- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മെംബർഷിപ്പിനു അപ്ലോഡ് ചെയ്യുന്ന രേഖകൾ പരിശോധിക്കുന്നത് കേന്ദ്ര കമ്മിറ്റി; വെബ്‌സൈറ്റിന്റെയും സെർവറിന്റെയും നിയന്ത്രണവും ഡൽഹിയിൽ; കരിങ്കൊടിയിൽ തിരിച്ചടിക്കുന്ന യൂത്ത് കോൺഗ്രസിനെ കുടുക്കാൻ സിബിഐ എത്തുമോ? പിണറായി സർക്കാർ നിർണ്ണായക തീരുമാനത്തിന്

കൊച്ചി: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനു മുന്നോടിയായി വ്യാജ തിരിച്ചറിയൽ രേഖകളുടെ സഹായത്തോടെ മെംബർഷിപ്പ് ഉണ്ടാക്കിയെന്ന പരാതിയിലെ സിബിഐ. അന്വേഷണ ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിച്ചേക്കും. നവകേരള സദസിനിടെ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസുകാർ വ്യാപകമായി കരിങ്കൊടി കാട്ടി. ആദ്യ ഘട്ടത്തിൽ ഡിവൈഎഫ് ഐ 'രക്ഷാപ്രർത്തനം' വിജയിച്ചു. കൊല്ലം കഴിയുമ്പോൾ യൂത്ത് കോൺഗ്രസുകാരും ഡിഫിക്കാരെ തിരിച്ചടിക്കുന്നു. ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിനെ ഈ കേസിൽ കുടുക്കാനാണ് തീരുമാനം.
പിണറായി സർക്കാരിനെതിരെ കോൺഗ്രസും സമരം ശക്തമാക്കുന്നുണ്ട്. നവകേരള സദസിന്റെ അവസാന ദിവസം പ്രതിഷേധം നടത്തുന്നു. ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് കേസിലും കടുത്ത നിലപാട് എടുക്കാനാണ് തീരുമാനം. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഹർജി ജനുവരി 16-നു വീണ്ടും പരിഗണിക്കും. കേസിൽ സിബിഐ വരണമെന്നത് കേന്ദ്രസർക്കാരിന്റേയും ആവശ്യമാണ്.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് തന്റെ പേര് യൂത്ത് കോൺഗ്രസിന്റെ മെംബർഷിപ്പ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. യൂത്ത് കോൺഗ്രസിലേക്ക് മെംബർഷിപ്പ് ലഭിക്കണമെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ വോട്ടർ ഐ.ഡി. കാർഡ്, ഒരു ഫോട്ടോ, സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള എട്ടു സെക്കൻഡ് ദൈർഘ്യം വരുന്ന വീഡിയോ എന്നിവ അപ്ലോഡ് ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. ഇത് ലംഘിച്ച് പലതും നടന്നുവെന്നാണ് ആക്ഷേപം.
മെംബർഷിപ്പിന് അപേക്ഷ നൽകാത്ത തന്റെ പേര് പട്ടികയിലുണ്ടെന്നും വോട്ടർ ഐ.ഡി. കാർഡോ മറ്റു രേഖകളോ ഇതിനായി താൻ നൽകിയിട്ടില്ലെന്നും ജുവൈസിന്റെ ഹർജിയിൽ പറയുന്നു. മെംബർഷിപ്പ് എടുക്കാത്ത ഒരാളുടെ പേര് പട്ടികയിൽ എങ്ങനെ വന്നെന്ന് ഹർജി പരിഗണിക്കവേ വാക്കാൽ ചോദിച്ച സിംഗിൾ ബെഞ്ച്, ഒരാളുടെ വ്യാജ ഐ.ഡി. രേഖകളുപയോഗിച്ച് മെംബർഷിപ്പ് ചേർത്തിട്ടുണ്ടെങ്കിൽ അതീവ ഗൗരവമുള്ള വിഷയമാണെന്നും പറഞ്ഞു. ഈ നിരീക്ഷണം സർക്കാരിനും സിബിഐ അന്വേഷണമെന്ന നിലപാട് എടുക്കാൻ സഹായകമാണ്.
ബംഗ്ലൂരുവിലാണ് ഈ ഗൂഢാലോചന നടന്നതെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. സിപിഎമ്മും കേരളത്തിന് പുറത്തെ ഗൂഢാലോചന സംശയിക്കുന്നു. ഈ സാഹചര്യത്തിൽ സിബിഐ വരണമെന്നാണ് ചിലരുടെ ആവശ്യം. വ്യാജരേഖകളുപയോഗിച്ചാണ് തന്നെ പട്ടികയിലുൾപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി ജുവൈസ് മൂവാറ്റുപുഴ പൊലീസിൽ നവംബർ 19-നു പരാതി നൽകിയിരുന്നു. എന്നാൽ, കുറ്റക്കാരെ കണ്ടെത്താൻ ഫലപ്രദമായ നടപടിയുണ്ടായില്ലെന്ന് ഹർജിക്കാരൻ പറയുന്നു. ഇതെല്ലാം പരിഗണിച്ച് കോടതിയിൽ സർക്കാർ കരുതലോടെ തീരുമാനം എടുക്കും.
യൂത്ത് കോൺഗ്രസിന്റെ മെംബർഷിപ്പിനു വേണ്ടി അപ്ലോഡ് ചെയ്യുന്ന രേഖകൾ പരിശോധിക്കുന്നത് ഡൽഹിയിലുള്ള കേന്ദ്ര കമ്മിറ്റിയാണ്. യൂത്ത് കോൺഗ്രസിന്റെ വെബ്‌സൈറ്റിന്റെയും സെർവറിന്റെയും നിയന്ത്രണവും അവിടെയുള്ളവർക്കാണ്. ഈ സാഹചര്യത്തിൽ സിബിഐ. അന്വേഷണമാണ് ഉചിതമെന്നും ഹർജിക്കാരൻ വാദിക്കുന്നു.


