- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോജില പാസ് കാർ അപകടത്തിൽ മരിച്ച മലയാളികൾ ചിറ്റൂർ സ്വദേശികൾ; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം; സംഘം അപകടത്തിൽ പെട്ടത് മാതാ വൈഷ്‌ണോദേവിയുടെ ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവേ
ശ്രീനഗർ: സോജില പാസിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മലയാളികൾ പാലക്കാട് ചിറ്റൂർ സ്വദേശികൾ. സുധേഷ് (32), അനിൽ (34), രാഹുൽ (28), വിഘ്നേഷ് (23) എന്നിവരും വാഹനത്തിന്റെ ഡ്രൈവറും കശ്മീർ സ്വദേശിയുമായ ഇജാസ് അഹമ്മദ് അവാനുമുൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്.അപകടത്തിൽ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു.
ചിറ്റൂർ ജെടിഎസിന് സമീപത്തുള്ള പത്ത് യുവാക്കളാണ് സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇതിൽ ഏഴ് പേരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. മനോജ്, രജീഷ്, അരുൺ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.ഗുരുതരമായി പരുക്കേറ്റ മനോജിനെ എസ്.കെ.ഐ.എം.എസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ജമ്മുകാശ്മീർ പൊലീസ് പറയുന്നത്. നവംബർ 30ന് ട്രെയിൻ മാർഗമാണ് യുവാക്കളുടെ സംഘം കാശ്മീരിലേക്ക് വിനോദയാത്ര പോയത്. സോനം മാർഗിലേക്ക് പോകുകയായിരുന്ന കാർ ശ്രീനഗറിലെ സോജില പാസിനടുത്ത് വച്ച് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. അപകടം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനം നടന്നു. എന്നാൽ താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകർന്നിരുന്നു. മാതാ വൈഷ്‌ണോദേവിയുടെ ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ മാസം നടന്ന സമാനമായ അപകടത്തിൽ ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ കത്ര ബെൽറ്റിൽ വാഹനം റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിഞ്ഞ് ഏഴുവയസുള്ള കുട്ടി മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