കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്. രാത്രി തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎം ആണെന്നാണ് ഹരിഹരന്റെ ആരോപണം. അതിനിടെ ശൈലജ ടീച്ചറെ പൊതുവേദിയിൽ വാക്കുകളിലൂടെ അപമാനിച്ചതിന് ഹരിഹരന്റെ പേരിലും കേസെടുത്തിട്ടുണ്ട്.

സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ പറയുന്നത്. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട കാർ വടകര രജിസ്‌ട്രേഷനിലുള്ളതാണെന്നും എന്നാൽ ഈ കാർ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹരിഹരൻ പറയുന്നത്. മാപ്പ് പറഞ്ഞാൽ തീരില്ലെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും ഹരിഹരൻ ആരോപിച്ചു. എക്‌സ്‌പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ്. വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പുലർച്ചെ ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്‌ഫോടക വസ്തുക്കൾ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാമ്പിൾ അയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്.

രാത്രി 8:15ഓടെയാണ് ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് ആക്രമണമുണ്ടായത്. സ്‌ഫോടകവസ്തു മതിലിൽ തട്ടി പൊട്ടി തെറിച്ചുപോയി. പൊലീസ് ഉടനെ സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടക വസ്തു എറിഞ്ഞവർ പിന്നീട് വന്ന് അവശിഷ്ടങ്ങൾ വാരിക്കൊണ്ടുപോയെന്നും ഹരിഹരൻ പറഞ്ഞു. അതേസമയം സ്ത്രീ വിരുദ്ധ പരാമർശത്തിൽ ഹരിഹരനെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്.

ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ സ്‌ഫോടനാത്മകമായ പ്രസംഗം വൈറലായിരുന്നു. അതിലെ ഒരു നടിയെക്കുറിച്ചുള്ള വിവാദം നീക്കിയാലും മറ്റ് ചില പരാമർശങ്ങളും ചർച്ചാ വിഷയമാവുകയാണ്. ഇതിൽ പി മോഹനന്റെ മകനെതിരേയും പരാമർശമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഹരിഹരൻ പി മോഹനനെതിരെ ആരോപണം ഉന്നയിക്കുന്നത്.

ഹരിഹരന്റെ പ്രസംഗത്തിൽ ഗോവ ഗവർണർ ശ്രീധരൻപിള്ളയെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത് സിപിഎം നേതാവ് പി. മോഹനന്റെ മകൻ നികിതാസ് ജൂലിയസാണോ എന്ന ചോദ്യം ഉയർന്നിരുന്നു. ' പി.മോഹനന്റെയും ലതികയുടെയും മകൻ നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് ജില്ലയിൽ സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്. അവനാണല്ലോ പി.വി. അൻവർ എംഎൽഎയുടെ പ്രധാന ആൾ. ഇന്ദുമേനോൻ എന്ന എഴുത്തുകാരി പറയുന്നത് പ്രകാരമാണെങ്കിൽ അവനാണല്ലോ ബിജെപിയുടെ ശ്രീധരൻപിള്ള എന്ന ഗവർണർക്ക് നേരെ കാറോടിച്ച് കയറ്റി അയാളെ കൊല്ലാൻ നോക്കിയത്. ഇതൊക്കെ സൈബർ ലോകത്ത് വന്നതാണല്ലോ?"- ഇതും കെ.എസ്. ഹരിഹരന്റെ വിവാദ പ്രസംഗത്തിന്റെ ഒരു ഭാഗമാണ്.

"ശ്രീധരൻപിള്ള എന്ന ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് അയാളെ കൊല്ലാൻ ശ്രമിച്ചിട്ടും ശ്രീധരൻപിള്ള പറഞ്ഞത് പയ്യനല്ലേ വിട്ടേക്കൂ എന്നാണ്. മാർക്‌സിന്റെയും ഏംഗൽസിന്റെയും രണ്ട് പുസ്തകവുമായി പോയതിനാണ് അലൻ ഷുഹൈബിനെ യുഎപിഎ ചുമത്തി പി. മോഹനന്റെ നാട്ടിലെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേ സമയം ഗോവ ഗവർണറെ കൊല്ലാൻ ശ്രമിച്ചതിന് കേസില്ല. '- കെ.എസ്. ഹരിഹരന്റെ മറ്റൊരു ആരോപണം ഇതാണ്. എന്തായാലും കെ.എസ്. ഹരിഹരന്റെ ഈ പ്രകോപനപ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ബോംബാക്രമണം ഉണ്ടായത്.

