തിരുവനന്തപുരം: ഏത് ഇലക്ഷൻ സർവേയിലും ഏറ്റവും നിർണ്ണായകമായി നോക്കേണ്ട ഒരുകാര്യമാണ് ഭരണവിരുദ്ധ വികാരം. പുതുപ്പള്ളിയിൽ അത് ശക്തമാണെന്നാണ് മറുനാടൻ മലയാളി റാൻഡം സർവേയിലും കണ്ടെത്തിയിരിക്കുന്നത്. ചാണ്ടി ഉമ്മന് വൻ ജയം പ്രവചിക്കുന്ന സർവേയുടെ, അനുബന്ധ ചോദ്യങ്ങൾക്ക് പുതുപ്പള്ളിയിലെ വോട്ടർമാർ നൽകിയ മറുപടി പിണറായി സർക്കാറിനെതിതായ ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണ്.

രണ്ടാം പിണറായി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന നേരിട്ടുള്ള ചോദ്യത്തിന്, 50 ശതമാനം പേരും മോശം എന്നാണ് എഴുതിയിരിക്കുന്നത്. 16 ശതമാനം പേർ വളരെ മോശമെന്നും പറയുന്നു. എന്നാൽ സർക്കാർ വളരെ മികച്ചത് എന്ന് പറയുന്നത് വെറും 10 ശതമാനമാണ്.ജെയ്ക് ജയിക്കണം എന്ന് ആഗ്രഹിക്കുന്ന കടുത്ത ഇടത് അനുഭാവികൾക്കുപോലും, രണ്ടാം എൽഡിഎഫ് സർക്കാർ മികച്ചതാണെന്ന് പറയുവാൻ കഴിയുന്നില്ല. 24 ശതമാനം പേർ കേരള സർക്കാറിന്റെ പ്രകടനം ശരാശരിയാണെന്ന് പറയുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ഏത് മുന്നണി അധികാരത്തിൽ വരും എന്ന ചോദ്യത്തിനും, 48 ശതമാനം പേർ യുഡിഎഫ് എന്ന് കൃത്യമായി അഭിപ്രായപ്പെടുന്നു.

എന്നാൽ സർക്കാറിനോടുള്ള ഈ എതിർപ്പ് മുതലാക്കുന്നതിൽ എത്ര മാത്രം യുഡിഎഫിന് വിജയിക്കാൻ കഴിയും എന്നും സംശയമുണ്ട്. കാരണം പ്രതിപക്ഷമായ യുഡിഎഫിന്റെ പ്രകടനവും ശരാശരി മാത്രമാണെന്നാണ് ഭൂരിഭാഗവും വിലയിരുത്തുന്നത്. പ്രതിപക്ഷത്തിന്റെ പ്രകടനം വളരെ മികച്ചതാണെന്ന് വെറും 9 ശതമാനം പേർ മാത്രമാണ് പറയുന്നത്. അതായത് കടുത്ത യുഡിഎഫുകാർക്ക്പോലും പ്രതിപക്ഷത്തിന് പ്രകടനത്തിന് കൈയടിക്കാൻ കഴിയുന്നില്ല. കേരളത്തിലെ പ്രതിപക്ഷത്തിന് സർവേയിൽ പങ്കെടുത്ത 45 ശതമാനം പേരും ശരാശരി മാർക്കാണ് കൊടുക്കുന്നത്. ഇടതുമുന്നണിയോടുള്ള അതിശക്തമായ പ്രതിഷേധം വോട്ടാക്കി മാറ്റാൻ, യുഡിഎഫിന് കഴിയുമോ എന്ന സംശയം ഉയരുന്നതും ഇവിടെയാണ്. പ്രതിപക്ഷം എന്ന നിലയിൽ കൂടുതൽ ഐക്യത്തോടെ, ശക്തമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത ജനം യുഡിഎഫിനെ ഓർമ്മിപ്പിക്കയാണെന്ന് വേണമെങ്കിൽ പറയാം.

മോദി സർക്കാർ തമ്മിൽ ഭേദം

പക്ഷേ സർവേയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു രാഷ്ട്രീയ കൗതുകം, പിണറായി സർക്കാറിനനോടുള്ളത്ര എതിർപ്പ് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിനോട് പുതുപ്പള്ളിയിലെവോട്ടർമാർക്കില്ല എന്നതാണ്. രാഷ്ട്രീയമായി യുഡിഎഫും എൽഡിഎഫും ചേർന്നാൽ, 'മോദി സർക്കാർ വളരെ മോശം' എന്ന ഡാറ്റയാണ് മിക്ക തെരഞ്ഞെടുപ്പ് സർവേകളിലും കേരളത്തിൽനിന്ന് കിട്ടാറുള്ളത്. എന്നാൽ പുതുപ്പള്ളിയിലെ മറുനാടൻ സർവേയിൽ പങ്കെടുത്ത വോട്ടർമാരിൽ 40 ശതമാനവും മോദി സർക്കാറിന് ആവറേജ് മാർക്ക് കൊടുക്കാൻ തയ്യാറാണ്. രണ്ടാം പിണറായി സർക്കാറിനോടുള്ള എതിർപ്പ് നോക്കുമ്പോൾ ഇത് വലിയ മാറ്റമാണ്.

