മലപ്പുറം: ഒന്നര വയസുകാരി കളിക്കുന്നതിനിടെ സ്റ്റീല്‍ പാത്രം തലയില്‍ കുടുങ്ങി. വീട്ടുകാര്‍ വല്ലാതെ ഭയന്നുപോയെങ്കിലും അഗ്നിരക്ഷാസേന രക്ഷകരായെത്തി.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടു വീട്ടുകാരും കൂടെ കരയുന്ന അവസ്ഥയായിരുന്നു. മലപ്പുറം ഇടിമുഴിക്കല്‍ സ്വദേശികളായ ഉസ്മാന്‍, ആഷിഫ ദമ്പതികളുടെ മകള്‍ ഐസലിയുടെ തലയിലാണ് അബദ്ധത്തില്‍ സ്റ്റീല്‍ പാത്രം കുടുങ്ങിയത്.

വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. അഗ്നിരക്ഷ സേനയിലുള്ള ബന്ധു മുഖേന കുട്ടിയെ ഉടന്‍ കോഴിക്കോട് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെത്തിച്ചു. സേനാംഗങ്ങള്‍ ഒന്നരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷം തലയില്‍ നിന്നും സ്റ്റീല്‍ പാത്രം മുറിച്ചെടുത്ത് ഐസലിനെ രക്ഷപ്പെടുത്തി.

സ്റ്റേഷന്‍ ഓഫീസര്‍ എം കെ. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ് ബി സജിത് , പി എം ബിജേഷ് , റെസ്‌ക്യു ഓഫീസര്‍മാരായ പി അനൂപ് , എസ് അരുണ്‍, എന്‍ സുബാഷ്, പി ബിനീഷ് , ഫയര്‍ വുമണ്‍ മാരായ സി കെ അശ്വനി, ബി ലിന്‍സി, ഹോം ഗാര്‍ഡുമാരായ കെ ടി നിതിന്‍, കെ വേലായുധന്‍ , കെ സത്യന്‍, കെ സന്തോഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.