ഇസ്ലാമബാദ്: മുൻ പ്രധാനമന്ത്രിയും തെഹ്രീക് എ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാന്റെ കാലിൽ നിന്നും വെടിയുണ്ട നീക്കം ചെയ്തു. എന്നാൽ വെടിയുണ്ടയേറ്റ് കാലിലെ എല്ലിന് പൊട്ടലുണ്ടെന്നും എങ്കിലും പരിക്ക് ഗുരുതരമല്ലെന്നും ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിന്റെ ശാരീരിക പ്രശ്‌നങ്ങൾ നിയന്ത്രണ വിധേയമാണെന്നും അറിയിപ്പിൽ പറയുന്നു. എങ്കിലും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

ഇമ്രാൻ ഖാന്റെ ബ്ലഡ് പ്രഷർ നിയന്ത്രണ വിധേയമാണെന്നും ഡോ ഹൈസൽ സുൽത്താൻ അറിയിച്ചു. ഡോ. ഫൈസൽ സുൽത്താന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇമ്രാൻ ഖാന്റെ ചികിത്സ നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രിയുടെ മുൻ സ്‌പെഷ്യൽ അസിസ്റ്റന്റായിരുന്നു ഡോ.ഫൈസൽ സുൽത്താൻ.

ഇതിനിടെ ഇമ്രാൻ ഖാന് വെടിയേറ്റതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ പ്രാർത്ഥനകൾ ആരംഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുന്നതിനായാണ് പ്രാർത്ഥനകൾ നടക്കുന്നത്. അതോടൊപ്പം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങളും രൂപപ്പെട്ടു. ഇമ്രാൻ ഖാനെ ചികിത്സിക്കുന്ന ആശുപത്രിയിൽ അദ്ദേഹത്തിന്റെ അനുയായികളെ നിയന്ത്രിക്കാൻ സെക്യൂരിറ്റി ജീവനക്കാർ പാടുപെടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇമ്രാൻ ഖാന്റെ തെഹ്‌രിക്-ഇ-ഇൻസാഫ് പാർട്ടി കഴിഞ്ഞ വെള്ളിയാഴ്ച ലോഹോറിൽ നിന്ന് 'ഹഖിഖി ആസാദി' മാർച്ച് ആരംഭിച്ചത്. മാർച്ചിന്റെ തുടക്കം മുതൽ പ്രശ്‌നങ്ങളായിരുന്നു.

കഴിഞ്ഞ 30 -ാം തിയതി ഇമ്രാൻ ഖാൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നും അഭിമുഖം നടത്തുന്നതിനിടെ ചാനൽ 5 വിന്റെ റിപ്പോർട്ടർ സദഫ് നയിം താഴെ വീണ് വാഹനത്തിന് അടിയിൽപ്പട്ട് മരിച്ചിരുന്നു. ഇതേ തുടർന്ന് ലോംഗ് മാർച്ച് ഒരു ദിവസം നിർത്തി വച്ച ശേഷം പുനരാരംഭിച്ചതിന് പിന്നാലെയാണ് ഇമ്രാൻ ഖാന് വെടിയേറ്റത്. വെടിവയ്‌പ്പിൽ രണ്ട് പേർക്ക് പങ്കാളിത്തമുണ്ടെന്നും ഇതിൽ ഒരാളെ കീഴ്‌പ്പെടുത്തിയപ്പോൾ മറ്റേയാൾ ആളുകൾക്കൂട്ടത്തിൽ രക്ഷപ്പെട്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ലോങ്ങ് മാർച്ചിൽ പങ്കെടുക്കവെ അദ്ദേഹത്തിന്റെ കാലിനാണ് വെടിയെറ്ററ്. വൈകാതെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ആർക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉൾപ്പെടെ ഭരണപക്ഷ നേതാക്കളും സൈന്യവും ആക്രമണത്തിൽ അപലപിച്ച് രംഗത്തുവന്നിരുന്നു. എന്നാൽ, ആക്രമണത്തിന്റെ പശ്ചാതലത്തിൽ ഇമ്രാൻ മൂന്ന് പേരെയാണ് സംശയത്തിന്റെ നിഴലിൽ നിർത്തിയിരിക്കുന്നത്. നിലവിലെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, റാണാ സനാഹുള്ള, മേജർ ജനറൽ ഫൈസൽ എന്നിവരാണ് തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നിൽ എന്നാണ് ഇമ്രാന്റെ ആരോപണം.

അതിനുപുറമെ, പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്, മറിയം നവാസ്, വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ തുടങ്ങിയവരെ ആക്രമണത്തെ അപലപിച്ചു രംഗത്തുവന്നു.

അതേസമയം, റാലികൾക്കും ആക്രമണസംഭവങ്ങൾക്കും പിന്നാലെ ഇമ്രാൻ ഖാന്റെ ജനപിന്തുണയും വർദ്ധിച്ചിട്ടുണ്ടെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി പദത്തിൽ നിന്നും പടിയിറങ്ങിയ ശേഷം ഇമ്രാൻ ഖാൻ നടത്തിയ പ്രക്ഷോഭങ്ങളും റാലികളും ശ്രദ്ധേയമായിരുന്നു. വലിയ ജനപങ്കാളിത്തവുമായിരുന്നു ഉണ്ടായിരുന്നത്. ഈ ജനകീയ പ്രക്ഷോഭങ്ങൾ ഇമ്രാന് കൂടുതൽ ജനപ്രീതി ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.