കറാച്ചി: കണ്ണില്‍ നോക്കി മതം മാറ്റാന്‍ കഴിവുള്ളയാള്‍ എന്നാണ് വിവാദ ഇസ്ലാമിക പ്രാസംഗികന്‍ സാക്കിര്‍ നായിക്ക് വിശേഷിക്കപ്പെടുന്നത്. തനിക്കുനേരെ ഏത് ചോദ്യങ്ങള്‍ വന്നാലും, അതിനെ വ്യാഖ്യാനിച്ച് ശരിപ്പെടുത്തിയെടുക്കുന്നതിലും അദ്ദേഹം മുന്നിലാണ്. ഹലാലും ഹറാമും തീരുമാനിക്കുന്നത് അടക്കമുള്ള ഏത് ഇസ്ലാമിക വിഷയത്തിന്റെയും, അവസാനവാക്കായി അറിയപ്പെട്ടിരുന്ന സാക്കിര്‍ നായിക്കിന്റെ, സ്വാധീനം മൂലം ആയിരങ്ങള്‍ ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നാണ്, അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നത്. പക്ഷേ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്, പാക്കിസ്ഥാനിലെ കറാച്ചിയില്‍ നടന്ന പൊതുപരിപാടിയില്‍ ഒരു പെണ്‍കുട്ടി സാക്കിര്‍ നായിക്കിനെ നിര്‍ത്തിപ്പൊരിച്ചതാണ്.

കറാച്ചിയില്‍ നടന്ന പ്രഭാഷണത്തിനിടയ്ക്ക്, ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നിന്നുള്ള പല്‍വാഷ എന്ന പെണ്‍കുട്ടി ഒരു ചോദ്യം സാക്കിര്‍ നായിക്കിന്റെ നേര്‍ക്ക് തൊടുത്തു. താന്‍ താമസിക്കുന്ന സ്ഥലം ഇസ്ലാമിസ്റ്റുകളുടെ ഏരിയയാണെന്നും , ഇസ്ലാമിക നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നുവെന്നും അവര്‍ പറയുന്നു. അതുപോലെ തന്നെ പുരുഷന്മാരും. വെള്ളിയാഴ്ചകളില്‍ എല്ലാവരും മതപ്രഭാഷണങ്ങള്‍ കേള്‍ക്കുന്നു. ഇതൊക്കെയാണെങ്കിലും, മയക്കുമരുന്ന് ഉപയോഗവും, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും, വ്യഭിചാരവുമൊക്കെ അവിടെ വര്‍ധിച്ചു. എല്ലാം അറിഞ്ഞിട്ടും ഒരു മതനേതൃത്വവും, ഈ വിഷയത്തില്‍ ഒന്നും പറയാത്തത് എന്തുകൊണ്ടെന്ന് പെണ്‍കുട്ടി ചോദിക്കുന്നു. എന്തുകൊണ്ടാണ് നമ്മുടെ സമൂഹം ഇപ്പോഴും അധഃപതിക്കുന്നത് എന്നും പെണ്‍കുട്ടി ചോദിച്ചു.

കുട്ടി ചോദ്യം തുടരുമ്പോള്‍ തന്നെ ചെറുതാക്കണമെന്നും, ഒരു ചോദ്യം മാത്രമാക്കണം എന്ന് പറഞ്ഞ് സാക്കിര്‍ നായിക്ക് അസ്വസ്ഥനാവുന്നുണ്ട്. പല്‍വാഷയുടെ ചോദ്യം കേട്ട്, കിളി പോയപോലെയായി സാക്കിര്‍ നായിക്ക്. ആദ്യം തന്നെ ചോദ്യം ചോദിച്ച പെണ്‍കുട്ടിയെ മറുചോദ്യങ്ങള്‍കൊണ്ട് വിരട്ടാനായിരുന്നു ശ്രമം. താങ്കളുടെ ചോദ്യത്തില്‍ തെറ്റുണ്ട് എന്ന് പറയുന്ന സാക്കിര്‍ നായിക്കിനോട് പെണ്‍കുട്ടി കൃത്യമായി മറുപടി പറയുന്നുണ്ട്. ഇതോടെ സാക്കിര്‍ നായിക്ക് ക്ഷുഭിതനാവുകയാണ്. 'ഈ ചോദ്യം തന്നെ അപ്രസക്തമാണ്. ഖുറാനില്‍ പിഡോഫിലിയയെ കുറിച്ച് പ്രതിപാദിക്കുന്നില്ല. പിഡോഫിലിയയെ കുറിച്ച് ഇസ്ലാമിക എഴുത്തുകളില്‍ ഒന്നും തന്നെ പരാമര്‍ശിക്കുന്നതേയില്ല. ഇസ്ലാമിക അന്തരീക്ഷത്തില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ കഴിയില്ല. പീഡോഫീലിയ ഇസ്ലാമില്‍ തെറ്റായി കണക്കാക്കപ്പെടുന്നു. അതിനാല്‍, ആരെങ്കിലും മുസ്ലീമാണെങ്കില്‍ അയാള്‍ക്ക് പീഡോഫീലിയ ചെയ്യാന്‍ കഴിയില്ല, അങ്ങനെ ചെയ്താല്‍ അയാള്‍ക്ക് മുസ്ലീമാകാന്‍ കഴിയില്ല. നിങ്ങളുടെ ചോദ്യം തെറ്റാണ്....'' സാക്കിര്‍ നായിക്ക് പറയുന്നു.

