തിരുവനന്തപുരം: 2016 മുതലുള്ള രണ്ട് നിയമസഭാ തെരഞ്ഞെടുപ്പും, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും, ചെങ്ങന്നൂർ- പാല ഉൾപ്പെടെയുള്ള നിരവധി ഉപതെരഞ്ഞെടുപ്പുകളിലും അഭിപ്രായ സർവേ നടത്തി കൃത്യമായി ഫലം പ്രവചിച്ച മറുനാടൻ മലയാളിക്ക് ഇത്തവണയും പിഴച്ചില്ല. മറുനാടൻ മലയാളി, പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി സഹകരിച്ച് നടത്തിയ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾക്ക് സമാനമായ ഫലമാണ്, വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ കിട്ടിയത്. ഓഗസ്റ്റ് 24, 45, 26 തീയതികളിലായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും നേരിട്ട് എത്തിയാണ് മറുനാടൻ ടീം സർവേ നടത്തിയത്. ഇതിന്റെ ഫലം സെപ്റ്റമ്പർ ഒന്നിന് മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലും പ്രസിദ്ധീകരിക്കയും ചെയ്തു.

പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗമെന്നായിരുന്നു മറുനാടൻ സർവേയിലെ പ്രധാന കണ്ടെത്തൽ. 17 ശതമാനം വോട്ടിന്റെ വലിയ ലീഡുമായി ചാണ്ടി ഉമ്മൻ 25,000ത്തിൽ അധികം വോട്ടിന് ജയിക്കുമെന്നും, എട്ടു പഞ്ചായത്തിലും യുഡിഎഫ് ലീഡ് ചെയ്യുമെന്നുമുള്ള സർവേയിലെ കണ്ടെത്തലുകൾ കിറുകൃത്യമായി. ബിജെപി വോട്ടുകൾ കുറയുമെന്നും അത് യുഡിഎഫിനാണ് ഗുണം ചെയ്യുകയെന്നും സർവേ പ്രവചിച്ചു. അതുപോലെ മണ്ഡലത്തിൽ ഭരണവിരുദ്ധവികാരം ശക്തമാണെന്നും മറുനാടൻ മലയാളി റാൻഡം സർവേ കണ്ടെത്തിയിരുന്നു.

ചാണ്ടി ഉമ്മന് 52 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, ഇടതുസ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് 35 ശതമാനം വോട്ടുകൾ മാത്രമാണ് സർവേ പ്രവചിച്ചത്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന് വെറും ഏഴു ശതമാനവും. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ 8.87 ശതമാനം വോട്ടുകളിൽ നിന്ന് ബിജെപി പിന്നോക്കം പോവുകയാണെന്ന് സർവേ കണ്ടെത്തിയിരുന്നു. ബിജെപിയുടെ ഈ നഷ്ടം യുഡിഎഫിനാണ് നേട്ടമാവുന്നത് എന്നും സർവേ വ്യക്തമാക്കുന്നു. എന്നാൽ അന്തിമ ഫലം വന്നപ്പോൾ മറുനാടൻ സർവേയെ കവച്ചുവെക്കുന്ന നേട്ടമാണ് യുഡിഎഫിന് ഉണ്ടായത്. ബിജെപിയുടെ വോട്ടും സർവേയിൽ പ്രവചിക്കപ്പെട്ടതിനേക്കാൾ കുറഞ്ഞു.

