തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ ഐ.ഡി. കാർഡ് വിവാദം ബിജെപിയിൽ നിന്നും സിപിഎം യുവജന സംഘടനയായ ഡി വൈഎഫ് ഐ ഏറ്റെടുത്തതോടെ അന്വേഷണം പുതിയ തലത്തിലെത്തി. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം എത്തി. മ്യൂസിയം എസ്.എച്ച്.ഒ.യാണ് അന്വേഷണോദ്യോഗസ്ഥൻ. സൈബർ പൊലീസ് ഉൾപ്പെടെ എട്ട് അംഗങ്ങൾക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ഡി.സി.പി. നിധിൻരാജും കന്റോൺമെന്റ് എ.സി.യും മേൽനോട്ടം വഹിക്കും. അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. കേസ് സിബിഐയ്ക്ക് കൈമാറുന്നതും സർക്കാർ പരിഗണനയിലുണ്ട്.

തിരഞ്ഞെടുപ്പിൽ പങ്കെടുത്തവരുടെയും സ്ഥാനാർത്ഥികളുടെയും മൊഴിയെടുക്കും. മൊബൈൽ ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ഡി.സി.പി. അറിയിച്ചു. റിപ്പോർട്ടുകൾ നിശ്ചിതസമയത്തിനകംതന്നെ നൽകും. മൊബൈൽ ആപ്ലിക്കേഷൻ എന്ത് ലക്ഷ്യം വച്ചാണ് നിർമ്മിച്ചതെന്ന് അന്വേഷിക്കും. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡി.സി.പി. അറിയിച്ചു. അന്വേഷണത്തിൽ കഴമ്പുണ്ടെങ്കിൽ കേസ് സിബിഐയ്ക്ക് കൈമാറാനാണ് സർക്കാരിലെ തീരുമാനം. വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തണമെന്നുള്ളതിനാലാണ് ഇത്. അതിനിടെ കേസ് പൊലീസ് തന്നെ അന്വേഷിച്ചാൽ മതിയെന്ന വാദവും ശക്തമാണ്.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ക്രമക്കേടുകാട്ടാൻ ഇലക്ഷൻ കമ്മിഷന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. യൂത്ത് കോൺഗ്രസ് അംഗത്വത്തിന് സ്വീകരിച്ചിരുന്ന അടിസ്ഥാന രേഖകളിലൊന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡായിരുന്നു. ഫോട്ടോ നൽകിയാൽ വ്യാജ വോട്ടർ കാർഡ് നിർമ്മിച്ചുനൽകുന്ന മൊബൈൽ ആപ്പും ഇതിനായി ഉപയോഗിച്ചു. ഇതിലൂടെ ചില സ്ഥാനാർത്ഥികൾ ജയിച്ചെന്നാണ് പരാതി. കോൺഗ്രസിനുള്ളിൽ പരാതി നൽകിയവരുണ്ട്. ഇവരുടെ മൊഴി പൊലീസ് ആദ്യം എടുക്കും. അതിന് ശേഷം കുറ്റാരോപിതരുടെ മൊഴിയും എടുക്കും. കോൺഗ്രസിനുള്ളിലും ആരോപണം വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിനെ ഉന്നം വച്ചാണ് അന്വേഷണം.

അതിനിടെ യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം രംഗത്തു വന്നു. ഒരു സംഘടിത കുറ്റകൃത്യമാണ് നടന്നതെന്നും ഹാക്കർമാരെ ഉപയോഗിച്ച് സിസ്റ്റത്തെ ഹാക്ക് ചെയ്ത് വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നും റഹിം ആരോപിച്ചു. രാജ്യത്തെ അതീവ സുരക്ഷയുള്ള ഒരു ധനകാര്യസ്ഥാപനത്തിന്റെ സിസ്റ്റം ഹാക്ക് ചെയ്ത് ലക്ഷങ്ങൾ കവർന്ന കേസ് ഡൽഹി കേന്ദ്രീകരിച്ച് ഒരു അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്. ഈ കേസിൽ മലപ്പുറം സ്വദേശിയായ ഒരു ഹാക്കറെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇയാളുടെ സേവനം കള്ളവോട്ട് ചെയ്യാൻ യൂത്ത് കോൺഗ്രസിന്റെ ഒരു വിഭാഗം പ്രയോജനപ്പെടുത്തിയെന്നും റഹിം ആരോപിച്ചു.

മലപ്പുറത്തെ മുൻ യൂത്ത് കോൺഗ്രസ് നേതാവാണ് ഇതിന് നേതൃത്വം നൽകിയത്. ഏത് സിസ്റ്റത്തെയും ഹാക്ക് ചെയ്യാവുന്ന ടെക്നിക്കൽ കുറ്റകൃത്യം അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഇലക്ഷൻ സംവിധാനത്തെ അട്ടിമറിക്കുമെന്ന സൂചനയാണിത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ ഇടപ്പെടൽ അന്വേഷിക്കണം. ഇതിന് മുൻപ് ഈ ടെക്നോളജി ഉപയോഗിച്ചുകൊണ്ട് വ്യാജ ഐ.ഡി. കാർഡുകൾ നിർമ്മിച്ചിട്ടുണ്ടോയെന്നും 2024 തിരഞ്ഞെടുപ്പിൽ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് അട്ടിമറിയുടെ പരീക്ഷണപദ്ധതിയാണോ നടന്നതെന്നും ഗൗരവമായി പരിശോധിക്കണമെന്നും റഹിം പറഞ്ഞു.

കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സുനിൽ കനഗോലുവാണ്. കേരളത്തിലെ കോൺഗ്രസിലെ നിർണ്ണായക യോഗത്തിലും കനഗോലു പങ്കെടുത്തിരുന്നു. ഇതിന് ശേഷം സിപിഎം കനഗോലുവിനെ നോട്ടമിട്ടിരുന്നു. പല ആരോപണങ്ങളും എത്തി. ഈ ആരോപണം കത്തിക്കാനുള്ള സുവർണ്ണാവസരമാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ ഐ.ഡി. കാർഡ് വിവാദം എന്നാണ് സിപിഎം വിലയിരുത്തൽ.