- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ്പരിവാറിനെ പരാജയപ്പെടുത്തുക, സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ വിധിയെഴുതുക; ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംഘ്പരിവാറിനെ പരാജയപ്പെടുത്തുക, സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ വിധിയെഴുതുക എന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നാം തവണ അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ തങ്ങളുടെ വംശീയ അജണ്ടകളും ജനദ്രോഹ നടപടികളും അതേ രീതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മുസ്ലിം-ക്രൈസ്തവ മത ന്യൂനപക്ഷങ്ങള്‍ക്കും ദലിത് ആദിവാസി ജനവിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിക്കുന്നു. കൂടുതല്‍ ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ പാസാക്കി എടുക്കുന്നതിനുള്ള പരിശ്രമത്തിലാണ് ബിജെപി. ശക്തമായ പ്രതിപക്ഷം രൂപപ്പെട്ടതു കൊണ്ടു മാത്രമാണ് ഇക്കാര്യത്തില്‍ അവര്‍ വേഗത കുറക്കുന്നത്.
കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് അനുകൂലമായി മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ ശക്തമായി തന്നെ തുടരുകയാണ്. ജാതി സെന്‍സസ് പോലെ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഭരണനടപടികള്‍ നിഷേധിച്ചു കൊണ്ട് ഒ.ബി.സി ദലിത് ജനവിഭാഗങ്ങളുടെ അടിസ്ഥാന അവകാശത്തെ നിരാകരിക്കുകയാണ്. കേരളം പോലെ സംഘ്പരിവാറിന് രാഷ്ട്രീയാധികാരമില്ലാത്ത സംസ്ഥാനങ്ങളോട് കടുത്ത അവഗണനയും ശത്രുതാ സമീപനവും സ്വീകരിക്കുകയാണ്. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രഹരമായി ഉപതെരഞ്ഞെടുപ്പ് ഫലം മാറണമെന്ന് റസാഖ് പാലേരി പറഞ്ഞു.
സംസ്ഥാനത്ത് തുടര്‍ ഭരണത്തില്‍ ഏകാധിപത്യ പ്രവണതയും ധാര്‍ഷ്ട്യവും ഭരണ ധൂര്‍ത്തും സംഘ്പരിവാര്‍ വിധേയ നിലപാടുകളുമാണ് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്നത്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന അപകടകരമായ സമീപനമാണ് ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിക്കുന്നത്. കേരള പോലീസിനെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാനുള്ള സാഹചര്യം സംഘ്പരിവാറിന് സര്‍ക്കാര്‍ സൃഷ്ടിച്ചു നല്കി. സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ മാസങ്ങളായി കുടിശികയാണ്.
പൊതുവിതരണ കേന്ദ്രങ്ങളില്‍ സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല. പൊതു മാര്‍ക്കറ്റില്‍ വന്‍ വിലക്കയറ്റമാണ് നിലനില്‍ക്കുന്നത് ഇത് കുറക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നില്ല. ജനങ്ങള്‍ ഉയര്‍ത്തുന്ന ന്യായമായ പ്രശ്നങ്ങളെ ജനാധിപത്യപരമായി അഭിമുഖീകരിക്കുവാനും അതിനു പരിഹാരം കണ്ടെത്തുവാനും ശ്രമിക്കുന്നതിനു പകരം ഏകപക്ഷീയമായ അടിച്ചമര്‍ത്തല്‍ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
ഇത്തരത്തില്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ തുടരുന്ന ജനദ്രോഹ നടപടികള്‍ക്കെതിരെ ജനങ്ങളുടെ ശക്തമായ തിരിച്ചടി ഉപതെരെഞ്ഞെടുപ്പിലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ. ഷഫീഖ്, ജില്ലാ ട്രഷറര്‍ മുനീബ് കാരക്കുന്ന് , ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹിംകുട്ടി മംഗലം, ആരിഫ് ചുണ്ടയില്‍ എന്നിവരും പങ്കെടുത്തു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