- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹിന്ദുക്കളുടെ തലവെട്ടാനും ബലാത്സംഗം ചെയ്യാനും നേതൃത്വം കൊടുത്തവന്റെ പടം ഇവിടെ വേണ്ട'; കൊച്ചി മെട്രോയിലെ വാരിയൻകുന്നന്റെ ചിത്രത്തിനു മുകളിൽ 'ദുരവസ്ഥയിലെ' വരികളുള്ള പോസ്റ്റർ പതിച്ച് യുവ മോർച്ച; മലബാർ കലാപത്തിന്റെ പേരിൽ കേരളം വീണ്ടും കലുഷിതമാവുമ്പോൾ
കൊച്ചി: 1921ൽ നടന്ന മലബാർ കലാപത്തിന്റെ പേരിൽ കേരളം വീണ്ടും കലുഷിതമാവുന്നുവോ? ഇന്ന് കൊച്ചിയിൽ നടന്ന ഒരു സംഭവം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കൊച്ചി മെട്രോയിലെ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിന് മുകളിൽ, കുമാരനാശാന്റെ ദുരവസ്ഥ കവിതയിലെ വാകങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്റർ പതിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവമോർച്ച പ്രവർത്തകരായ അരുൺ, കെഎസ് ഉണ്ണി എന്നിവരെയാണ് പിടികൂടിയത്.
മെട്രോ സ്റ്റേഷനിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങൾ സ്ഥാപിച്ചതിനെതിരെ നേരത്തെ പ്രതിഷേധവുമായി ബിജെപിയും ഹിന്ദു ഐക്യവേദിയും രംഗത്തെത്തിയിരുന്നു. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാർ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രം സ്ഥാപിച്ചിട്ടുള്ളത്. പഴയകാല നേതാക്കളുടെ ചിത്രത്തിനൊപ്പം മലബാർ കലാപത്തെക്കുറിച്ചുള്ള ചെറു വിവരണവും വടക്കേക്കോട്ട സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് യുവമോർച്ച രംഗത്ത് എത്തിയത്. നൂറുകണക്കിന് ഹിന്ദുക്കളുടെ തലവെട്ടാനും സ്ത്രീകളെ ബലാത്സഗം ചെയ്യാനും മതം മാറ്റാനും നേതൃത്വം കൊടുത്ത, വാരിയൻ കുന്നന്റെ സ്മരണ ഇവിടെ അനുവദിക്കില്ല എന്നാണ് സംഘപരിവാർ സംഘടനകൾ പറയുന്നത്. മലബാർ കലാപത്തിലെ ഇരകളുടെ അവസ്ഥ പറയുന്ന കുമാരനാശാന്റെ കവിതയാണ് ദുരവസ്ഥ. അതിലെ വരികൾ തന്നെ ഒട്ടിക്കാൻ ശ്രമിച്ചത് എന്നതിനാലും കാര്യങ്ങൾ തീർത്തും പൊളിറ്റിക്കൽ ആണെന്ന് വ്യക്തമാണ്.
കഴിഞ്ഞ ദിവസമാണ് വാരിയൻകുന്നന്റെ സ്മാരകം മലപ്പുറത്ത് പണിയുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ രംഗത്ത് എത്തിയത്. വാരിയൻ കുന്നന് സ്മാരകം പണിയാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് തീരുമാനിച്ചാൽ എന്ത് വിലകൊടുത്തും തടയുമെന്നാണ് ശശികല ടീച്ചർ പറഞ്ഞത്.
ഇതിനെതിരെ സിപിഎം ജില്ലാകമ്മറ്റി രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതെന്നാണ് പ്രസ്താവനയെ സിപിഎം വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കൊച്ചി മെട്രോയിലെ സംഭവം ഉണ്ടാവുന്നത്.
'ആ സാമദ്രോഹിയുടെ സ്മാരകം നിർമ്മിക്കരുത്'
1921ലെ കലാപത്തിൽ ഹിന്ദുവംശഹത്യക്ക് നേതൃത്വം കൊടുത്തവരുടെ, സ്മാരകം പണിയാനുള്ള നീക്കത്തിൽനിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്മാറണമെന്നാണ് ശശികല ടീച്ചർ ആവശ്യപ്പെടുന്നത്. 'മലപ്പുറം ജില്ലയിലെ 26 ശതമാനം വരുന്ന ഹിന്ദുക്കൾ ശത്രുക്കൾ ആണോ. ഇതിന് മറുപടി പറയേണ്ടത് പോപ്പുലർ ഫ്രണ്ടുകാരും സുഡാപ്പികളും ഒന്നുമല്ല. പാണക്കാട് തങ്ങളെപ്പോലുള്ള മത നേതൃത്വമാണ്. ഹിന്ദുവിന്റെ തലവെട്ടി അരിഞ്ഞ, അവന്റെ അമ്മ പെങ്ങന്മാരുടെ, മാനം പിച്ചിച്ചീന്തിയ ഒരു സാമദ്രോഹിയുടെ സ്മാരകം ഈ 26 ശതമാനം വരുന്ന ഹിന്ദുക്കളുടെ മുന്നിലുടെ പണിതുയർത്തുന്നതിലുടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്.''- ശശികല ചോദിച്ചു.
