തിരുവനന്തപുരം: അടുത്തകാലംവരെ സംസ്ഥാന രാഷ്ട്രീയത്തിൽ ഇല്ലാതിരുന്ന ഒരു നേതാവ്. പക്ഷേ അയാൾ ആയിരിക്കുമോ ഭാവി കേരളത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിർണ്ണയിക്കുക! മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ അഭിപ്രായ സർവേയിലെ ഒരു ചോദ്യമായിരുന്നു, കേരളത്തിൽ ഇപ്പോൾ സജീവമായ നേതാക്കളിൽ ഏറ്റവും ജനപ്രിയനായി നിങ്ങൾ കരുതുന്നത് ആരെയാണ് എന്നത്. സിപിഎമ്മിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരെയും, കോൺഗ്രസിൽനിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി എന്നിവരെയും, ബിജെപിയിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയുമാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.

ശരിക്കും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇതിൽ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ 33 ശതമാനം വോട്ടുനേടി ഒന്നാമത് എത്തിയപ്പോൾ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 32 ശതമാനം വോട്ടോടെ തൊട്ടു പിറകിലെത്തി. പക്ഷേ ഞെട്ടിച്ചത്, സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാത്ത ശശി തരൂർ 30 ശതമാനം വോട്ടുനേടി ഇവർക്ക് തൊട്ടുപിന്നിലെത്തി എന്നതാണ്. എഴൂത്തുകാരൻ, വാഗ്മി എന്ന നിലയിലുള്ള ശശി തരൂരിന്റെ ആരാധകർ അത്രയൊന്നുമില്ലാത്ത ഒരു ഗ്രാമ സ്വഭാവമുള്ള മണ്ഡലത്തിൽ നടന്ന സർവേയിൽ ഇതാണ് അവസ്ഥയെങ്കിൽ, നഗര കേന്ദ്രീകൃതമായ മണ്ഡലത്തിൽ അദ്ദേഹത്തിന് പിന്തുണ എത്രയോ അധികമാണെന്ന് വ്യക്തമാണ്. അതായത് ഇനിയുള്ള കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ എന്ന് വേണമെങ്കിൽ തരൂരിനെ വിശേഷപ്പിക്കാം. സിപിഎമ്മിൽ വി എസ് അച്യുതാനന്ദന് ഉണ്ടായിരുന്നതുപോലെ, വ്യക്തിപ്രഭാവത്തിന്റെ അടിസ്ഥാനത്തിൽ വോട്ടുകൾ സ്വരൂപിക്കാൻ ചെയ്യാൻ കഴിയുന്ന ഏക നേതാവാണ്‌ തരൂർ എന്ന് ഈ സർവേ അടിവരയിടുന്നു.

കെ സുരേന്ദ്രനും വോട്ട് കുറവ്

സർവേയിൽ മൊത്തം വോട്ടുകൾ കൂടുതൽ കിട്ടിയത് പിണറായിക്കാണ്. പക്ഷേ അത് കോൺഗ്രസിന്റെ വോട്ട് സതീശനിലും തരൂരിലുമായി വേർതിരിഞ്ഞതുകൊണ്ട് മാത്രമാണ്. പിണറായി വിജയനോടൊപ്പം സർവേയിൽ ഉണ്ടായിരുന്ന, എം വി ഗോവിന്ദന് വെറും ഒരു ശതമാനം വോട്ടാണ് കിട്ടിയത്. അതായത് ഇടതുപക്ഷത്ത് പിണറായിക്ക് എതിരില്ല എന്ന് ചുരുക്കം. ഇതുതന്നെയാണ് സിപിഎം നേരിടുന്ന പ്രതിസന്ധിയും. പിണറായിക്കുശേഷം പാർട്ടിയിൽ പറയത്തക്ക രണ്ടാംനിര നേതൃത്വമില്ല.

എന്നാൽ കോൺഗ്രസിലെ സ്ഥിതി വിഭിന്നമാണ്. ശശി തരൂരിനും, വി ഡി സതീശനും, ഇടയിൽ അവരുടെ വോട്ട് ഭിന്നിച്ചുപോയതാണ്. ഈ കണക്കിലും എൽഡിഎഫിന്റെ വോട്ട് മൊത്തം 34 ശതമാനം വരുമ്പോൾ, യുഡിഎഫിന് 62 ശതമാനമുണ്ട്. എതാണ്ട് ഇരട്ടിയോളം. അതിൽ ഏറ്റവും വിസ്മയജനകം ശശി തരൂരിന്റെ ഗ്രാഫ് ആണ്. തരൂർ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് ഉറപ്പില്ലാത്ത ഈ സമയത്താണ് ഈ മാറ്റം എന്നോർക്കണം.

