മലപ്പുറം: ജന്മനാ ബധിരനായ യമനി ബാലൻ അക്രം ശബ്ദങ്ങൾ കേട്ടു തുടങ്ങിയതോടെ പേരമകനെ കാണാൽ മുത്തശ്ശി കേരളത്തിലെത്തി.കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ ശബ്ദങ്ങൾ കേട്ടു തുടങ്ങിയ പേരമകൻ അക്രമിനെ കാണാൻ നാല് വർഷത്തിനു ശേഷമാണ് ദുബൈയിൽ നിന്നും മുത്തശ്ശി ശുഹദ് ഉൾപ്പെടുന്ന കുടുബം കേരളത്തിലെത്തിയത്.കഴിഞ്ഞ ദിവസമാണ് അഭ്യന്തര കലാപത്തിനെ തുടർന്ന് ദുബൈയിലേക്ക് മാറേണ്ടി വന്ന മുത്തശ്ശിയുടെയും യമനി കുടുബത്തിന്റേയും ഒത്തുചേരലിന് അക്രമിന്റെ ചികിത്സാ വിജയം വഴിയൊരുക്കിയത്.

അഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് ദഹാൻ അൽ സക്കനി യുടെയും അസ്മഹാൻ അലി സാലിഹ് അൽസക്ക നിയുടെയും മൂന്നാമത്തെ മകനാണ് ആറു വയസ്സുള്ള അക്രം മുഹമ്മദ് ദഹാൻ അലി. ജന്മനാ കേൾക്കാൻ കഴിവില്ലാത്ത അക്രം കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെ കേൾവിയുടെ ലോകത്തേക്ക് എത്തിയ സന്തോഷത്തിലാണ് ഈ കുടുംബം . കഴിഞ്ഞ ഫെബ്രുവരി 17നാണ് വിദഗ്ധ ചികിത്സ തേടി അൽ ഹദഫ് മെഡി ടൂർസിന്റെ ഉടമ എൻ പി മുഹമ്മദാലിയോടൊപ്പം യമൻ സ്വദേശികളായ ദമ്പതികൾ കുട്ടിയുടെ ചികിത്സക്കായി പെരിന്തൽമണ്ണ അസെന്റ് ഇ എൻ ടി ആശുപത്രിയിലെത്തുന്നത്.

കുട്ടിക്ക് കേൾവി ലഭ്യമാക്കുന്നതിനായി നാട്ടിൽ പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും കാര്യമായി പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഡിപ്, ശ്രുതി തരംഗം, തുടങ്ങിയ പദ്ധതികളിലൂടെയും അല്ലാതെയും 600 ൽ പരം കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തി നിരവധി പേരെ ശബ്ദങ്ങളുടെ ലോകത്തേക്ക് എത്തിച്ച ഇ എൻ ടി ചീഫ് കൺസൾട്ടന്റും കോക്ലിയർ ഇംപ്ലാന്റ് സർജനുമായ ഡോക്ടർ പി കെ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ അക്രമിനെ വിദഗ്ധപരിശോധനക്ക് വിധേയമാക്കി. കുട്ടിക്ക് കേൾവി ലഭ്യമാക്കാൻ സാധ്യതകൾ തെളിഞ്ഞതോടെ മെഡിക്കൽ സംഘം കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയസാധ്യതകൾ ഉറപ്പാക്കുകയായിരുന്നു.

ജൂലൈ 14ന് പെരിന്തൽമണ്ണ അസെന്റ് ഇ എൻ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ച അക്രമിനെ ഡോക്ടർ പി കെ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ കോക്ലിയർ ഇംപ്ലാന്റ് സർജറിക്ക് വിധേയമാക്കി. നാല് ദിവസത്തെ ആശുപത്രി വാസവും ഒരാഴ്ചത്തെ വിശ്രമത്തിനും ശേഷം ഓഗസ്റ്റ് അഞ്ചോട് കൂടി ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായതോടെ ശബ്ദങ്ങളോട് പ്രതികരിച്ചു തുടങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ അറബി ഭാഷാ പ്രാവീണ്യമുള്ള സ്പീച്ച് തെറാപ്പിസ്റ്റിന്റെ സഹായത്തോടെ വിവിധ ശബ്ദങ്ങളെ കേൾപ്പിച്ചുകൊണ്ടും, അറബി ഭാഷാ ഉച്ചാരണങ്ങളിലും പരിശീലനം ആരംഭിക്കുകയായിരുന്നു.

ശബ്ദങ്ങളോട് പ്രതികരിച്ചു തുടങ്ങിയ അക്രം സംസാരിക്കാനുള്ള ശ്രമവും തുടങ്ങിയത് കുടുബത്തിനെ ഏറെ സന്തോഷത്തിലാക്കി. കേരളത്തിൽ നൂതന ശസ്ത്രക്രിയകൾ നടക്കാറുണ്ടെങ്കിലും യമനിൽ ഇത്തരം ശാസ്ത്രക്രിയകൾ നടക്കാറില്ലെന്നും മകന്കേൾവി ലഭ്യമായത് യമനിൽ അപൂർവ്വമായ സംഭവമായതായും അക്രമിന്റെ പിതാവും ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുമായ മുഹമ്മദ് ദഹാൻ അൽ സക്കനി പറഞ്ഞു.

ശസ്ത്രക്രിയാ സംഘത്തിൽ ഡോ :പി കെ ഷറഫുദ്ധീനോടൊപ്പം ഇ എൻ ടി സീനിയർ സർജൻ ഡോ.അനുരാധാ വർമ്മ. അനസ്തേഷ്യ വിഭാഗം മേധാവി ഡോ: ഷബീറലി സി എച്ച്, ഡോ.നിബി ഷാജഹാൻ, സീനിയർ ഓഡിയോളജിസ്റ്റ് എൻ പി പ്രശാന്ത് ,ഓഡിയോളജിസ്റ്റ് ചിഞ്ചു ജോണിഎന്നിവരാണ് ഉണ്ടായിരുന്നത്. കേരളത്തിലെ ചികിത്സാ സൗകര്യങ്ങളിൽ നന്ദി പറഞ്ഞ യമനി കുടുബം ഒമ്പതിന് സ്വന്തം നാട്ടിലേക്ക് മടങ്ങും