ന്യൂയോർക്ക്: അടുത്തയാഴ്‌ച്ച മനുഷ്യകുലം ഒരു നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. ഭൂമിയിലെ ജനസംഖ്യ 800 കോടിയാവുകയാണ് അടുത്തയാഴ്‌ച്ച എന്ന് ഐക്യരാഷ്ട്ര സഭ അറിയിക്കുന്നു. വരുന്ന ദശകങ്ങളിലും ജനസംഖ്യ വർദ്ധനവ് ഉണ്ടാവും എന്നാണ് ഐക്യരാഷ്ട്ര സഭ ജനസംഖ്യ വിഭാഗം പറയുന്നത്. 2050 ആകുമ്പോഴേക്കും മനുഷ്യായുസ്സ് 77.2 വയസ്സായി ഉയരം എന്നതിനാലാണ് ജനസംഖ്യയിൽ അഭൂതപൂർവ്വമായ വർദ്ധനവ് ഉണ്ടാകുന്നത്.

നവംബർ 15 ഓടെ ലോക ജനസംഖ്യ 800 കോടിയായി മാറുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതായത് 1950 ൽ ഉണ്ടായിരുന്ന 250 കോടി ജനങ്ങൾ എന്ന ജനസംഖ്യയുടെ മൂന്നിരട്ടിയിൽ അധികം വർദ്ധിക്കും എന്നർത്ഥം. ആയുസ്സ് വർദ്ധിക്കുന്നതിനാലും കൂടുതൽ ആളുകൾഗർഭിണികളാകാൻ ഇടയുള്ള പ്രായപരിധിയിലേക്ക് കടക്കുന്നതിനാലുമാണ് വരും ദശകങ്ങളിൽ ജനസംഖ്യ വർദ്ധനവ് ഉണ്ടാവുക. 2030 ആകുമ്പോഴേക്കും ലോക ജനസംഖ്യ 850 കോടിയും 2050 ആകുമ്പോഴേക്കും 970 കോടിയുമാകുമെന്നാണ് ഐക്യരാഷ്ട്ര സഭ പ്രവചിക്കുന്നത്. 2080 ആകുമ്പോഴേക്കും 1040 കോടിയുമാകും.

അതേസമയം ജനസംഖ്യാ വർദ്ധന നിരക്ക് 1960 ന് ശേഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.2020 ആയപ്പോഴേക്കും ഇത് 1 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പോപ്പുലേഷൻ ഫണ്ടാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. 2050 ആകുമ്പോഴേക്കും ജനസംഖ്യ വർദ്ധന നിരക്ക് 0.5 ശതമാനമായി കുറയുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.പ്രത്യൂദ്പാദന നിരക്ക് കുറയും എന്നതിനാലാണിത്.

1950-ൽ ഒരു സ്ത്രീയുടെ ആയുസ്സിൽ ശരാശരി 5 കുട്ടികൾക്കാണ് ജന്മം നൽകിയിരുന്നതെങ്കിൽ 2021 ആയപ്പോഴേക്കും അത് 2.3 കുട്ടികളായി കുറഞ്ഞിരുന്നു. 2050 ആകുമ്പോഴേക്കും ഇത് 2.1 ആയി കുറയും എന്നാണ് കണക്കാക്കുന്നത്. ഇന്നത്തെ ലോകത്തിൽ ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നത് പ്രത്യൂദ്പാദന നിരക്ക് കുറഞ്ഞുവരുന്ന രാജ്യങ്ങളിലാണ് എന്നും ഈ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യന്റെ ശരാശരി ആയുസ്സിലുണ്ടായ വർദ്ധനവാണ് ജനസംഖ്യ കൂടുന്നതിന് പ്രധാന കാരണമായി പറയുന്നത്. 2019-ൽ മനുഷ്യന്റെ ശരാശരി ആയുസ്സ് 72.8 വയസ്സായിരുന്നു. 1990 ലേതിനേക്കാൾ ഒൻപത് വർഷം കൂടുതലാണിത്. 2050 ആകുമ്പോഴേക്കും ഇത് 77.2 വയസ്സായി ഉയരും.

പ്രത്യൂദ്പാദന നിരക്കിലെ കുറവുകൂടി കണക്കിലെടുക്കുമ്പോൾ 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 2022 ൽ 10 ശതമാനം എന്നതിൽ നിന്നും 2050 ൽ നിന്നും 16 ശതമാനമായി ഉയരും. ഇത് തൊഴിൽ വിപണിയേയും പെൻഷൻ പദ്ധതികളേയും കാര്യമായി സ്വാധീനിക്കും. ജനസംഖ്യാ വർദ്ധനവിൽ ഭൂമിശാസ്ത്രപരമായ വിഭജനം ദൃശ്യമാകും. 2050 ആകുമ്പോഴേക്കും ജനസംഖ്യ പ്രധാനമായും വർദ്ധിക്കുന്നത് എട്ട് രാജ്യങ്ങളീലായിരിക്കും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എതിയോപിയ, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, താൻസാനിയ എന്നിവയാണ് ഈ എട്ടു രാജ്യങ്ങൾ.