'ഞങ്ങളുടെ കീഴിൽ അടിമകൾ ആണോ എന്ന സന്ദേശമാണോ, പകർന്നുകൊടുക്കുന്നത്. എന്തിനും അഭിപ്രായം പറയുന്ന മതനേതൃത്വം ഇവിടെ മിണ്ടാത്തത് എന്താണ്. ഇവിടുത്തെ ഹൈന്ദവ സമൂഹത്തെ വേദനിപ്പിക്കണമെന്ന് പാണക്കാട് തങ്ങൾ ആഗ്രഹിക്കുന്നുണ്ടോ. സമാധാനത്തിലെ മാലാഖയായി വിലയിരുത്തപ്പെടുന്ന പാണക്കാട് തങ്ങൾ സമാധാനം വെടിഞ്ഞ് മറുപടി പറയണം.''- ശശി കല വ്യക്തമാക്കി.
എന്നാൽ ശശികലയുടെ വാക്കുകൾക്ക് മുന്നിൽ മുസ്ലിം ലീഗ് തന്ത്രപൂർവം മൗനം പാലിച്ചപ്പോൾ, ശക്തമായി എതിർത്തുകൊണ്ട് വന്നത് സിപിഎം ജില്ലാകമ്മിറ്റിയാണ്. വാരിയൻ കുന്നനെയും ആലി മുസലിയാരെയും ഇകഴ്‌ത്താൻ ആർക്കും കഴിയില്ലെന്നും, കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് സംഘപരിവാർ ശ്രമം എന്നും സിപിഎം ചുണ്ടിക്കാട്ടിയിരുന്നു.
നേരത്തെ കഴിഞ്ഞവർഷം മലബാർ കലാപത്തിന്റെ നുറാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചർച്ചകൾക്കിടെ, പൃഥ്വിരാജ് നായകനായി ആഷിക്ക് അബുവിന്റെ സംവിധാനത്തിൽ വാരിയൻകുന്നൻ എന്ന പടം പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കമായത്. സംഘപരിവാർ മാത്രമല്ല, ചരിത്രകാരൻ എംജിഎസ് നാരായണനും എം എൻ കാരശ്ശേരി അടക്കമുള്ളവരും, സ്വതന്ത്രചിന്തകരും സിനിമക്കെതിരെ തിരിഞ്ഞതോടെ, പൃഥ്വിരാജ് ചിത്രത്തിൽനിന്ന് പിന്മാറി. നാടകൃത്ത് ഇബ്രാഹിം വെങ്ങരയും, സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും വാരിയൻകുന്നന്റെ ചിത്രം പ്രഖ്യാപിച്ചുവെങ്കിലും ഒന്നും എവിടെയും എത്തിയില്ല. എന്നാൽ വാരിയം കുന്നന്റെ യഥാർഥ ചിത്രം പുറത്തുവരുമെന്ന് പറഞ്ഞ്, ഹിന്ദുമതത്തിലേക്ക് മതം മാറി രാമസിംഹനായ അലിഅക്‌ബർ ഒരുക്കിയ 'പുഴ മുതൽ പുഴവരെ' എന്ന ചിത്രമാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്.
ഫോട്ടോയിലും വിവാദം
സിനിമ വിവാദം കഴിഞ്ഞതോടെ വാരിയൻ കുന്നന്റെ പേരിൽ ഉണ്ടായത് ഫോട്ടോ വിവാദമാണ്. ജമാഅത്തെ ഇസ്ലാമിക്കാരും മറ്റും വാരിയൻ കുന്നനെ വീരനാക്കാൻ നടത്തിയ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. പൃഥ്വിരാജിന്റെ ഉപേക്ഷിക്കപ്പെട്ട സിനിമയുടെ തിരക്കഥാകൃത്ത് കുടിയായ റമീസ് മുഹമ്മദ് രചിച്ച 'സുൽത്താൻ വാരിയം കുന്നൻ' എന്ന പുസ്തകത്തിലാണ് പുതിയ ചിത്രം ഉണ്ടായിരുന്നത്. ആഷിക്ക് അബു പൃഥ്വീരാജിനെ നായകനാക്കി വാരിയം കുന്നൻ എന്ന ചിത്രം അനൗൺസ് ചെയ്തപ്പോൾ ആദ്യം തിരക്കഥാ ടീമിൽ ഉണ്ടായിരുന്ന ആളാണ് റമീസ്. അതിനിടെ ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിച്ച് ഇയാൾ മുൻകാലത്ത് ഇട്ട പല പോസ്റ്റുകൾ ചിലർ കുത്തിപ്പൊക്കി. അതോടെ ആഷിക്ക് അബു തിരക്കഥാ ടീമിൽനിന്ന് റമീസിനെ മാറ്റി നിർത്തുകയായിരുന്നു.
