ധാക്ക: ബംഗ്ലാദേശിൽ വീശിയടിച്ച സിട്രാങ് ചുഴലിക്കാറ്റിൽ വ്യാപക നാശം. മരണസംഖ്യ 35 ആയി. ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെയാണ് മരിച്ചത്. തലസ്ഥാനമായ ധാക്ക, നാഗൽകോട്ട്, ചാർഫെസൺ, ലോഹഗര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. കോക്സ് ബസാർ തീരത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 576 ക്യാംപുകളിലായി ഏകദേശം 28,000 ആളുകളെയാണ് ഇതുവരെ പ്രവേശിപ്പിച്ചത്.

തീരപ്രദേശത്തെ ജില്ലകളിൽ ഒരു കോടി ജനങ്ങൾക്ക് വൈദ്യുതി തടസ്സപ്പെട്ടു. വൈകുന്നേരം ആറു വരെയുള്ള കണക്ക് അനുസരിച്ച് 16 ജില്ലകളിൽനിന്നായി 35 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം, 16 മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റുള്ളവരെ കാണാതെപോയവർ എന്ന പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. 6000 ഹെക്ടർ കൃഷിഭൂമിയും 1000 ചെമ്മീൻ ഫാമുകളും നശിച്ചു. 10,000ൽ അധികം വീടുകളും തകർന്നു.



അടിയന്തര സാഹചര്യം നേരിടാൻ 104 മെഡിക്കൽ സംഘങ്ങൾ സജ്ജമാണെന്നു കോക്സ് ബസാർ ഡപ്യൂട്ടി കമ്മിഷണർ അറിയിച്ചു. 323 ടൺ അരി, 1198 പായ്ക്കറ്റ് ഡ്രൈ ഫുഡ്, 350 കാർട്ടൺ ഡ്രൈ കേക്കുകൾ, 400 കാർട്ടൺ ബിസ്‌ക്കറ്റുകൾ എന്നിവ സംഭരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചുഴിലക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദം ആയിട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയക്ക് സാധ്യതയുണ്ട്. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബർ 26 വരെ ഹൈലകണ്ടി, കരിംഗഞ്ച്, കച്ചാർ, ദിമ ഹസാവോ, ഈസ്റ്റ്, വെസ്റ്റ് കർബി ആംഗ്ലോങ്, മോറിഗാവ്, നാഗോൺ, കാംരൂപ് മെട്രോ, കാംരൂപ്, ഗോൾപാറ, ഗോലാഘട്ട്, ജോർഹട്ട്, സിബ്സാഗർ ജില്ലകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവാസ്ഥാ വകുപ്പ് അറിയിച്ചു. ആയിരക്കണക്കിനു നാട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ബംഗാൾ, അസം, മിസോറം, മണിപ്പൂർ, നാഗാലാൻഡ് എന്നിവടങ്ങളിലും കനത്ത ജാഗ്രതയാണ്.