എന്നാൽ മോദി സർക്കാർ വളരെ മികച്ചതാണെന്ന് പറയുന്നവരും വെറും ഏഴ് ശതമാനമേയുള്ളൂ. 20 ശതമാനം പേർ മോശമെന്നും, 33 ശതമാനം പേർ വളരെ മോശമെന്നും പറയുന്നുണ്ട്. പക്ഷേ കേരളത്തിന്റെ രാഷ്ട്രീയ അവസ്ഥവെച്ച്, മോദി സർക്കാർ ആവറേജ് ആണെന്ന് 40 ശതമാനം പേർ പറഞ്ഞത് ബിജെപിക്ക് ആശ്വസിക്കാൻ കഴിയുന്ന ഡാറ്റയാണ്. പക്ഷേ ആ മാറ്റം ബിജെപിക്ക് അനുകൂലമായി വോട്ട് ആവുന്നില്ല. മെയിൻ സർവേയിൽ വെറും ഏഴു ശതമാനം പേർ മാത്രമാണ് പുതുപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയെ അനുകൂലിച്ചത്. അതായത് മോദി സർക്കാറിനോട് കേരളത്തിലെ ജനങ്ങൾക്കുള്ള മോശമല്ലാത്ത ആഭിമുഖ്യം പോലും വോട്ടാക്കാൻ കേരളത്തിലെ ബിജെപിക്ക് കഴിയുന്നില്ല എന്ന് വ്യക്തം.

ഏതാണ്ട് എല്ലാഘടകങ്ങളും അനുകൂലമാണെങ്കിലും യുഡിഎഫിന് തിരിച്ചടിയാവുന്നു ഒരേ ഒരു കാര്യം പുതുപ്പള്ളി മണ്ഡലത്തിലെ വികസനമാണ്. ഉമ്മൻ ചാണ്ടി അരനൂറ്റാണ്ടോളം എംഎൽഎ ആയിരുന്നിട്ടും, ഇവിടെ ശരാശരി വികസനമാണ് ഉണ്ടായതെന്നാണ് മറുനാടൻ സർവേയിൽ പങ്കെടുത്ത, 52 ശതമാനം പേരും പറയുന്നത്. എട്ടു ശതമാനം പേർ ഈ ചോദ്യത്തോട് പ്രതികരിച്ചിട്ടില്ല. ഈ സർവേയിൽ ആദ്യമായാണ് ഒരു ചോദ്യത്തിന്ഇത്രയേറെ പേർ പ്രതികരിക്കാതിരിക്കുന്നത്.

മറുനാടൻ മലയാളി സർവേയിൽ 17 ശതമാനം വോട്ടിന്റെ മാർജിനിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ജയിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ചാണ്ടി ഉമ്മന് 52 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, ഇടതുസ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് 35 ശതമാനം വോട്ടുകൾ മാത്രമാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന് വെറും ഏഴു ശതമാനവും. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ 8.87 ശതമാനം വോട്ടുകളിൽനിന്ന് ബിജെപി പിന്നോക്കം പോവുകയാണെന്ന് സർവേ സൂചിപ്പിക്കുന്നു. ബിജെപിയുടെ ഈ നഷ്ടം യുഡിഎഫിനാണ് നേട്ടമാവുന്നത്.

സർവേ സൂചകങ്ങൾ ഒറ്റനോട്ടത്തിൽ

1 രണ്ടാം പിണറായി സർക്കാറിന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?

A വളരെ മികച്ചത് - 10

B ശരാശരി- 24

C മോശം- 50

D വളരെ മോശം- 16

2 പ്രതിപക്ഷമായ യുഡിഎഫിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

A വളരെ മികച്ചത് - 9

B ശരാശരി- 45

C മോശം- 35

D വളരെ മോശം- 11

3 കേന്ദ്രം ഭരിക്കുന്ന മോദി സർക്കാറിന്റെ പ്രകടനം എങ്ങനെയാണ്?

A വളരെ മികച്ചത് - 7

B ശരാശരി- 40

C മോശം- 20

D വളരെ മോശം- 33

4 ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ഏത് മുന്നണി അധികാരത്തിൽ വരും?

A യുഡിഎഫ് - 48

B എൽഡിഎഫ് - 39

C എൻഡിഎ- 7

D പ്രതികരിക്കുന്നില്ല- 6

5 പുതുപ്പള്ളി മണ്ഡലത്തിൽ മതിയായ വികസനമുണ്ടായി എന്ന് കരുതുന്നുണ്ടോ?

A ഉണ്ട് -22

B ഇല്ല- 18

C ശരാശരി- 52

D പ്രതികരിക്കുന്നില്ല-8