- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂരിനെ പിന്തുണച്ച് 98.3 ശതമാനം വോട്ടർമാർ; ഖാർഗെയെ അനുകൂലിക്കുന്നത് 1.7 ശതമാനം മാത്രം; തരൂർ വിജയിക്കുമെന്ന് വിശ്വസിക്കുന്നത് 54.1 ശതമാനം പേരും; രാഹുൽ ഗാന്ധി മത്സരിച്ചാലും തരൂർ വിജയിക്കുമെന്ന് 81.8 ശതമാനം പേർ; വിശ്വാസ്യതയിലും തരൂർ തന്നെ മുൻപിൽ; പിന്നാലെ സുധാകരനും ഉമ്മൻ ചാണ്ടിയും; മറുനാടൻ സർവേ പറയുന്നത്
തിരുവനന്തപുരം: കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷ പദവിയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാജ്യവ്യാപകമായി നടക്കുകയാണ്. മുതിർന്ന നേതാവ് മല്ലികാർജ്ജുന ഖാർഗെയും തിരുവനന്തപുരം എംപി ശശി തരൂരും തമ്മിൽ മാറ്റുരക്കുന്ന തെരഞ്ഞെടുപ്പിലെ വോട്ടിങ് വിവിധ സംസ്ഥാനങ്ങളിലെ പി.സി.സി ഓഫീസുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 19ാം തീയ്യതിയാണ് പുതിയ കോൺഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കുന്ന ദിവസം. എന്നാൽ സൈബറിടത്തിൽ കോൺഗ്രസുകാരുടെയും ഇതര രാഷ്ട്രീയക്കാരുടെയും ഫേവറേറ്റ് ശശി തരൂർ എന്ന വിശ്വപൗരനാണ്. മുതിർന്ന നേതാക്കൾ തള്ളിപ്പറഞ്ഞപ്പോൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരും അനുകൂലികളും തരൂരിനെ പിന്തുണക്കുന്നു. ഈ പിന്തുണ എത്രത്തോളമുണ്ട് എന്നറിയാണ് വേണ്ടിയാണ് മറുനാടൻ മലയാളി കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഓൺലൈൻ സർവ്വേ സംഘടിപ്പിച്ചത്. ഈ സർവേയുടെ ഫലം തരൂരിനെ തള്ളിപ്പറഞ്ഞവരെ ശരിക്കും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വിജയിക്കേണ്ടത് ശശി തരൂർ ആണെന്നാണ് നിസ്സംശയം മറുനാടൻ ഓൺലൈൻ സർവേയിൽ പങ്കെടുത്തവർ പറയുന്നത്. സർവേയിൽ പങ്കെടുത്തവരിൽ തരൂരിനെ പിന്തുണച്ച് 98.3 ശതമാനം പേരും രംഗത്തെത്തെത്തി. 1.7 ശതമാനം പേരുടെ പിന്തുണ മാത്രമാണ് മല്ലാകാർജ്ജുന ഖാർഗെയ്ക്ക് ലഭിച്ചത്. മലയാളിയായ തരൂർ കോൺഗ്രസ് അധ്യക്ഷൻ ആകണം എന്നാഗ്രഹിക്കുന്നവരുടെ പ്രതിഫലമാണ് ഈ സർവേയിൽ കണ്ടതെന്ന് പറയാം. കോൺഗ്രസിന് പുത്തൻ ഉണർവ്വു നൽകാൻ തരൂരിന് സാധിക്കുമെന്ന് വിശ്വസിക്കുന്ന വലിയൊരു മധ്യവർഗ്ഗം കോൺഗ്രസിന് ഉണ്ടെന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്ന കാര്യം.
