- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ വീടിന് പുറത്തു രണ്ടുപേർ; പൊതുവഴിയില്ലെന്ന് പറഞ്ഞുതീരും മുമ്പേ മിന്നായം പോലെ ഇരുവരും ഓടി; ഒരാൾ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു; മരണമടഞ്ഞത് 25 കാരൻ; സംഭവം മലപ്പുറം ചെരക്കാപ്പറമ്പിൽ
മലപ്പുറം: രാത്രിയിൽ വീടിനു പുറത്തെ ശബ്ദംകേട്ട് വീട്ടുകാർ വാതിൽ തുറന്നപ്പോൾ പുറത്തുരണ്ടുപേർ. ഇരുട്ടത്ത് മുഖം വ്യക്തമായില്ലെങ്കിലും ആരാണെന്ന് ചോദിച്ചപ്പോൾ കേൾക്കാൻ കൂട്ടാക്കാതെ ഇരുവരും ഓടി. മിന്നായം പോലെ ഓടി ഒരാൾ വീടിന് സമീപത്തുള്ള ഉപയോഗിക്കാത്ത പൊട്ടക്കിണറ്റിൽ വീണു മരിച്ചു. ഇന്നലെ രാത്രിയിലാണു സംഭവം.
മലപ്പുറം ചെരക്കാപ്പറമ്പിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കിണറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെരക്കാപറമ്പ് പാറപ്പറമ്പ് മദ്രസയ്ക്ക് സമീപം ചെട്ടിയാൻതൊടി മുഹമ്മദ് രഹ്നാസിനെ(25) യാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരിന്തൽമണ്ണ പാതായ്ക്കര പള്ളി റോഡിന് സമീപത്തെ കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഏഴോടെ യുവാവ് കിണറിൽ വീണതായി സമീപവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു.
രാത്രി പുറത്തു ശബ്ദം കിട്ടതോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ രണ്ടുപേർ നിൽക്കുന്നതായി കണ്ടത്. പൊതുവഴിപോലും ഇല്ലാത്ത സ്ഥലത്തു രണ്ടുപേർ വന്നതുകണ്ടതോടെ വീട്ടുകാർ ആരാണെന്നും ഇതുവഴി വഴിയില്ലെന്നും പറഞ്ഞെങ്കിലും ഇതൊന്നും കേൾക്കും മുമ്പെ ഇരുവരും ഓടുകയായിരുന്നുവെന്നാണ് വീട്ടുകാർ പൊലീസിന് മൊഴി നൽകിയത്.
തുടർന്നു വലിയ ശബ്ദം കേട്ടതോടെ ഒരാൾ കിണറ്റിൽ വീണതായും സംശയിച്ചു. ഉപയോഗ ശൂന്യമായ കിണറ്റിൽ കുറച്ചു വെള്ളവും ഉണ്ടായിരുന്നു. ഇതോടെ വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്നുള്ള പരിശോധനയിൽ യുവാവിനെ കിണറ്റിൽ കണ്ടെത്തുകയും അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച മൃതദേഹ പരിശോധനയ്ക്ക് ശേഷം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: റസിയ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്