ലിസ്‌ബൺ: പോർച്ചുഗലിൽ എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. സ്പാനിഷ് പൗരനായ പൈലറ്റാണ് മരിച്ചത്.അപകടത്തിൽ രണ്ടാമത്തെ വിമാനത്തിലെ പോർച്ചുഗീസ് പൗരത്വമുള്ള പൈലറ്റിന് നിസാര പരിക്കേറ്റു. തെക്കൻ പോർച്ചുഗലിൽ പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവം.

എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽപ്പെടുകയായിരുന്നു. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. രണ്ടാമത്തെ വിമാനത്തിന് കൃത്യമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞു.

അപകടത്തെ അപലപിച്ച പോർച്ചുഗൽ പ്രതിരോധ മന്ത്രി നുനോ മെലോ അപകടത്തിന്റെ വ്യക്തമായ കാരണം അന്വേഷിക്കുമെന്നു അറിയിച്ചു. അപകടത്തെ തുടർന്ന് ബെജ വിമാനത്താവളത്തിലെ ഷോ താൽക്കാലികമായി നിർത്തിവെച്ചെന്ന് വ്യോമസേന അറിയിച്ചു.

സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാൾ ചിത്രീകരിച്ച വിഡിയോ പുറത്തുവന്നു. ആറ് വിമാനങ്ങൾ പറന്നുയരുന്നത് ദൃശ്യത്തിൽ കാണാം. അവയിലൊന്ന് മറ്റൊന്നിൽ ഇടിക്കുകയും താഴെ വീഴുകയുമായിരുന്നു.