൽ ഖേദിക്കുന്നുവെന്നും കാന്തപുരം പറഞ്ഞിരുന്നു. അറിയാതെ പറ്റിയ അബദ്ധമായിരുന്നു. കരുതിക്കൂട്ടി നയമോ പദ്ധതിയോ മാറ്റിയതല്ല. ആര് തെറ്റ് ചെയ്താലും അല്ലാഹുവിന്റെ മുന്നിൽ പശ്ചാത്തപിച്ച് ചെയ്ത് മടങ്ങുകയും വിശ്വാസവും ശരീരവും ശുദ്ധിയാക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞിരുന്നു. അന്ന് കാന്തപുരം ഖേദപ്രകടനം നടത്തിയെങ്കിലും പിന്നീട് നടന്ന ഉച്ചകോടിയിൽ വീണ്ടും അതേ കാര്യം ആവർത്തിക്കുകയാണ് മർക്കസ് നോളജ് സിറ്റി അധികൃതർ ചെയ്തത്. അസുഖബാധിതനായി ചികിത്സയിലായതിനാൽ കാന്തപുരം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.