ശക്തമായ ഭരണവിരുദ്ധ വികാരവും സർവേയിൽ പ്രകടമായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന നേരിട്ടുള്ള ചോദ്യത്തിന്, 50 ശതമാനം പേരും മോശം എന്നാണ് എഴുതിയിരിക്കുന്നത്. 16 ശതമാനം പേർ വളരെ മോശമെന്നും പറയുന്നു. എന്നാൽ സർക്കാർ വളരെ മികച്ചത് എന്ന് പറയുന്നത് വെറും 10 ശതമാനമാണ്. ജെയ്ക് ജയിക്കണം എന്ന് ആഗ്രഹിക്കുന്ന കടുത്ത ഇടത് അനുഭാവികൾക്കുപോലും, രണ്ടാം എൽഡിഎഫ് സർക്കാർ മികച്ചതാണെന്ന് പറയുവാൻ കഴിയുന്നില്ല എന്നാണ് ഇതിൽ നിന്ന് വ്യക്തമയത്്. 24 ശതമാനം പേർ കേരള സർക്കാറിന്റെ പ്രകടനം ശരാശരിയാണെന്ന് അഭിപ്രായപ്പെട്ടു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ഏത് മുന്നണി അധികാരത്തിൽ വരും എന്ന ചോദ്യത്തിനും, കൂടുതൽ യുഡിഎഫ് എന്ന് കൃത്യമായി അഭിപ്രായപ്പെടുത്തിയിരുന്നു.

വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണർകാട്, പുതുപ്പള്ളി, മീനടം, അയർക്കുന്നം എന്നിങ്ങനെ എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതിൽ മീനടവും അയർക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകൾ. ബാക്കി ആറും എൽഡിഎഫ് ഭരണമാണ്. പക്ഷേ മറുനാടൻ മലയാളി അഭിപ്രായ സർവേയിൽ എട്ടുപഞ്ചായത്തിലും യുഡിഎഫിന് കൃത്യമായ ലീഡാണ് പ്രവചിച്ചത്.

മലയാളത്തിലെ മറ്റൊരു മാധ്യമത്തിനുമില്ലാത്ത കൃത്യതയാണ് മറുനാടൻ സർവേയെ വേറിട്ട് നിർത്തുന്നത്. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പിലും മറുനാടന്റെ പ്രവചനം ശരിയായിരുന്നു. വിദേശ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ രീതിയായ ഡബിൾ ബ്ലൈൻഡ് റാൻഡം സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും അവലംബിച്ചത്. ഒരു പ്രത്യേക ലക്ഷ്യത്തിനല്ലാതെ, റാൻഡമായി ആളുകൂടുന്ന സ്ഥലങ്ങളിലാണ് സർവേ നടത്തിയത്. ജാതി മതഭേദമന്യേ- പ്രായ, ലിംഗഭേദമില്ലാതെ ജനം ഇടപെടുന്ന ഇത്തരം സ്ഥലങ്ങളിൽനിന്ന് ഉയരുന്ന അഭിപ്രായ പ്രകടനം ഒരു സമൂഹത്തിന്റെ പരിഛേദം ആവാമെന്ന തെരഞ്ഞെടുപ്പ് വിശകലന ശാസ്ത്രം അടിസ്ഥാനമാക്കിയാണ് സർവേ നടന്നത്.

നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിച്ചു. ഉമ്മൻ ചാണ്ടിയുടെ മരണത്തിന്റെ ഭാഗമായി വന്ന സഹതാപ തരംഗം, മത-സാമുദായിക ഘടകങ്ങൾ, സ്ഥാനാർത്ഥിയുടെ മികവ്, പിണറായി സർക്കാറിന്റെ പ്രകടനം, പ്രതിപക്ഷത്തിന്റെ പ്രകടനം, മണ്ഡല വികസനം, തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് സർവേ ടീം വോട്ടർമാരുടെ സർവേയ്ക്ക് തയ്യാറെടുത്തത്.

പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി പതിനായിരത്തോളം ആളുകളിൽ നിന്ന് വിവരം എടുത്താണ് സർവേ നടത്തിയത്. ഇതിനുപുറമേ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചും വിവരങ്ങൾ എടുത്തിട്ടുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകൻ എം റിജുവാണ് സർവേ വിശകലനം ചെയ്ത് നിഗമനത്തിൽ എത്തിയത്. മറുനാടൻ ചീഫ് റിപ്പോർട്ടർ ആർ പീയൂഷിന്റെ നേതൃത്വത്തിലുള്ള ടീം വിവരങ്ങൾ ശേഖരിച്ചു. ബസ് സ്റ്റാൻഡുകളിലും, ചന്തകളിലും, പാർക്കുകളിലും, നഗരചത്വരങ്ങളിലും, ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽ പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്.