- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണ്ടൻ പരിഷ്കാരങ്ങളുമായി ആഭ്യന്തരവകുപ്പ്: കോമഡികൾ ചർച്ചകളിൽ
തിരുവനന്തപുരം: പൊലീസുകാർക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയ്ക്ക് എതിരേയും മാനസിക സമ്മർദം കുറയ്ക്കുന്നതിനും വേണ്ടി ആഴ്ചയിലൊരു ദിവസം വ്യായാമവും യോഗയും ഏർപ്പെടുത്താൻ തീരുമാനം. ഇത് മണ്ടൻ പരിഷ്കാരവും ഈ വർഷത്തെ മികച്ച കോമഡിയുമാണെന്ന് അഭിപ്രായവുമായി പൊലീസുകാരും രംഗത്ത്.
വെള്ളിയാഴ്ച ദിവസമുള്ള പരേഡ് കൊണ്ടു തന്നെ പൊലീസുകാർ വലഞ്ഞിരിക്കുകയാണ്. ഇതിന് പുറമേയാണ് ആഴ്ചയിലൊരു ദിവസം ഒരു മണിക്കൂർ യോഗായും കായികപരിശീലനവും കൂടി വേണമെന്ന് നിർദേശിച്ചിരിക്കുന്നത്. ബുധനാഴ്ചയാകും അഭികാമ്യമെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു. പൊലീസുകാരുടെ ഇടയിലെ ആത്മഹത്യാ പ്രവണത സംബന്ധിച്ച് ഇന്റലിജൻസ് എഡിജിപി ഒരു പഠനറിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചിരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി പൊലീസുകാർക്കിടയിൽ ആത്മഹത്യാ പ്രേരണ വർധിച്ചു വരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണങ്ങൾ കുടുംബപ്രശ്നങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, ജോലി സ്ഥലത്തെ പീഡനം, മേലുദ്യോഗസ്ഥരിൽ നിന്നുള്ള അമിതമായ സമ്മർദം, അമിതമായ ജോലിഭാരം എന്നിവയാണ്. യോഗ പോലെയുള്ള കായിക വ്യായാമങ്ങൾ മാനസിക സമ്മർദം കുറയ്ക്കുന്നതിന് ഉത്തമമാണെന്ന ശിപാർശയും റിപ്പോർട്ടിലുണ്ട്്.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസുകാരുടെ സമ്മർദം കുറയ്ക്കാനുള്ള ചില മാർഗങ്ങൾ നിർദേശിക്കാൻ ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹമാണ് വെള്ളിയാഴ്ച പരേഡിന് പുറമേ ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂർ കായിക വിനോദവും യോഗായും പരിശീലിക്കാൻ ശിപാർശ ചെയ്തത്.
എല്ലാ യൂണിറ്റ് തലവന്മാരോടും തങ്ങളുടെ ഓഫീസിൽ മാനസിക സമ്മർദം അനുഭവിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനും അവർക്ക് പ്രത്യേക കൗൺസിലിങ് നൽകാനും ഡി.ജി.പി നിർദേശിച്ചു. ഇവർക്ക് പ്രതിസന്ധി മറികടക്കാനും ആത്മവിശ്വാസം നൽകുന്നതിനും വ്യായാമവും ഏർപ്പെടുത്തണം.
പൊലീസുകാർക്കിടയിൽ ഈ തീരുമാനം പരിഹസിക്കപ്പെടുകയാണ്. വെള്ളിയാഴ്ച പരേഡ് പോലും കടുത്ത മാനസിക സമ്മർദമാണ് സൃഷ്ടിക്കുന്നത്. രാത്രി മുഴുവൻ നൈറ്റ് ഡ്യൂട്ടി ചെയ്ത് തളർന്നിരിക്കുന്നവരെപ്പോലും വെള്ളിയാഴ്ച പരേഡിൽ നിന്നൊഴിവാക്കുന്നില്ല. അതിനിടെയാണ് മറ്റൊരു ദിവസം കൂടി ഇതേ ദുരിതം അനുഭവിച്ചു വരുന്നത്. ശരിക്കും ഇത് തുഗ്ലക്ക് പരിഷ്കാരമാണെന്ന് പൊലീസുകാർ പറയുന്നു.