- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടാര സമാന ആശ്രമത്തില്‍ നിന്ന് 60 ലേറെ എസ് യു വികളുടെ അകമ്പടിയോടെ വരവ്; സുരക്ഷയ്ക്കായി നാരായണി സേന; ആരാണ് ഭോലെ ബാബ എന്ന ആള്‍ദൈവം?
ലക്‌നൗ: യുപിയിലെ ഹാഥ്‌റസില്‍ സത്സംഗ് സംഘാടനത്തിലെ പിഴവ് മൂലം 121 പേരെ കുരുതിക്ക് കൊടുത്ത ആള്‍ദൈവം മുങ്ങിയിരിക്കുകയാണ്. നാരായണ്‍ സാഗര്‍ ഹരി, സാകര്‍ വിശ്വ ഹരി, ഭോലെ ബാബ: പേരുകള്‍ക്കൊന്നും കുറവില്ല ലക്ഷക്കണക്കിന് അനുയായികളുള്ള ഈ ആള്‍ദൈവത്തിന് ബാബയുടെ ആശ്രമമായ മെയിന്‍പുരി ജില്ലയിലെ രാംകുതിര്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ പൊലീസ് അന്വേഷിച്ചെങ്കിലും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. സംഭവം അപകടമാണോ അതോ ഗൂഢാലോചനയാണോ എന്നറിയാന്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭോലെ ബാബ പ്രാര്‍ഥനാ ചടങ്ങിന്റെ വേദി വിടുന്നതിനിടെ ഇയാളെ ദര്‍ശിക്കാനും കാലിനടിയില്‍ നിന്ന് മണ്ണ് ശേഖരിക്കാനുമുള്ള തിരക്കില്‍ അടിതെറ്റിയവര്‍ക്കുമേല്‍ ഒന്നിനുപിറകെ ഒന്നായി ആളുകള്‍ വീഴുകയായിരുന്നു
ആരാണ് ഭോലെ ബാബ?
യുപിയിലെ ഏത്ത ജില്ലയില്‍ പട്യാലിയിലെ ബഹാദൂര്‍ ഗ്രാമത്തിലാണ് ഭോലെ ബാബയുടെ ജനനം. കര്‍ഷക കുടുംബത്തില്‍ ജനിച്ച സുരാജ് പാല്‍ സിങ്ങാണ് ഭോലെ ബാബ ആയി മാറിയത്. ഭോലെ ബാബ പതിവായി പ്രഭാഷണങ്ങള്‍ നടത്തുകയും സത്സംഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. 'നരേന്‍ സാകര്‍ ഹരി' എന്ന് അഭിസംബോധന ചെയ്യുന്ന ബാബയുടെ ജനപ്രീതി വളരെ പെട്ടെന്നാണ് വളര്‍ന്നത്. വെള്ള സ്യൂട്ടും ടൈയും, ചിലപ്പോള്‍ പൈജാമയും കുര്‍ത്തയും ധരിക്കുന്ന നാരായണ്‍ സാകാര്‍ ഹരി എന്ന ഹരി ഭോലെ ബാബ മുന്‍പ് യുപി പൊലീസില്‍ 18 വര്‍ഷം ഹെഡ് കോണ്‍സ്റ്റബിളായിരുന്നു. ഐബിയിലെ മുന്‍ ഉദ്യോഗസ്ഥന്‍ എന്നാണ് ബാബ സ്വയം വിശേഷിപ്പിക്കാറുള്ളത്.
26 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി രാജി വച്ച് ആധ്യാത്മിക രംഗത്തേക്ക് ഇറങ്ങി. യുപി, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ അനുയായികളുണ്ട്. മറ്റുപല ആള്‍ദൈവങ്ങളെയും പോലെ ഭോലെ ബാബ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലും ഔദ്യോഗിക അക്കൗണ്ടില്ല. സോഷ്യല്‍ മീഡിയയുടെ സഹായമില്ലാതെ തന്നെ, ബാബയ്ക്ക് താഴെതട്ടില്‍ ആഴത്തിലുള്ള സ്വാധീനമുണ്ടെന്നാണ് അനുയായികള്‍ പറയാറുള്ളത്.
അഗിഗഢില്‍ എല്ലാ ചൊവ്വാഴ്ചയുമാണ് ബാബ സത്സംഗ് സംഘടിപ്പിക്കുക. ആയിരക്കണക്കിന് ബാബ ഭക്തര്‍ സത്‌സംഗില്‍ പങ്കെടുക്കാറുണ്ട്. ഈ കൂട്ടായ്മകളില്‍ ഭക്ഷണവും, വെളളവും അടക്കമുള്ള സൗകര്യങ്ങള്‍ വോളണ്ടിയര്‍മാര്‍ ഭക്തര്‍ക്ക് ഒരുക്കാറുണ്ട്.