എന്നാല്‍ കുട്ടി മൈക്ക് വിടാതെ വീണ്ടും വീണ്ടും മറുപടി പറയുന്നുണ്ട്. ഇതോടെ നിര്‍ത്താന്‍ പറഞ്ഞ് സാക്കിര്‍ കുടുതല്‍ ക്ഷുഭിതനാവുകയാണ്. ഖുര്‍ആനിന്റെ ആയത്തുകളുടെ നമ്പറുകളൊക്കെപ്പറഞ്ഞ് വിഷയം തരിച്ചുവിടുകയാണ് അദ്ദേഹം പിന്നെ ചെയ്തത്. 'ഇക്കാര്യത്തെ കുറിച്ച് ഇനി ശബ്ദിക്കരുത്. അള്ളാഹുവിനോട് മാപ്പപേക്ഷിച്ച് മിണ്ടാതിരിക്കൂ''- ഇങ്ങനെ കൂടി പറഞ്ഞ് കുട്ടിയെ വിരട്ടാണ് സാക്കിര്‍ നായിക്ക് ശ്രമിച്ചത്.

പക്ഷേ ഇതിന്റെ വീഡിയോ പുറത്തിറങ്ങിയതോടെ ലോകമെമ്പാടുമുള്ള സ്വതന്ത്രചിന്തകരും, ഫെമിനിസ്റ്റുകളും പല്‍വാഷയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ഇത്തരം ചോദ്യം ചോദിക്കുന്ന പെണ്‍കുട്ടികളാണ് യഥാര്‍ത്ഥ പേരാളികള്‍ എന്ന് പലരും എഴുതുന്നു. പാക്കിസ്ഥാന്‍ പോലെ ഒരു സ്ഥലത്തുനിന്ന് ഒരു പെണ്‍കുട്ടിക്ക് എണീറ്റ് നിന്ന് ചോദ്യം ചോദിക്കാനുള്ള ധൈര്യം ഉണ്ടായല്ലോ എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ലോകത്ത് ഇനിയുമിനിയും നന്മയുടെ പ്രതീകങ്ങളായി ധാരാളം പല്‍വാഷമാര്‍ പിറന്നാലെ, മാനവിക വിരുദ്ധതയുടെ വിളനിലങ്ങളായ സാക്കിര്‍ നായിക്കുകളെ ഇല്ലാതാക്കാന്‍ കഴിയുകയയുള്ളൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തപെട്ട് 2016-ല്‍ മലേഷ്യയിലേക്ക് മുങ്ങിയ വ്യക്തിയാണ് സാക്കിര്‍ നായിക്ക്. 2016-ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ മൊഴിയെ തുടര്‍ന്നാണ് വിവാദ മതപ്രഭാഷകന് മേല്‍ കുരുക്ക് വീഴുന്നത്. ഐസിസില്‍ ചേരാന്‍ പ്രചോദനം കിട്ടിയത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ ആയിരുന്നു എന്നാണ് അവരുടെ മൊഴി. ഭീകരവാദം, മതപരിവര്‍ത്തനം തുടങ്ങിയ കേസുകളില്‍ ആണ് ദേശീയ അന്വേഷണ ഏജന്‍സി ഇദ്ദേഹത്തെ പതി ചേര്‍ത്തിട്ടുള്ളത്. ധാക്ക ഭീകരാക്രണ കേസിലെ പ്രതികളുടെ മൊഴി പുറത്ത് വന്നതിന് പിറകെ ആയിരുന്നു സാക്കിര്‍ നായിക്ക് ഇന്ത്യ വിട്ടത്. അറസ്റ്റ് ഉണ്ടാകും എന്ന് ഉറപ്പായ സാഹചര്യത്തില്‍ ആയിരുന്നു ഇത്. തുടര്‍ന്ന് മലേഷ്യയില്‍ അഭയം തേടുകയായിരുന്നു.

സാക്കിര്‍ നായിക്കിന്റെ കോടികളുടെ സ്വത്തുവകകള്‍ മോദി സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ഇത്രയൊക്കെ ആയിട്ടും ഇന്ത്യക്കെതിരെ വിഷം ചീറ്റുന്നതില്‍നിന്ന് ഇദ്ദേഹം ഒരു അണുപോലും പിറകോട്ട് അടിച്ചിരുന്നില്ല. നേരത്തെ മലേഷ്യയിന്‍ പൗരന്‍മാരായ ഹിന്ദുക്കള്‍ക്ക് കൂറ് രാജ്യത്തോടല്ലെന്നും നരേന്ദ്ര മോദിയോട് ആണെന്നും ഇദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇന്ത്യ വിടാന്‍ കഴിയാത്ത മുസ്ലീങ്ങള്‍ കേരളത്തിലേക്ക് വരണം എന്ന സാക്കിറിന്റെ പ്രസ്താവന കേരളത്തെയും വിവാദത്തലാക്കി. ഇന്ത്യയിലെ ബിജെപി സര്‍ക്കാരിനെ ഉപദ്രവിക്കുന്നതിനും അടിച്ചമര്‍ത്തുന്നതിനും ഇന്ത്യന്‍ മുസ്ലിംങ്ങള്‍ എങ്ങനെ പ്രതികരിക്കണം എന്ന അനുയായിയുടെ ചോദ്യത്തിന,് 'കേരളത്തിലേക്ക് പോകണം' എന്നായിരുന്ന സാക്കിര്‍ നായിക്കിന്റെ മറുപടി. ഇതും വലിയ വിവാദമായിരുന്നു.