അതുപോലെ ഈ സർവേയിൽ എഴു ശതമാനം വോട്ട് മൊത്തത്തിൽ ബിജെപിക്ക് കാണുന്നുണ്ടെങ്കിലും, കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ആരാണെന്ന ചോദ്യത്തിന് കെ സുരേന്ദ്രന് വെറും നാല് ശതമാനം വോട്ടാണ് കിട്ടിയത്. ബിജെപി അനുഭാവികൾപോലും സുരേന്ദ്രനെ അനുകൂലിക്കുന്നില്ല എന്ന് വ്യക്തം.

സഹതാപ തരംഗമില്ല

ഉമ്മൻ ചാണ്ടി ഈ മണ്ഡലത്തിന്റെ പൊതു വികാരമാണെങ്കിലും ഒരു സഹതാപ തരംഗമില്ലെന്നും സർവേ വ്യക്തമാക്കുന്നു. വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ തന്നെയാണ്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ഏതാണെന്ന ചോദ്യത്തിന്, അഴിമതിയും വിലക്കയറ്റവും എന്നുതന്നെയാണ് 40 ശതമാനം പേർ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 22 ശതമാനം പേർ ഇത് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലായി കണക്കാക്കുമ്പോൾ, വികസനം ആണ് യഥാർത്ഥ പ്രശ്നം എന്ന് കരുതുന്നവർ 20 ശതമാനം ഉണ്ട്. ഇതിന് എല്ലാറ്റിലും താഴെയാണ്, ഉമ്മൻ ചാണ്ടി ഫാക്ടർ.

എന്നാൽ ഉമ്മൻ ചാണ്ടിയുടെ എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് മികച്ചത് എന്നാണ് 50 ശതമാനം പേരും ഉത്തരം നൽകിയത്. 34 ശതമാനം പേർ ശരാശരിയാണെന്ന് പറയുമ്പോൾ, മോശം എന്ന് പറയുന്നത്, വെറും 15 ശതമാനം മാത്രമാണ്. ഈ ഉപതെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിനും അറുപതുശതമാനം വോട്ടർമാരും ഇല്ല എന്നാണ് പ്രതികരിച്ചത്. അതുപോലെ തന്നെ മുന്നണി സ്ഥാനാർത്ഥികളിൽ വ്യക്തിപരമായി മികവുള്ളത് ചാണ്ടി ഉമ്മനാണെന്ന്, 52 ശതമാനം വോട്ടർമാരും കരുതുന്നു.

മറുനാടൻ മലയാളി സർവേയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നല്ല ഭൂരിപക്ഷത്തിന് ജയിക്കുമെന്നാണ് സൂചനകൾ ലഭിച്ചത്. ചാണ്ടി ഉമ്മന് 52 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, ഇടതുസ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് 35 ശതമാനം വോട്ടുകൾ മാത്രമാണ് സർവേ പ്രവചിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലിന് ഏഴു ശതമാനവും. മറുനാടൻ ടീം, ഓഗസ്റ്റ് 24, 45, 26 തീയതികളിലായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും നേരിട്ട് എത്തിയാണ് സർവേ നടത്തിയത്.

സർവേ സൂചികകൾ ഒറ്റനോട്ടത്തിൽ

1 കേരളത്തിൽ ഇപ്പോൾ സജീവമായ നേതാക്കളിൽ ഏറ്റവും ജനപ്രിയനായി നിങ്ങൾ കരുതുന്നത് ആരെയാണ്?

A പിണറായി വിജയൻ- 33

B വി ഡി സതീശൻ- 32

C കെ സുരേന്ദ്രൻ -4

D ശശി തരൂർ- 30

E എം വി ഗോവിന്ദൻ- 1

2 ഉമ്മൻ ചാണ്ടിയുടെ എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

A മികച്ചത് - 50

B ശരാശരി- 34

C മോശം- 15

D പ്രതികരിക്കുന്നില്ല- 1

3 മുന്നണി സ്ഥാനാർത്ഥികളിൽ വ്യക്തിപരമായി മികവുള്ളത് ആർക്കാണ്?

A ചാണ്ടി ഉമ്മൻ - 52

B ജെയ്ക്ക് സി തോമസ് - 34

C ലിജിൻ ലാൽ- 5

D പ്രതികരിക്കുന്നില്ല- 9

4 ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമായി നിങ്ങൾ കരുതുന്നത് എന്താണ്?

A വികസനം- 20

B സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ- 22

C അഴിമതിയും വിലക്കയറ്റവും- 40

D ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ- 18

5 ഈ ഉപതെരഞ്ഞെടുപ്പിൽ സഹതാപ തരംഗം ഉണ്ടെന്ന് കരുതുന്നുണ്ടോ?

A ഉണ്ട്- 37

B ഇല്ല- 60

C പ്രതികരിക്കുന്നില്ല- 3