സിനിമ പോയതോടെ പുസ്തകവുമായി റമീസ് രംഗത്ത് എത്തി. 1922 ജനുവരി 14 ന് ഗാർഡിയൻ ദിനപത്രം പ്രസിദ്ധീകരിച്ച വാരിയം കുന്നന്റെ ചിത്രം എന്ന പേരിലാണ് ഫോട്ടോ അവതരിക്കപ്പെട്ടത്. അതേ വർഷം തന്നെ സയൻസസ് എറ്റ് വോയേജസ് എന്ന ഫ്രഞ്ച് മാഗസിനും ചിത്രം പ്രസിദ്ധീകരിച്ചതായി റമീസ് അവകാശപ്പെട്ടു. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷേ ഇതെല്ലാം വ്യാജമായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. ഇതിനുള്ള പ്രധാനമായ കാരണം അതിൽ ശാസ്ത്രീയമായ പഠനങ്ങൾ ഒന്നും നടന്നിട്ടില്ല എന്നതാണ്. ആരെങ്കിലും എന്തെങ്കിലും ഒരു ഫോട്ടോകൊണ്ടുവന്ന് ഇത് ഇന്നയാളാണെന്ന് പറഞ്ഞാൽ അത് ശാസ്ത്രീയവും ചരിത്രപരവുമായ തെളിവ് ആകുന്നില്ല. നിരവധി ഫാൾസിഫിക്കേഷൻ പരിശോധനകൾക്കും, ആർക്കിയോളജിക്കൽ തെളിവുകൾക്കും ശേഷമാണ് ഒരു പൗരാണിക ചിത്രം അത് ഈ കാലഘട്ടത്തിന്റെത് ആണെന്ന് പോലും തെളിയിക്കപ്പെടുന്നത്. ഇവിടെ ഗ്രന്ഥകർത്താവിന്റെ ഊഹം എന്നല്ലാതെ, നിഷ്പക്ഷരായ ചരിത്രകാരന്മാരുടെയും, പണ്ഡിതരുടെയും, ഫോട്ടോഗ്രാഫി വിദഗ്ധരുടെയും പരിശോധന നടന്നിട്ടില്ല.
അത് വാരിയൻ കുന്നന്റെ ഫോട്ടോ അല്ല എന്ന് സംശയം ഉന്നയിക്കുന്നവർ പറയുന്ന പ്രധാനകാരണവും ആ ഫോട്ടോ കാലവുമായി ഒന്നുപോകുന്നില്ല എന്നതാണ്. നൂറു കൊല്ലം മുൻപത്തെ മലബാർ മാപ്പിളമാർ തല മൊട്ടയടിച്ചിരുന്നു. ഒരിക്കലും മുടി വളർത്താൻ സാധ്യതയില്ല. പിന്നെ തലയിൽ തൊപ്പിയോ, തലക്കെട്ടോ നിർബന്ധമായും ഉണ്ടാകും. താടി വളർത്തി മീശ വടിക്കുക എന്നതാണ് മാപ്പിള രീതി. അങ്ങെനെ നോക്കുമ്പോൾ അത് കാലവുമായി ഒത്തുപോകുന്നില്ല. മാത്രമല്ല വാരിയൻ കുന്നന്റെത് അല്ല ഒരു മലയാളിയുടേത് പോലുമല്ല അത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. വിശ്വാസ്യത ഇല്ലാതായതോടെ ഒറ്റ ദിവസം കൊണ്ട് വിക്കിപീഡയ ആ ഫോട്ടോ പിൻവലിച്ചു. പക്ഷേ ഇപ്പോഴും ആ വ്യാജ ചിത്രം സിപിഎം സമ്മേളനങ്ങളിൽ വരെ ഉപയോഗിക്കുന്നുണ്ട്.
ഇപ്പോഴിതാ സ്മാരകത്തിന്റെ പേരിൽ വാരിയൻകുന്നനും മലബാർ കലാപവും ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഒരു നുറ്റാണ്ട് മുമ്പ് കഴിഞ്ഞ സംഭവത്തിന്റെ പേരിൽ ഇപ്പോൾ ഉള്ളവരുടെ സമാധാനം കെടുത്തരുത് എന്നാണ് നിഷ്പക്ഷമതികൾ ചൂണ്ടിക്കാട്ടുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