മലപ്പുറം: പ്രേമം നടിച്ച് പ്രലോഭിപ്പിച്ച് വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്ന വീഡിയോ റെക്കാഡ് ചെയ്തു സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച ഇരട്ട സഹോദരങ്ങള്‍ എടക്കര പോലീസിന്റെ പിടിയിലായി. കാളികാവ് അഞ്ചച്ചവിടി കാണാന്‍ചേരി വീട്ടില്‍ ഹുസൈന്‍ (21), ഹസൈനാര്‍ (21) എന്നിവരെയാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്.

ചന്തക്കുന്നില്‍ താമസിച്ച് വരുന്നതിനിടയിലാണ് പ്രതികള്‍ പരാതിക്കാരിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രേമം നടിച്ച് പ്രതികള്‍ പരാതിക്കാരിയേട് അടുത്തു. ഇതിനിടെ പ്രതികള്‍ വയനാട് ജില്ലയിലെ ചുള്ളിയോട് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. 2004 മാര്‍ച്ചില്‍ പരാതിക്കാരിയെ പ്രലോഭിപ്പിച്ച് വീഡിയോ കോള്‍ വഴി നഗ്ന വീഡിയോ പരാതിക്കാരി അറിയാതെ റെക്കോഡ് ചെയ്യുകയും ചെയ്തു.

പിന്നീട് തങ്ങളെ വിവാഹം കഴിച്ചില്ലെങ്കില്‍ നഗ്ന വീഡിയോ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടെ പരാതിക്കാരി ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറി. ഈ വൈരാഗ്യത്തില്‍ പ്രതികള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പരാതിക്കാരിയുടെ നഗ്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരി നല്‍കിയ കേസിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എടക്കര പോലീസ് ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജു, എഎസ്ഐ ഷാജഹാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരയ സാബിര്‍ അലി, അരുണ്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.