നടിയുടേയും സിപിഎം നേതാവ് കെ കെ ശൈലജയുടേയും എന്നിവരുടെ പേര് സൂചിപ്പിച്ചുകൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമർശമാണ് ഏറെ വിവാദമായത്. സിപിഎം, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകൾ ഹരിഹരനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനിടെയുണ്ടായ ബോംബാക്രമണം സിപിഎമ്മിന് തിരിച്ചടിയാണ്. സിപിഎമ്മിന്റെ പരിശീലനം ലഭിച്ച മലപ്പുറം ജില്ലക്ക് പുറത്തു നിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്ന് ഹരിഹരനും പറയുന്നു. കഴിഞ്ഞ ദിവസം വടകര രജിസ്‌ട്രേഷനുള്ള ചുവപ്പ് കാറിൽ അഞ്ചംഗ സംഘമെത്തി അസഭ്യം പറഞ്ഞിരുന്നു. ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ കാറോടിച്ച് പോയി. കൊലവിളി മുദ്രാവാക്യം വിളിച്ച് ഒരു സംഘം വൈകിട്ട് പ്രകടനം നടത്തിയിരുന്നു. അക്രമികൾ ഇനിയും വരാൻ സാധ്യതയുണ്ട്. സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ആക്രമണത്തിനുള്ള ആഹ്വാനമാണ് നടത്തിയതെന്നും ഹരിഹരൻ വ്യക്തമാക്കി.

സ്ത്രീകളോട് തുല്യതയോടെ പെരുമാറേണ്ട ഒരു സമൂഹത്തിൽ പുരുഷാധിപത്യപരമായ നിലപാട് സ്വീകരിക്കുമ്പോൾ അത് ശരിയായ രാഷ്ട്രീയമല്ലെന്ന തിരിച്ചറിവിലാണ് താൻ തിരുത്തൽ നടത്തിയത്. നമ്മുടെ ഉള്ളിൽ ഒരുപാട് ഫ്യൂഡൽ ഘടകങ്ങൾ കിടക്കുന്നുണ്ട്. അത് എത്ര മാറ്റാൻ ശ്രമിച്ചാലും അബോധമായി പുറത്തു വരും. ഇത് പൊതുപ്രസംഗത്തിൽ പ്ലാൻ ചെയ്ത് പറയുന്നതല്ലെന്നും ഹരിഹരൻ ചൂണ്ടിക്കാട്ടി. മുമ്പ് തെറ്റായ പരാമർശം നടത്തിയിട്ടുള്ള ഒരു സിപിഎം നേതാവ് പോലും ഖേദം പ്രകടിപ്പിച്ചിട്ടില്ല. എന്റെ രാഷ്ട്രീയത്തിന് പിഴവ് വന്നതിലാണ് താൻ ഖേദപ്രകടനം നടത്തിയത്. ഇ.കെ. നായനാർ, വി എസ്. അച്യുതാനന്ദൻ അടക്കമുള്ളവർക്ക് ഇത്തരം തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതു കൊണ്ട് തന്റെ തെറ്റിനെ ന്യായീകരിക്കാൻ സാധിക്കില്ല. നായനാരും വി.എസും അടക്കമുള്ളവർ തിരുത്തിയിട്ടില്ലെന്നും താൻ തിരുത്തിയെന്നും കെ.എസ്. ഹരിഹരൻ ചൂണ്ടിക്കാട്ടി.

പുതിയകാല രാഷ്ട്രീയത്തോടൊപ്പം സഞ്ചരിക്കുന്നതിൽ തനിക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.എസ്. ഹരിഹരൻ വ്യക്തമാക്കി. സ്‌കൂട്ടറിലെത്തിയ സംഘം തേഞ്ഞിപ്പലം ഒലിപ്രം കടവിലെ ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ അപകടം ഒഴിവായി.