അതേസമയം ആർക്കാണ് വിജയസാധ്യത എന്ന ചോദ്യം ഉന്നയിച്ചപ്പോഴും തരൂരിന് അനുകൂലമായാണ് ഓൺലൈൻ വോട്ടർമാർ ചിന്തിച്ചത്. 54.1 ശതമാനം ആളുകൾ തരൂരിന് വിജയസാധ്യത കൽപ്പിക്കുമ്പോൾ മല്ലികാർജ്ജുന ഖാർഗെ വിജയിക്കുമെന്ന് 45.9 ശതമാനം പേരും വിശ്വസിക്കുന്നു. അതേസമയം രാഹുൽ ഗാന്ധി കൂടി മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിൽ കൂടി കോൺഗ്രസ് അധ്യക്ഷൻ എന്ന ചോദ്യത്തിനും തരൂർ തന്നെ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. തരൂരും ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അശോക് ഗെലോട്ടുമാണ് മത്സരിക്കുന്നതെങ്കിൽ ആർക്കു വോട്ടു ചെയ്യുമെന്നതായിരുന്നു ചോദ്യം. ഇതിൽ തരൂരിന് അനുകൂലമായി 81.8 ശതമാനം പേർ വോട്ടുചെയ്തപ്പോൾ. 11.4 ശതമാനം പേർ രാഹുൽ ഗാന്ധിയെ പിന്തുണച്ചു. പ്രിയങ്ക ഗാന്ധിയെ 5.7 ശതമാനം പേർ അനുകൂലിച്ചപ്പോൾ ഖാർഗെയെ 0.7 ശതമാനം പേരാണ് അനുകൂലിച്ചത്. അശോക് ഗെലോട്ടിനെ 0.4 ശതമാനം പേരുടെ പിന്തുണയും ലഭിച്ചു.
കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഓൺലൈൻ ജനസമ്മതി അറിയാനും മറുനാടൻ സർവേയിൽ ശ്രമം നടത്തിയിരുന്നു. ആറ് നേതാക്കളുടെ പേരുകൾ ഉൾപ്പെടുത്തി കൊണ്ടായിരുന്നു ചോദ്യം. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ, വി ഡി സതീശൻ, ശശി തരൂർ, കെ സി വേണുഗോപാൽ എന്നീ നേതാക്കളിൽ കൂടുതൽ വിശ്വാസം ഏത് നേതാവിനോട് എന്നതായിരുന്നു ചോദ്യം. ഇതിലും തരൂർ മറ്റു നേതാക്കളെ നിഷ്പ്രഭരാക്കി. 62.7 ശതമാനം പേർ തരൂരിൽ വിശ്വാസം അർപ്പിച്ചപ്പോൾ 20.5 ശതമാനം പേർ കെപിസിസി അധ്യക്ഷൻ കെ സുധാകരനിലാണ് വിശ്വാസമെന്ന് അറിയിച്ചു.
മൂന്നാം സ്ഥാനത്ത് ഉമ്മൻ ചാണ്ടിയും(11.2) നാലാമതായി വി ഡി സതീശനുമാണ് (4.8) എത്തിയത്. രമേശ് ചെന്നിത്തല അഞ്ചാമതും കെ സി വേണുഗോപാൽ ആറാമതുമാണ് സർവേയിൽ. ചുരുക്കത്തിൽ കേരളത്തിൽ തരൂരിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ മധ്യവർഗ്ഗത്തിന്റെ പിന്തുണയിൽ കോൺഗ്രസിന് വിജയം നേടാം എന്ന സന്ദേശവും ഇതിൽ നിന്നും വ്യക്തം.
കോൺഗ്രസിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ മനസ്സ് അറിയാനാണ് വേണ്ടിയായിരുന്നു മറുനാടൻ സർവേ. തരൂർ അത്ഭുതങ്ങൾ കാട്ടുമെന്ന് അധികമാരും വിശ്വസിക്കുന്നില്ല. എങ്കിലും സൈബർ ലോകവും മധ്യവർഗ്ഗവും തരൂരാണ് കോൺഗ്രസിന് നല്ലതെന്ന വിശ്വാസത്തിലാണ്. അത് വ്യക്തമാക്കുന്നതാണ് മറുനാടൻ സർവേയും. ആരു ജയിക്കുമെന്നതിന് അപ്പുറമുള്ള മനസ്സ് അറിയുകയായിരുന്നു സർവേയുടെ ലക്ഷ്യം. ശശി തരൂരിന് അനുകൂല വികാരം ഉയരുമ്പോഴും ജനമനസ്സെങ്കിലും ഹൈക്കമാണ്ട് കരുത്തിൽ ഖാർഗെ വിജയിക്കുമെന്ന വിലയിരുത്തൽ സജീവമാണ്. ജിമെയിൽ ഐഡിയിൽ ലോഗിൻ ചെയ്തിട്ടുള്ളവർക്ക് വോട്ട് രേഖപ്പെടുത്തുന്ന രീതിയാണ് സർവേയിൽ കൈക്കൊണ്ടത്.
മറുനാടന്‍ ഡെസ്‌ക്