ഈ 60-കാരനെ ദൈവത്തിന്റെ മറ്റൊരു രൂപമായാണ് ഉത്തരേന്ത്യക്കാര്‍ കാണുന്നത്. നാരായണ്‍ സാഗര്‍ ഹരി എന്ന പുതിയ പേര് സ്വീകരിച്ച ബാബ ദൈവം നീ തന്നെയാണെന്ന് വിശ്വാസികളോട് വിളിച്ചുപറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് നാരായണ്‍ സാഗര്‍ ഹരിക്ക് ആരാധകരേറെയുള്ളത്. മിക്ക സത്സംഗുകളിലും ബാബയ്‌ക്കൊപ്പം ഭാര്യ പ്രേം ഭാട്ടിയും എത്താറുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും അടക്കം അസംഖ്യം അനുയായികളുള്ള ഭോലെ ബാബയെ കസ്ഗഞ്ചിലെ പട്യാലിയിലെ തന്റെ ആശ്രമത്തില്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്.
അടിപൊളി ജീവിതം
ജാതവ് സമുദായത്തില്‍ പെടുത്ത ഭോലെ ബാബയ്ക്ക് പട്ടിക ജാതി പട്ടിക വര്‍ഗ, ഒബിസി വിഭാഗങ്ങളില്‍ ശക്തമായ സ്വാധീനമുണ്ട്. മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരും അനുയായി പട്ടികയില്‍ ഉള്‍പ്പെടുന്നു. നൂറ് കണക്കിന് ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന കൊട്ടാരസമാനമായ ആശ്രമത്തിലാണ് ബാബയുടെ ജീവിതം. നിരവധി വാഹനങ്ങളുടെ അകമ്പടിയിലാണ് ഭോലെ ബാബ യോഗങ്ങള്‍ക്ക് എത്താറുള്ളത്. തന്റെ സുരക്ഷക്കായി നാരായണിസേന എന്ന പേരില്‍ ഒരു സേന തന്നെയുണ്ട് ഈ ആള്‍ദൈവത്തിന്.
വിവാദങ്ങള്‍ പുത്തരിയല്ല
ഇതാദ്യമല്ല, ഭോലെ ബാബ വിവാദത്തില്‍ പെടുന്നത്. ആത്മീയ പരിപാടികള്‍ മാത്രമല്ല, വിവാഹങ്ങളും ആശ്രമത്തില്‍ നടത്തിക്കൊടുക്കാറുണ്ട്. കോവിഡ് കാലത്ത് 50 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുള്ള പ്രാര്‍ഥനാ യോഗത്തില്‍ 50,000 പേരെ പങ്കെടുപ്പിച്ചതിന് ബാബയ്ക്കെതിരെ കേസെടുത്തതോടെയാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അനധികൃതമായ ഭൂമി പിടിച്ചെടുത്തുവെന്ന ആരോപണങ്ങളും ഭോലെ ബാബയ്ക്ക് എതിരെയുണ്ട്. കാണ്‍പൂരിലെ കര്‍സുയി ഗ്രാമത്തില്‍ നിരവധി ഏക്കറുകള്‍ ബാബയുടെ കീഴിലുള്ള സ്ഥാപനം അനധികൃതമായി കൈക്കലാക്കിയെന്നും ആരോപണങ്ങള്‍ ഉണ്ട്. ജൂലൈ 2 ലെ ഹാഥ്‌റസ് സത്സംഗിന് ശേഷം ജൂലൈ നാല് മുതല്‍ 11 വരെ ആഗ്രയില്‍ മറ്റൊരു സത്സംഗും നിശ്ചയിച്ചിരുന്നു. ഹാഥ്‌റസില്‍ ഭോലെ ബാബ 60 ലേറെ എസ് യു വികളുടെ അകമ്പടിയോടെയാണ് എത്തിയത്. അപകടത്തിന് പിന്നൊ സേവാദാറുമാരുടെ സഹായത്തോടെ ബാബ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇപ്പോള്‍ പൊലീസ് പിന്നാലെയുണ്ട്.
എഫ്‌ഐആറില്‍ പേരില്ല
കൂട്ടക്കുരുതിക്ക് സംഘാടകര്‍ക്ക് എതിരെ എഫ്‌ഐആര്‍ ഇട്ടെങ്കിലും ബാബയുടെയോ ആശ്രമത്തിന്റെയോ പേര് എഫ്‌ഐആറില്‍ ഇല്ല. പരാതിയില്‍ ബാബയുടെ പേര് പരാമര്‍ശിക്കുന്നുണ്ട് താനും. അതാണ് ബാബയുടെ കളി